Friday, December 25, 2009

പ്രത്യേക ഇനം‌‌ മതേതര മനുഷ്യസ് നേഹികള്‍ ...

ശൈശവദശയില്‍ ആണെന്നൊക്കെ പറഞ്ഞു കേള്‍‌‌‌‌ക്കുന്നുണ്ടെങ്കിലും‌‌‌‌ ഇപ്പോള്‍‌‌‌‌ത്തന്നെ മലയാള ബ്ലോഗ്‌ വിവിധ തരത്തില്‍ ഉള്ള വിഷയങ്ങള്‍ കൊണ്ട് സമ്പന്നമാണ്. കഥ, കവിത, സാഹിത്യം, സാങ്കേതികം, വിദ്യാഭ്യാസം, വൈജ്ഞാനികം, മതം, യുക്തിവാദം, രാഷ്ട്രീയം ... എന്നു വേണ്ട ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പര്‍ശിച്ചു നില്‍ക്കുകയാണ് ഇന്ന് ബൂലോകം. ഈ ശാഖകളില്‍, ഒരു പക്ഷേ ഇന്ന് ഏറ്റവുമധികം‌‌ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് യുക്തിവാദം. വിവിധ യുക്തിവാദികള്‍ ബൂലോകത്ത് തങ്ങളുടേതായ ഒരു ശൈലി തന്നെ നിര്‍മ്മിച്ച്‌ കഴിഞ്ഞിട്ടുണ്ട്. ഇവരിലാരുടെയെങ്കിലും‌‌‌‌ ശൈലിയെയോ പ്രത്യയ ശാസ്ത്രത്തെയോ എതിര്‍ക്കുക എന്നതോ പിന്തുണ കൊടുക്കുക എന്നതോ അല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. മറിച്ച് ഈ അടുത്ത കാലത്ത് ബൂലോകത്തും മറ്റു സോഷ്യല്‍ കൂട്ടായ്മകളിലും കണ്ടു വരുന്ന ചില പ്രത്യേക തരം പ്രതി('ആ')ഭാസങ്ങളെ കുറിച്ചാണ് ഈ പോസ്റ്റ്‌ .

ആദ്യമായി പുതിയ ഇനം മതേതര മനുഷ്യസ്നേഹികളെ പറ്റി തന്നെ ആകട്ടെ . അറിയപ്പെടുന്ന യുക്തിവാദികളുടെ പോസ്റ്റുകള്‍ ബ്ലോഗിന്റെ വശങ്ങളില്‍ കൊടുത്താണ് ഇവരുടെ രംഗ പ്രവേശം. പിന്നീട് ഈ യുക്തിവാദികളുടെ കമന്റ് ബോക്സില്‍‌‌‌‌ ചെറുതായി ഐക്യദാര്‍‌‌ഢ്യകമന്റുകളും‌‌ ഇട്ടു തുടങ്ങും‌‌‌‌‌‌. പിന്നീട് ചില യുക്തിവാദ ബ്ലോഗുകളില്‍ മതത്തിന്റെയും മത വിശ്വാസങ്ങളുടെയും കപടതയെ പറ്റിയൊക്കെ ചെറുതായി സൂചിപ്പിച്ചുകൊണ്ട് കമന്റിടുന്നു.

പക്ഷേ ഇത് എല്ലാ യുക്തിവാദികളുടെ പോസ്റ്റിലും തുടരും എന്ന് കരുതിയാല്‍ വായനക്കാര്‍ക്ക് തെറ്റി.

