Saturday, October 22, 2011

വിദേശനയത്തില്‍ ഭാരതത്തിന്റെ ധര്‍മ്മസങ്കടം

വളരെ വൈകിയാണെങ്കിലും പെട്ടെന്നിതാ മൂന്നുപ്രശ്നങ്ങള്‍ പരസ്യപ്പെട്ടിരിക്കുന്നു: യു.എസ്.-പാക്കിസ്ഥാന്‍ ബന്ധം; യു.എസ്.-ഇന്ത്യ ബന്ധം, ചൈന-ഇന്ത്യ ബന്ധം. ഈ മൂന്നും പരസ്പരം ബന്ധമുള്ളവയും വേര്‍പിരിക്കാന്‍ എളുപ്പമല്ലാത്തവയുമാണ്.യു.എസ്.-പാക്കിസ്ഥാന്‍ ബന്ധത്തിന്റെ കാര്യമെടുക്കാം. ഹക്ക്വാനി നെറ്റ്വര്‍ക്കിന്റെ പേരിലുള്ള യു.എസ്-പാക് വിരോധം വളരെ പഴയതാണ്. കാബൂളിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിനെതിരെ പ്രസ്തുത നെറ്റ്വര്‍ക്ക് തിരിഞ്ഞതുമുതല്‍ അമേരിക്കന്‍ നയരൂപീകരണ വൃത്തം പാക്കിസ്ഥാനെതിരെ തിരിഞ്ഞിരുന്നു. ഇക്കാലമത്രയും-ആരെല്ലാം എന്തെല്ലാം പറഞ്ഞാലും-അമേരിക്ക പാക്കിസ്ഥാനെ സ്വന്തം ആജ്ഞാനുവര്‍ത്തിയായാണ് കണ്ടുപോന്നത്. 

ശീതസമരരാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് സഹായിയായിവര്‍ത്തിക്കുന്ന രാജ്യം എന്ന നിലക്കാണ് അമേരിക്ക പാക്കിസ്ഥാനെ പരിഗണിച്ചത്. ആ രാജ്യം നല്‍കുന്ന സഹായങ്ങളില്‍ മാത്രം കണ്ണുവെച്ച പാക്കിസ്ഥാന്‍ അതെല്ലാം തങ്ങള്‍ ശത്രുവായി കരുതുന്ന ഇന്ത്യക്കെതിരെ പ്രയോഗിക്കാമല്ലോ എന്ന ധാരണയോടെ ആശ്രിതരാജ്യമെന്ന നില അംഗീകരിക്കുകയായിരുന്നു. എന്നാല്‍ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് അമേരിക്ക മനസ്സിലാക്കാതിരുന്നില്ല. സ്വന്തം കാര്യം നിര്‍വ്വഹിക്കപ്പെടുമെന്ന കാരണത്താല്‍ പാക്കിസ്ഥാന്‍ അമേരിക്കയ്ക്ക് വഴങ്ങിപ്പോന്നു. പക്ഷെ ഭീകരതയെ അമര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ പാക്കിസ്ഥാന് സ്വമനസ്സാലെ നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത പലതും ചെയ്യുവാന്‍ വാഷിങ്ടണ്‍ ആവശ്യപ്പെടുന്ന ഘട്ടം വന്നപ്പോള്‍ സ്ഥിതി മാറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യു.എസ്-പാക് ബന്ധത്തില്‍ വിള്ളലുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. അമേരിക്കയുടെ ഭാഗത്തു നിന്നുമുള്ള ആജ്ഞകള്‍ അനുസരിക്കാന്‍ മേലില്‍ സാദ്ധ്യമല്ലെന്ന് പാക് പ്രധാനമന്ത്രി സയ്യിദ് യൂസഫ് റാസ ഗിലാനി പറഞ്ഞതോടെ പ്രതീക്ഷിച്ചത് സംഭവിച്ചു എന്നു പറയാം. 

