Friday, November 26, 2010

മുംബൈ ആക്രമണം :- ദേശദ്രോഹ സിദ്ധാന്തങ്ങളും രാഷ്ട്രീയവും

ഭാരതത്തിന്റെ പരമാധികാരത്തിനു നേരെ വെല്ലുവിളികളുയര്‍ത്തിയ ഭീകരാക്രമണത്തിനു ഇന്നേക്കു രണ്ടു വയസ്സു തികയുകയാണ് . സ്വാതന്ത്ര്യത്തിനു ശേഷം ആന്തരികമായും ബാഹ്യമായും ഒട്ടനവധി പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നുവെങ്കിലും അതില്‍ നിന്നെല്ലാം കൂടുതല്‍ കരുത്തും നിശ്ചയദാര്‍ഢ്യവുമുള്‍ക്കൊണ്ട് ഉയിര്‍ത്തേഴുന്നേല്‍ക്കല്‍ രാഷ്ടസ്വഭാവമായിരുന്നുവെന്നതില്‍ സംശയമില്ല. എങ്കിലും സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റിവരുമെന്നുള്ള ചൊല്ലുകളെ അര്‍ത്ഥവത്താക്കുന്ന വിധത്തിലായിരുന്നു മുംബൈ ആക്രമണത്തെക്കുറിച്ച്  കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യത്തിന്റെ പല കോണുകളില്‍ നിന്നുയര്‍ന്ന പ്രതികരണങ്ങള്‍. ഒരു അന്തര്‍ദ്ദേശീയ പ്രശ്നമായി മാറിയ സംഭവത്തില്‍ സ്വന്തം രാഷ്ട്രത്തിന്റെ നിലപാടെന്തായിരുന്നുവെന്നോ , അതിന്റെ അടിസ്ഥാനമെന്തെന്നോ അല്ലെങ്കില്‍ അതിനു അധാരമാക്കിയ തെളിവുകളെന്തെന്നോ അറിയാന്‍ ശ്രമിക്കാതെ  , അഥവാ ശ്രമിച്ചാല്‍ തന്നെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കു വേണ്ടി അതിനെ പുകമറയ്ക്കുള്ളിലാക്കി തിയറികള്‍ പടച്ചുണ്ടാക്കലായിരുന്നു രാജ്യത്തെ ഒരു വിഭാഗം മാധ്യമങ്ങളുടെയും മതമൌലികവാദികളുടെയും താത്പര്യവും ലക്ഷ്യവും.

മുംബൈ ആക്രമണം എങ്ങനെ ആസൂത്രണം ചെയ്തെന്നതിനും  , അതിനു എതൊക്കെ രീതിയില്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നു സഹായം ലഭിച്ചുവെന്നതിനും  ശക്തമായ തെളിവുകള്‍ ഹാജരാക്കിത്തന്നെയാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ മുന്നോട്ടു പോയതും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും .അതിനെ ഇഴകീറി പരിശോധിച്ചതിനു ശേഷം തന്നെയാണ് വിധി പ്രഖ്യാപനമുണ്ടായതും . എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങളെന്തായിരുന്നെന്നോ അതിനവര്‍ ആധാരമാക്കിയ തെളിവുകളെന്തായിരുന്നെന്നോ പറയാതെ , മുംബൈയിലെ ഒരു വിരമിച്ച പോലീസുദ്യോഗസ്ഥന്റെ പുസ്തകം അടിസ്ഥാനമാക്കി പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു ചില മാധ്യമങ്ങളുടെയും മത മൌലികവാദികളുടെയും ലക്ഷ്യം . അദ്ദേഹം മുംബൈയിലെ ഒരു ഉന്നത പോലീസുദ്യോഗസ്ഥനായിരുന്നു എന്നത് എടുത്തു പറഞ്ഞു കൊണ്ടുള്ള പ്രചരണം  പറയുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമാണെന്നു തോന്നിപ്പിക്കാനുതകുന്നതായിരുന്നു .