ചില മതങ്ങളെ പറ്റി പറയുന്ന ബ്ലോഗുകളില്‍ മാത്രമേ കമന്റ് ഇടുകയുള്ളൂ. അതിനിടയില്‍ ചെറുതായി സ്വന്തം പോസ്റ്റുകള്‍ ആരംഭിക്കുകയും ചെയ്യും. അതിലാകട്ടെ ഇവിടുത്തെ ഒരു പ്രത്യേക മത സമൂഹത്തിന്റെ ആരാധനാലയങ്ങളെയും അവരുടെ ആചാരങ്ങളെയും 'മാത്രം‌‌' താറടിച്ചു കാണിക്കുക, അവരുടെ ആരാധനാലയങ്ങളില്‍ പോകുന്നവരിലൂടെ ഫാസിസം അതിന്റെ ഉന്മൂലന ശ്രമങ്ങള്‍ തുടങ്ങുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കലാപരിപാടികള്‍‌‌ ആരം‌‌ഭിക്കും‌‌‌‌‌‌. അത് മാത്രമല്ല ഈ വിഭാഗത്തിന്റെ വിശ്വാസങ്ങളെ നിശിതമായി പരിഹസിക്കുന്ന പോസ്റ്റുകളില്‍‌‌ ചെന്ന് കൈ കൊട്ടി ചിരിച്ചു അവരോടു താദാത്മ്യം പ്രാപിച്ചു നിര്‍വൃതി അടയും. അതേ ബ്ലോഗില്‍‌‌ അതേ ബ്ലോഗര്‍‌‌ തന്നെ ഒരു 'പ്രത്യേക മത'ത്തെയോ ആ മതത്തിന്റെ ചില വിശ്വാസികള്‍‌‌ ചെയ്യുന്ന കൊള്ളരുതായ്മകളേയോ ഒന്ന് വിമര്‍‌‌ശിച്ചാല്‍‌‌ സം‌‌ഘപരിവാര്‍‌‌ ചാരന്‍‌‌ എന്ന ഫലകം‌‌ താല്ക്കാലികമായി ആ ബ്ലോഗറുടെ നെറ്റിയില്‍‌‌ നിക്ഷേപിക്കാനും‌‌ ഈ മനുഷ്യസ്നേഹികള്‍‌‌ മടിക്കാറില്ല.

മറ്റുള്ളവര്‍ക്ക് മുന്നില്‍ ഒരു മതേതര മനുഷ്യ സ്നേഹ യുക്തിവാദി ചമയാനുള്ള എല്ലാ ശ്രമങ്ങളും ഈ വിദ്വാന്മാര്‍ നടത്തും . താമസിയാതെ ബൂലോകത്തെ ആസ്ഥാന യുക്തിവാദികള്‍ ഇവരെഴുതുന്ന പോസ്റ്റുകളില്‍ കമ്മന്റിട്ട് തുടങ്ങുകയും തങ്ങളില്‍ ഒരാളായി ഇവരെ ഗണിക്കുകയും ചെയ്തു തുടങ്ങുകയും‌‌ ചെയ്യും‌‌.

പക്ഷെ നീല കുറുക്കന്‍ അറിയാതെ കൂവിപ്പോകുന്ന പഞ്ചതന്ത്രം കഥയെ അര്‍ത്ഥവത്താക്കുന്ന വിധത്തില്‍ തുടര്‍ന്ന് വരുന്ന പോസ്റ്റുകള്‍ എല്ലാം തീവ്രവാദത്തെയും തീവ്രവാദികളെയും ന്യായീകരിക്കുന്ന വിധത്തില്‍ ആകുമ്പോള്‍ ആണ് , നമ്മുടെ പഴയ യുക്തിവാദികള്‍ ഈ നീലകുറുക്കന്മാരെ തിരിച്ചറിയുന്നതും‌‌ ചിലരൊക്കെ പുറങ്കാലുകൊണ്ട് തൊഴിച്ചെറിയുന്നതും‌‌‌‌‌‌‌‌.

ജാമിയ മിലിയയിലെ ഏറ്റുമുട്ടല്‍‌‌ വ്യാജമായിരുന്നെന്നും‌‌, പാര്‍‌‌‌‌ലമെന്റ് ആക്രമണം‌‌ സം‌‌ഘപരിവാര്‍‌‌ അജണ്ടയായിരുന്നെന്നും‌‌, അഫ്സല്‍‌‌ ഗുരു പച്ചവെള്ളം‌‌ ചവച്ചു കുടിക്കുന്ന പാവമായിരുന്നുവെന്നും‌‌ മുംബൈ ആക്രമണം സം‌‌ഘപരിവാറും‌‌ മൊസാദും‌‌ ചേര്‍‌‌ന്നു ചെയ്തതാണെന്നും‌‌‌‌‌‌, കാര്‍‌‌ഗില്‍‌‌ യുദ്ധത്തില്‍‌‌ ശരിക്കും‌‌ കടന്നു കയറിയത് ഇന്ഡ്യയാണോ എന്നൊക്കെ സം‌‌ശയിച്ചുകൊണ്ട് ചില പാകിസ്താന്‍ പത്രങ്ങളിലെ വാര്‍ത്തകള്‍ കൊടുത്തു തുടങ്ങുമ്പോള്‍ ആണ് ബാക്കിയുള്ള മതേതരര്‍ക്കും അല്ലറ ചില്ലറ സംശയങ്ങള്‍ ഉണ്ടായി തുടങ്ങുന്നത് .എങ്കിലും സഹോദരന്‍‌‌ ചത്താലും‌‌ നാത്തൂന്റെ കണ്ണീരുകാണണം‌‌ എന്നതു പോലെ പരിവാറിനെയും‌‌ തെറി പറയുന്നുണ്ടല്ലോ എന്നുള്ള സമാധാനത്തില്‍ അവരില്‍‌‌ ചിലരൊക്കെ മിണ്ടാതെ ഇരുന്നെന്നും‌‌ വരും‌‌.