അമേരിക്കന്‍സേന, തങ്ങളുടെ ഗോത്രവര്‍ഗ്ഗ പ്രദേശത്ത് ആക്രമണത്തിനു തുനിഞ്ഞാല്‍ തങ്ങള്‍ തിരിച്ചടിക്കാന്‍ നിര്‍ബ്ബന്ധിതരാകുമെന്ന് സി.ഐ.എ.യോട് ഐ.എസ്.ഐ. വ്യക്തമാക്കുകയുമുണ്ടായി. 2007ല്‍ ഒരിക്കല്‍ അമേരിക്കന്‍ സേനയെ പാക്സൈന്യം ആക്രമിച്ചിരുന്നതാണ്. ആ വാര്‍ത്ത രഹസ്യമാക്കി വെയ്ക്കപ്പെടുകയായിരുന്നു. ഇപ്പോള്‍ അമേരിക്കയുടെ മുന്നില്‍ മൂന്ന് ഉപായങ്ങളാണുള്ളത്. ഒന്ന്, പാക്കിസ്ഥാനോടുള്ള സമീപനം മൃദുവാക്കുകയും ഭീകരതക്കെതിരായ അവരുടെ സമീപനത്തെ തന്ത്രപൂര്‍വ്വം സ്വാധീനിക്കുകയും ചെയ്യുക എന്നതാണ്. രണ്ടാമത്തെ മാര്‍ഗ്ഗം പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥനകള്‍ അവഗണിച്ച് ആ രാജ്യത്തെ വിരോധിയായി കണക്കാക്കലാണ്. പാക്കിസ്ഥാന് നല്‍കിവരുന്ന സൈനികവും സാമ്പത്തികവും മറ്റുമായ എല്ലാ സഹായങ്ങളും അവസാനിപ്പിച്ച് ആ രാജ്യത്തെ തകരുവാന്‍ അനുവദിക്കുക എന്നതാണ് മൂന്നാമത്തെ മാര്‍ഗ്ഗം. 

ഈ അവസാനം പറഞ്ഞത് ചൈനയുടെ താല്‍പര്യങ്ങളിലും പെടുമായിരിക്കാം. പരമാധികാരവും സുരക്ഷിതത്വവും പാലിക്കുവാനുള്ള പാക്കിസ്ഥാന്റെ ആഗ്രഹത്തിന് ബീജിങ്ങ് പിന്തുണ നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞതില്‍ നിന്ന് അത് വായിച്ചെടുക്കാം. ചൈനീസ് പൊതുസുരക്ഷാവകുപ്പ് മന്ത്രി മെങ്ജിയാന്‍സിയാണ് കഴിഞ്ഞ സെപ്തംബറില്‍ പാക്കിസ്ഥാനെ ചൈനയുടെ ഈ നിലപാട് അറിയിച്ചത്. "നിങ്ങളുടെ ശത്രുക്കള്‍ ഞങ്ങളുടെയും ശത്രുക്കളും നിങ്ങളുടെ മിത്രങ്ങള്‍ ഞങ്ങളുടെയും മിത്രങ്ങളും നിങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെയും സുരക്ഷിതത്വവുമാണ് എന്നു പറഞ്ഞുകൊണ്ടാണ് മെങിന്റെ പ്രസ്താവനയെ പാക്ക് പ്രധാനമന്ത്രി ഗിലാനി സ്വാഗതം ചെയ്തത്. ഇതില്‍ വാഷിങ്ടണ്‍ സന്തോഷിക്കുമെന്ന് ആരും കരുതുകയില്ല. ഇന്ത്യയ്ക്കും സന്തോഷമുണ്ടാവുകയില്ല. ഈ അടുത്ത കാലത്തുമാത്രമാണ് മൂന്നുവര്‍ഷംകൊണ്ട് ഉഭയതല വ്യാപാരം 2.7 ബില്യണ്‍ ഡോളറില്‍ നിന്നും 6 ബില്യണ്‍ ഡോളറാക്കി വര്‍ദ്ധിപ്പിക്കുന്നതിന് സംയുക്തമായി ശ്രമിക്കുവാന്‍ നിശ്ചയിച്ചത്. 