ഇത്രയൊക്കെ തെളിവുകള്‍ കയ്യിലുള്ള ഒരാള്‍ , അതും ഒരു ഉന്നത പോലീസുദ്യോഗസ്ഥനായിരുന്ന ഒരാള്‍ ഈ തെളിവുകളുമായി കോടതിയെ സമീപിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത് എന്നൊരു ചോദ്യം  സ്വാഭാവികമാണ് . പക്ഷെ Who Killed Karkare എന്ന പുസ്തകം വായിക്കുമ്പോള്‍ മാത്രമേ ആ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ കിട്ടുകയുള്ളൂ. മുംബൈ ആക്രമണ സമയത്തെ പത്രവാര്‍ത്തകളെ അപഗ്രഥിച്ച് അദ്ദേഹം വേവിച്ചെടുത്ത നിഗമനങ്ങളാണ് Who Killed Karkare എന്ന കൊട്ടിഘോഷിക്കപ്പെട്ട പുസ്തകത്തിലുള്ളത് . കുറഞ്ഞ പക്ഷം  കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം ഒരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ പല പച്ചക്കള്ളങ്ങളും അല്പം വിശ്വാസ യോഗ്യമായി അദ്ദേഹത്തിനു അവതരിപ്പിക്കാമായിരുന്നു .

മുംബൈ ആക്രമണത്തെ പറ്റിയുള്ള ഏതൊരു വാര്‍ത്തയിലും നിറയുന്ന അഭിപ്രായങ്ങളില്‍ ഈ പുസ്തകം വായിക്കാനുള്ള ആഹ്വാനം കാണാം . മലയാളം മീഡിയയിലാകട്ടെ അത് കൂടുതലാണു താനും . ഈയിടെയായി വിഷയം എന്തുമാകട്ടെ  നിങ്ങള്‍ ഇതു വായിക്കൂ എന്നു പറയുന്ന കമ്മന്റുകള്‍ നെറ്റുലകത്തിലും കൂടി വരുന്നു . അതുകൊണ്ട് അന്തര്‍ദ്ദേശീയമായി ശ്രദ്ധനേടിയ ഒരു ഭീകരാക്രമണത്തില്‍ ഭാരതത്തിലെ അന്വേഷണ ഏജന്‍സികള്‍ എന്തു പറഞ്ഞുവെന്നതും അതില്‍ കോടതി എങ്ങനെ വിധിപറഞ്ഞു എന്നതും അറിയേണ്ടത്  ഒരു പൌരന്റെ അവകാശവും ആവശ്യവുമാകുന്നു. അത് പൂര്‍ണ്ണമായും സാധിക്കുമോ എന്ന സന്ദേഹമുണ്ടെങ്കിലും ആവുന്നതു ശ്രമിക്കണമെന്ന തോന്നലില്‍ അറിയാവുന്നതു പറയുക എന്ന കടമ നിറവേറ്റുകയെന്നതാണ് ഈ പോസ്റ്റിന്റെയും ഇതിന്റെ തുടര്‍ ഭാഗങ്ങളുടെയും ലക്ഷ്യം .

രാഷ്ട്രരക്ഷയ്ക്കു വേണ്ടി നിയോഗിക്കപ്പെട്ട് , അതിനു വേണ്ടി ജീവന്‍ നല്‍കിയവരുടെ കുടുംബങ്ങള്‍ക്ക് ഇന്നത്തെ ദിവസം വേദനയുടേതായിരിക്കും .എങ്കിലും അവരുടെ കണ്ണീരിലും തിളങ്ങിനില്‍ക്കുന്നത്  രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയായിരിക്കുമെന്ന തിരിച്ചറിവാണ് ഇതെഴുതാനുള്ള പ്രേരണ. ഇതു വായിച്ച് മുംബൈ ആക്രമണത്തെപ്പറ്റി മത മൌലിക വാദ തിയറികള്‍  സൃഷ്ടിക്കുന്നവരുടെ മനസ്സുമാറുമെന്നുള്ള വ്യാമോഹമൊന്നുമില്ല . സത്യം അറിയുമെങ്കിലും അറിഞ്ഞുകൊണ്ടുതന്നെ അസത്യത്തിന്റെ തിയറികള്‍ പടച്ചുണ്ടാക്കുന്നതാണല്ലോ അവരുടെ ലക്ഷ്യവും മാര്‍ഗവും .