പക്ഷെ 'സ'വര്‍ണ്ണ ഹിന്ദുത്വ പരിവാരങ്ങളെയൊക്കെ കണക്കിന് പരിഹസിച്ചു വന്നിരുന്ന ഒരു ബ്ലോഗര്‍‌‌ ഈ അടുത്ത സമയത്ത് എഴുതിയ പോസ്റ്റുകള്‍ ഈ നീല കുറുക്കന്മാരെ സകല ശക്തിയുമെടുത്തു കൂവാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു . അതിനോടൊപ്പം മറ്റൊരു യുക്തിവാദിയുടെ ബ്ലോഗില്‍ കേരളത്തിലെ ഒരേയൊരു "സത്യസന്ധ മതേതര പരിസ്ഥിതി പത്രത്തിന്റെ" കാപട്യം ചൂണ്ടി കാണിച്ചു കൊണ്ട് ഒരു പോസ്റ്റു‍ കൂടി വന്നപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും കുറുക്കന്മാരുടെ ദേഹത്തെ നീല നിറം അപ്രത്യക്ഷം ആകുന്ന കാഴ്ച ആണ് കാണാന്‍ കഴിഞ്ഞത് .

ഇനി മറ്റൊരു കൂട്ടര്‍. കേരളത്തില്‍‌‌ ഇതു വരെ ക്ലച്ചു പിടിക്കാതിരുന്ന, ഹിന്ദുവിനെ ജാതി പറഞ്ഞ് തമ്മില്‍‌‌ത്തല്ലിക്കുക എന്ന തന്ത്രമാണ് ഇവര്‍‌‌ പരീക്ഷിച്ചു നോക്കുന്നത്. ഹിന്ദുവല്ലാത്തതുകൊണ്ടുള്ള നുഴഞ്ഞു കയറാനുണ്ടാകുന്ന പരിമിതികളെ മറി കടക്കാന്‍‌‌ ദളിതസ്നേഹമാണ് ഇവര്‍‌‌ മറയായി ഉപയോഗിക്കുന്നത്. ചിലപ്പോഴൊക്കെ ബുദ്ധമതസ്നേഹവും‌‌ കാണിക്കും‌‌.(ഒരു കാര്യം ആദ്യമേ തന്നെ പറയട്ടെ .. സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും തീണ്ടാപ്പാടകലെ മാറ്റി നിര്‍ത്തപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവര്‍ ബൂലോകത്തും സമൂഹത്തിലും ഉണ്ട് .അവര്‍ മുഖം മൂടികള്‍ അണിയുന്നില്ല . കാരണം അവരുടെ ലക്‌ഷ്യം ദളിതന്റെ ഉയര്‍ച്ചയാണ്. അവര്‍‌‌ക്കിടയില്‍‌‌ നുഴഞ്ഞു കയറാന്‍‌‌ ശ്രമിക്കുന്നവരെക്കുറിച്ചാണ് ഇവിടെ പ്രതിപാദ്യം‌‌‌‌‌‌‌‌.)