പക്ഷെ പലപ്പോഴും പലതും മാറ്റിമാറ്റിപ്പറയുന്നതാണ് അയല്‍രാജ്യത്തിന്റെ സ്വഭാവമെങ്കില്‍ ഇന്ത്യ എന്തുചെയ്യും? പാക്കിസ്ഥാനിലെ ബിസിനസ്സ് ലോകത്തിന് ഇന്ത്യയുമായി അടുത്തബന്ധം പുലര്‍ത്തുവാന്‍ ആഗ്രഹമുള്ളതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ പാക്കിസ്ഥാനികള്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുവാനും ആഗ്രഹിക്കുന്നുവത്രെ. "ഇന്ത്യ-പാക് ബന്ധങ്ങളില്‍ ഒരു പുതിയ ശുഭാപ്തി വിശ്വാസമുണ്ടായിട്ടുണ്ട് എന്ന് എഫ്.ഐ.സി.സി.ഐ സെക്രട്ടറി ജനറല്‍ രാജീവ്കുമാര്‍ പറഞ്ഞത് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്മാത്രമാണ്. ജമ്മു-കാശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരക്യാമ്പുകള്‍ ഊര്‍ജ്ജിതമായിട്ടുണ്ടെന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കടക്കാന്‍ പുതിയ തീവ്രവാദസംഘങ്ങള്‍ കാത്തിരിപ്പു തുടങ്ങിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പ്രസ്താവിച്ചതും ശ്രദ്ധേയമാണ്. പാക്കിസ്ഥാനില്‍ അധികാരത്തിലുള്ളത് ആരാണെന്ന് ഇതെല്ലാം കേള്‍ക്കുമ്പോള്‍ സംശയം തോന്നും. പടിഞ്ഞാറേ അയല്‍രാജ്യവുമായി നല്ലബന്ധം പുലര്‍ത്തുവാന്‍ സാദ്ധ്യമായതെല്ലാം ചെയ്യാമെന്ന് സന്മനസ്സോടെ കരുതുമ്പോഴും, യാഥാര്‍ത്ഥ്യം ആവശ്യപ്പെടുന്നത് പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി നീക്കത്തെ കരുതിയിരിക്കുവാനാണ്. 

