Monday, February 23, 2009

മലബാര്‍ കലാപം - തമസ്കരിക്കപ്പെട്ട സത്യങ്ങള്‍

1921 ഇല്‍ ഏറനാടു വള്ളുവനാടു പ്രദേശങ്ങളില്‍ ഖിലാഫത്തിന്റെ പേരില്‍ നടന്ന കലാപം ഒരു കൂട്ടര്‍ക്ക് സ്വാതന്ത്ര്യ സമരവും മറ്റൊരു കൂട്ടര്‍ക്കു കാര്‍ഷിക കലാപവും ആയപ്പോള്‍ തമസ്കരിക്കപ്പെട്ടത് കലാപത്തിന്റെ പേരില്‍ ജീവനും മതവും നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ വേദനകളാണ്. ലഹളക്കാലത്ത് കലാപകാരികളുടെ കയ്യില്‍ പെടാതെ ഹിന്ദു സമൂഹത്തെ കണ്ണിലെ ക്രിഷ്ണമണി പോലെ കാത്തു സൂക്ഷിച്ച മുസ്ലിം സഹോദരന്മാര്‍ മറക്കപ്പെട്ടവരും അറുകൊല നടത്തിയവര്‍ പില്‍ക്കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളും ആയതോടെ മലബാര്‍ കലാപം വളച്ചൊടിക്കപ്പെട്ട ചരിത്രങ്ങളില്‍ പുതിയ അദ്ധ്യായം ആയി മാറുകയായിരുന്നു.


മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമോ ??

ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തണമെങ്കില്‍ മലബാര്‍ കലാപത്തിനു കാരണമായ ഖിലാഫത്ത് പ്രസ്ഥാനത്തെ പറ്റി ചിന്തിക്കേണ്ടി വരും. ഒന്നാം ലോക മഹായുദ്ധത്തിലെ വിജയത്തിനു ശേഷം സഖ്യ കക്ഷികള്‍ വിശേഷിച്ചും ബ്രിട്ടന്‍ തുര്‍ക്കിയില്‍ നടത്തിയ ഇടപെടലുകള്‍ ആണു ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിനു ഉപോദ്ബലകം ആയത്. തുര്‍ക്കിയിലെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയ ബ്രിട്ടീഷ് സാമ്രാജ്യം മറ്റ് അറബ് പ്രവിശ്യകള്‍ സഖ്യ കക്ഷികള്‍ക്ക് പങ്കിട്ടു കൊടുക്കുകയും ചെയ്തു .സ്വാഭാവികമായും ബ്രിട്ടനോടു മുഹമ്മദീയര്‍ക്കു വിദ്വേഷമുണ്ടാകാന്‍ ഈ നടപടി കാരണമാകുകയും ചെയ്തു.