ഇവരുടെയും തുടക്കം നമ്മുടെ മേല്പറഞ്ഞ ബുദ്ധിജീവികളോട് സമാനമായ രീതിയില്‍ ആണ് . ഒരു വ്യത്യാസം എവിടെ കമ്മന്റ് ഇട്ടാലും 'സവര്‍ണ്ണ' എന്ന പദം എല്ലായിടത്തും ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കും (സവര്‍‌‌ണ്ണഹിന്ദുക്കളും‌‌ പിന്നെ 'അവര്‍‌‌ണ്ണന്മാരും‌‌ എന്റെ മത'ക്കാരും‌‌ എന്ന ശൈലി).അത് പോലെ തന്നെ താന്‍ ഒരു ദളിതനാണ് എന്ന ബോധം മറ്റുള്ളവരില്‍ ഉണ്ടാക്കുകയും ചെയ്യും. ആദ്യമൊന്നും ഈ കുറുക്കന്‍ മാരെ തിരിച്ചറിയുക എളുപ്പമല്ല . പക്ഷെ പ്രകടമായ മാറ്റം വരുന്നത് ചില രാജ്യദ്രോഹികളെയും മതതീവ്രവാദികളെയും വിമര്‍ശിക്കുന്ന ബ്ലോഗുകളില്‍ കമ്മന്റ് ഇടുമ്പോളാണ്.. ഇത്രയും നാള്‍ താനും കൂടി കൂട്ട് ചേര്‍ന്ന് ബലേ ഭേഷ് വിളിച്ചതും എല്ലാം ഒറ്റ ദിവസം കൊണ്ട് ഇവര്‍ മറക്കും. ചിലരെ ഒന്നും ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും കാണിക്കുകയുമില്ല . അത് മാത്രമല്ല അയല്‍ രാജ്യത്തോടുള്ള അദമ്യമായ സ്നേഹവും മത മൌലിക വാദ ആഭിമുഖ്യവും അറിയാതെ പുറത്തു വരിക കൂടി ചെയ്യും . (പാകിസ്താന്‍ സ്നേഹമുള്ള ദളിതരെ ആദ്യമായിട്ടാണ് കാണുന്നത്. ഈയിടെയായി ഓര്‍ക്കുട്ട് പോലുള്ള സോഷ്യല്‍ കൂട്ടായ്മകളില്‍ ഇവരുടെ ശക്തമായ സാന്നിധ്യം ഉണ്ട്.) അവസാനം ചില പത്രങ്ങള്‍ക്കു വേണ്ടിയും ചില പ്രത്യേക ആശയങ്ങള്‍ക്ക് വേണ്ടിയും ശക്തിയുക്തം വാദിക്കുന്നതോട് കൂടി ഇവരുടെ അവശേഷിക്കുന്ന നീല നിറവും പൂര്‍ണ്ണമായി അപ്രത്യക്ഷമാകും .

യഥാര്‍ത്ഥത്തില്‍ ബൂലോകത്തിനു പുറത്തു നടക്കുന്ന ശക്തമായ മതമൌലികവാദ അജന്‍ഡയുടെ അനുരണനങ്ങള്‍ മാത്രമാണ് ഇതൊക്കെ എന്ന് മനസ്സിലാക്കണം‌‌‌‌.

"മാധ്യമത്തില്‍" സ്ഥിരമായി ലേഖനങ്ങള്‍ എഴുതാറുള്ള ഒരു വിദഗ്ധ കുറ്റാന്വേഷകന്‍ ഇവരില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു . മുംബൈ ആക്രമണം" മൊസാദ് യാങ്കി ഹിന്ദുത്വ അച്ചുതണ്ടിന്റെ " പരിപാടി ആയിരുന്നു എന്ന് വീട്ടിലിരുന്നു കണ്ടു പിടിച്ചു കളഞ്ഞു ഇദ്ദേഹം. ബിസ്മി ചൊല്ലി കഴുത്ത് അറക്കുന്നതിന്റെ ശാസ്ത്രീയത മറ്റൊരു ലേഖനത്തിലൂടെ ഉദ്ഘോഷിക്കാനും അദ്ദേഹം മറന്നില്ല. ഇതൊന്നും പോരാഞ്ഞു കളമശ്ശേരി ബസ് കത്തിക്കലിനു പീക്കിരി പിള്ളാരുടെ ബസ് കത്തിക്കലിന്റെ വില കൊടുത്തു കൊണ്ട് ചിലര്‍‌‌ക്കൊക്കെ സൈദ്ധാന്തിക പിന്തുണ നല്‍കാനും ഈ സകല കലാ വല്ലഭന്‍ സമയം കണ്ടെത്തി .കാശ്മീരില്‍ ഇന്ത്യ വഞ്ചനയും മനുഷ്യാവകാശ ലംഘനവും നടത്തുന്നു എന്ന മതമൌലിക തിയറിക്കു പുതിയ ഭാഷ്യം ചമച്ചു കൊണ്ട് കിട്ടുന്ന എച്ചിലിനോടു പ്രതിബദ്ധത കാട്ടാനും ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഒരു മനുഷ്യാവകാശ(?) സംഘടനയുടെ കേരള ഘടകം അധ്യക്ഷന്‍ ആണു ഇദ്ദേഹം എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