പാക്കിസ്ഥാന്റെയും അമേരിക്കയുടെയും തന്ത്രപരമായ താല്‍പര്യങ്ങള്‍ ചില കാര്യങ്ങളില്‍ യോജിക്കുന്നില്ല എന്ന് അഭിപ്രായപ്പെട്ട അമേരിക്കന്‍ വിദേശകാര്യസമിതി ചെയര്‍മാന്‍ സ്റ്റീവ് ചാബോട്ട് ഉപോല്‍ബലകമായി ചൂണ്ടിക്കാട്ടിയത്, ലഷ്കര്‍-ഇ-തൊയ്ബ പോലെയുള്ള ഭീകരവിഭാഗങ്ങളെ ഇന്ത്യക്കെതിരായി ഉപയോഗപ്പെടുത്താവുന്ന ശക്തികളായാണ് പാക്കിസ്ഥാനി ഐ.എസ്.ഐ പരിഗണിച്ചു പോരുന്നത് എന്നതാണ്. ഇന്ത്യക്കെതിരായി ഭീകരവിഭാഗങ്ങളെ സഹായിച്ചുകൊണ്ട് പാക്കിസ്ഥാന്‍ തെറ്റുചെയ്യു കയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി ഹില്ലാരിക്ളിന്റണും അഭിപ്രായപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിലും, ചൈനയുമായി പാക്കിസ്ഥാന്‍ പുലര്‍ത്തുവാനാഗ്രഹിക്കുന്ന അടുപ്പത്തി ന്റെ പശ്ചാത്തലത്തിലും നമ്മള്‍ ആ രാജ്യത്തെ എങ്ങിനെ വിശ്വസിക്കും? ചൈന ഒരു ഫ്യൂഡല്‍ മാടമ്പിയുടെ ഭാവമാണ് പുലര്‍ത്തുന്നത്. ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങളുടെയെല്ലാം വലിയേട്ടനാവാനാണ് ആ രാജ്യത്തിന് മോഹം. ലോകത്തിന്റെ കേന്ദ്രം ചൈനയാണെന്ന് തലകുലുക്കി സമ്മതിക്കുന്നവരുടെ സ്വാതന്ത്യ്രത്തെ മാത്രം സഹിഷ്ണുതയോടെ കാണുവാനേ ചൈന ക്ക് ഉള്‍പ്രേരണയുണ്ടാവുകയുള്ളൂ. എന്‍.എസ്.ജി. (ന്യൂക്ളിയര്‍ സപ്ളൈ ഗ്രൂപ്പ്)യില്‍ ഇന്ത്യയെ തുരങ്കം വെക്കുവാന്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ് ചൈന. ഇന്ത്യന്‍ പാര്‍ലിമെന്റ് ആക്രമണത്തിന്റെ സൂത്രധാരന്മാരായ ജെയ്ഷ-ഇ-മുഹമ്മദിനെതിരായ അന്താരാഷ്ട്ര ശ്രമങ്ങളെ സ്തംഭിപ്പിക്കുവാനും പാക്കിസ്ഥാനോട് ചേര്‍ന്ന് ആ രാജ്യം ശ്രമിക്കുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ചൈനയുമായി സൌഹൃദബന്ധം പുലര്‍ത്തുവാന്‍ ഇ ന്ത്യക്കെങ്ങിനെ സാധിക്കും?

പാക്കിസ്ഥാന്റെ ഭൂമിയില്‍ ഇന്ത്യക്ക് യാതൊരു താല്‍പ്പര്യവുമില്ല. പ്രകോപിപ്പിക്കപ്പെട്ടാലല്ലാതെ ആക്രമണത്തിന് ഇന്ത്യ തയ്യാറുമല്ല. അമേരിക്കയോ ചൈനയോ ഒരിക്കലും പാക്കിസ്ഥാന്റെ നല്ല സുഹൃത്തുക്കളായിരിക്കുകയില്ലെന്ന് പാക്കിസ്ഥാന്‍ മനസ്സിലാക്കാത്തതാണ് കഷ്ടം. സ്വന്തം താല്‍പര്യങ്ങള്‍ക്ക് പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തുവാന്‍ മാത്രമാണ് ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യം. പാക്കിസ്ഥാന്‍ ഇന്ത്യയുമായി നല്ല ബന്ധത്തിലായാല്‍ ദക്ഷിണ ഏഷ്യ ഏറ്റവും ശക്തിയാര്‍ജ്ജിക്കും. അങ്ങിനെയായാല്‍ അമേരിക്കയോടും യൂറോപ്യന്‍ യൂണിയനോടും ചൈനയോടും കിടപിടിക്കാന്‍ ഈ മേഖലാസമുച്ചയശക്തിക്കാവും. തല്‍ക്കാലം പാക്കിസ്ഥാനിലെ സാഹചര്യം ഇന്ത്യ ഉപയോഗപ്പെടുത്താതിരിക്കുന്നതാവും ബുദ്ധി. അമേരിക്കയെ അകറ്റി നിര്‍ത്താനും ഇന്ത്യ ശ്രമിക്കേണ്ടതില്ല. അതാവും നമുക്കും ലോകത്തിനു തന്നെയും നല്ലത്. പാക്കിസ്ഥാനിലെ നയരൂപീകരണ വിദഗ്ദ്ധന്മാര്‍ വൈകിയാണെങ്കിലും യാഥാര്‍ത്ഥ്യബോധം നേടുമെന്ന് നമുക്ക് പ്രത്യാശിക്കാം. പക്ഷെ വെറുപ്പിന്റെ പാതയില്‍ മാത്രം സഞ്ചരിച്ചു ശീലിച്ച പാക് സൈന്യത്തെ കാര്യം ബോദ്ധ്യപ്പെടുത്തുവാന്‍ ആര്‍ക്കാണ് കഴിയുക? 