ബൂലോകത്തിലായാലും പുറത്തായാലും ദളിത സ്നേഹ മുഖംമൂടിയിട്ട മതമൌലിക വാദികള്‍ പൊതുവായി പിന്തുടരുന്ന ഒരു കാര്യം ഇന്ത്യാ വിരുദ്ധത ആണ്. ഭീകരവാദത്തിന്റെ പേരില്‍‌‌ പിടിയിലാകുന്നവര്‍‌‌ക്ക് വേണ്ടി മനുഷ്യാവകാശമുറവിളിയുമായി രം‌‌ഗത്തെത്തുന്ന ചില 'മുഖം‌‌മൂടി' സം‌‌ഘടനകളുടെ (കവര്‍‌‌ ഓര്‍‌‌ഗനൈസേഷന്‍‌‌സ്) പൊതുവായ പ്രവര്‍‌‌ത്തനശൈലി ഇതാണ്.

രാജ്യത്തുണ്ടാകുന്ന സ്ഫോടനങ്ങളില്‍‌‌ സുരക്ഷാ ഏജന്‍‌‌സികള്‍‌‌ നടപടി തുടങ്ങിയാലുടനേ സമുദായ പീഢനമെന്നും‌‌ പിടിക്കപ്പെട്ടവര്‍‌‌ നിരപരാധികളാണെന്നും‌‌ പ്രചരിപ്പിച്ച് ആശയക്കുഴപ്പം‌‌ സൃഷ്ടിക്കുക, രാജ്യത്തെ എല്ലാ കുറ്റാന്വേഷണ ഏജന്‍സികളെയും നീതിന്യായ കോടതികളേയും‌‌‌‌ സംശയ ദൃഷ്ടിയില്‍ നിര്‍ത്തി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുക എന്നിവ, മുംബൈ ആക്രമണത്തിനു പിന്നില്‍ സംഘ പരിവാര്‍-മൊസാദ്, ആക്രമണത്തില്‍‌‌ കൊല്ലപ്പെട്ട കര്‍‌‌ക്കരെയെ ഐബി പിന്തുടര്‍‌‌ന്നിരുന്നു, കാര്‍ഗില്‍ ആക്രമണം സംഘപരിവാര്‍, ജാമിയ മിലിയയില്‍ ഒരേ സമയം മോഹന്‍ ചന്ദ് ശര്‍മയെയും പാവം തീവ്രവാദി കുട്ടികളെയും വെടിവെച്ചു കൊന്നത് പോലീസ് തന്നെ, പാര്‍ലിമെന്റ് ആക്രമിച്ചത് സംഘ പരിവാര്‍, പാവപ്പെട്ട മുസ്ലീം‌‌ യുവാക്കളെ കാഷ്മീരിലെക്കു റിക്രൂട്ട് ചെയ്ത് അവരെ വെടി വെച്ചു കൊല്ലുന്നത് ഇന്റലിജന്‍‌‌സ് ബ്യൂറോ, തടിയില്ലാത്ത നസീറിനു പിന്നിലും സംഘ പരിവാര്‍, തുടങ്ങി ചിരിക്കാന്‍ വക നല്‍കുന്ന ഒട്ടേറെ തിയറികളും ഇവരുടേതായി പുറത്ത് വരുന്നുണ്ട്.