എം വി കാമത്ത് - കേസരി .

3 comments:

വായുജിത് said...

പാക്കിസ്ഥാന്റെ ഭൂമിയില്‍ ഇന്ത്യക്ക് യാതൊരു താല്‍പ്പര്യവുമില്ല. പ്രകോപിപ്പിക്കപ്പെട്ടാലല്ലാതെ ആക്രമണത്തിന് ഇന്ത്യ തയ്യാറുമല്ല. അമേരിക്കയോ ചൈനയോ ഒരിക്കലും പാക്കിസ്ഥാന്റെ നല്ല സുഹൃത്തുക്കളായിരിക്കുകയില്ലെന്ന് പാക്കിസ്ഥാന്‍ മനസ്സിലാക്കാത്തതാണ് കഷ്ടം. സ്വന്തം താല്‍പര്യങ്ങള്‍ക്ക് പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തുവാന്‍ മാത്രമാണ് ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യം. പാക്കിസ്ഥാന്‍ ഇന്ത്യയുമായി നല്ല ബന്ധത്തിലായാല്‍ ദക്ഷിണ ഏഷ്യ ഏറ്റവും ശക്തിയാര്‍ജ്ജിക്കും. അങ്ങിനെയായാല്‍ അമേരിക്കയോടും യൂറോപ്യന്‍ യൂണിയനോടും ചൈനയോടും കിടപിടിക്കാന്‍ ഈ മേഖലാസമുച്ചയശക്തിക്കാവും. തല്‍ക്കാലം പാക്കിസ്ഥാനിലെ സാഹചര്യം ഇന്ത്യ ഉപയോഗപ്പെടുത്താതിരിക്കുന്നതാവും ബുദ്ധി. അമേരിക്കയെ അകറ്റി നിര്‍ത്താനും ഇന്ത്യ ശ്രമിക്കേണ്ടതില്ല. അതാവും നമുക്കും ലോകത്തിനു തന്നെയും നല്ലത്. പാക്കിസ്ഥാനിലെ നയരൂപീകരണ വിദഗ്ദ്ധന്മാര്‍ വൈകിയാണെങ്കിലും യാഥാര്‍ത്ഥ്യബോധം നേടുമെന്ന് നമുക്ക് പ്രത്യാശിക്കാം. പക്ഷെ വെറുപ്പിന്റെ പാതയില്‍ മാത്രം സഞ്ചരിച്ചു ശീലിച്ച പാക് സൈന്യത്തെ കാര്യം ബോദ്ധ്യപ്പെടുത്തുവാന്‍ ആര്‍ക്കാണ് കഴിയുക?

[[::ധനകൃതി::]] said...

enganeya chetta ee kamathinte wordings copy paste cheythathu ,.,.,ghan copy paste cheyyumpoo font sariyayi vararilla ,..,ghan athu kesari editor Mr nandan ji yodu parayukayum chythirunnuu,.,.pls for me too that technik..

Unknown said...

ഫയര്‍ ഫോക്സില്‍ പദ്മ എന്ന ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക .. അതിനു ശേഷം കേസരിയിലെ ലേഖനം സെലക്റ്റ് ചെയ്ത് റൈറ്റ്ബട്ടണ്‍ ക്ലിക്ക് ചെയ്ത് പദ്മ വഴി യൂണികോഡിലേക്ക് ട്രാന്‍സ്ഫോം ചെയ്യുക .. അപ്പോള്‍ അക്ഷരങ്ങള്‍ യൂണികോഡില്‍ ആകും .. പിന്നീട് കോപ്പി ചെയ്യാനാകുന്നതാണ്...