ആട്ടിന്‍ തോലണിഞ്ഞു ദളിത സ്നേഹം കാണിക്കുന്ന മതമൌലികവാദികള്‍ ഒരു സമൂഹത്തെ അല്ല ലക്‌ഷ്യം വെക്കുന്നത് മറിച്ച് ഒരു രാഷ്ട്രത്തെ ആണ് . ഇന്ത്യയിലെ എല്ലാ അന്വേഷണ ഏജന്‍സികളെയും താറടിച്ചു കാണിച്ചു കൊണ്ട് പാകിസ്ഥാനിലെ ചില മൌലിക വാദികളുടെ അജന്‍ഡ മുഖമുദ്രയാക്കി സ്വരാജ്യത്തെ ഒറ്റു കൊടുക്കാന്‍ പേന ഉന്തുന്ന ഇവര്‍ക്ക് വ്യക്തമായ ലക്‌ഷ്യം ഉണ്ട് .അത് ദളിതന്റെ ഉന്നമനം അല്ല , മനുഷ്യാവകാശത്തിന്റെ സംരക്ഷണം അല്ല , മതങ്ങളെ പിന്തള്ളി മനുഷ്യനെ കാണുന്ന യുക്തിവാദവുമല്ല മറിച്ച് " മതം ഭരണം നടത്തുന്ന രാഷ്ട്രം" എന്ന ലക്‌ഷ്യം ആണത്

Wednesday, December 2, 2009

മതമൌലിക വാദ തിയറികള്‍ ഭാഗം 2 ... ആടറിയുന്ന അങ്ങാടി വാണിഭങ്ങള്‍ .

ആദ്യമായി ഈ ബ്ലോഗില്‍ വരുന്നവര്‍ക്ക് പോസ്റ്റിന്റെ ആദ്യ ഭാഗം ഇവിടെ

ഈയിടെ ആയി അങ്ങാടി വാണിഭങ്ങള്‍ ചില ആടുകള്‍ അറിഞ്ഞു തന്നെ ആണ് നടക്കുന്നത് എന്ന് തീരച്ചയാകും ചില വാര്‍ത്തകള്‍ കണ്ടാല്‍. മുംബൈ ആക്രമണ സമയത്തെ ഈ വാര്‍ത്തകള്‍ ഒന്ന് ശ്രദ്ധിക്കൂ.

അമരേഷ് മിശ്ര എന്ന ഒരാളുടെ ലേഖനം ആ സമയത്ത് തേജസ്സില്‍ പ്രസിദ്ധീകരിച്ചിരുന്നു .. തലക്കെട്ട്‌ ഇങ്ങനെ. അക്രമത്തിനു പിന്നില്‍ മൊസാദും ആര്‍ .എസ്സ്.എസ്സും

നിര്‍ഭാഗ്യ വശാല്‍ അന്നത്തെ ലിങ്കുകള്‍ കിട്ടുന്നില്ല .. പക്ഷെ അതെ ലേഖനം നല്ല മിഴിവോടെ ദാ ഇവിടെ വായിക്കാം .പാക് അനുകൂല വെബ് സൈറ്റായ ഇതില്‍ ഇന്ത്യാ വിരുദ്ധത എത്രത്തോളം ഉണ്ടെന്നു മറ്റു ലേഖനങ്ങള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളൂ ..

അന്നത്തെ "മാധ്യമം" ശ്രദ്ധ കൊടുത്തത് കസബിന്റെ കയ്യില്‍ കണ്ട ചുവന്ന ചരട് ആണ് .. ഇതും പാകിസ്താന്‍ പത്രങ്ങളില്‍ പ്രസിധീകരിക്കപ്പെട്ടതാണ് .. കൂടാതെ സയദ് ഹമീദ് എന്ന മഹാന്റെ പുസ്തകങ്ങളില്‍ സയണിസ്റ്റ് പരിവാര്‍ അജന്‍ഡ യെ പറ്റി പറയുന്നുണ്ട് . മുസ്ലിങ്ങള്‍ ധരിക്കാത്ത ചുവന്ന ചരട് ധരിച്ചു വന്ന കസബ് ,ഹിന്ദു സയണിസ്റ്റ് തീവ്ര വാദി ആണെന്നും ഈ മഹാനായ ചിന്തകന്‍ പറയുന്നു .വിശദമായി ഇവിടെ

ഇത് പാകിസ്താന്‍ പത്രമായ പാക് ട്രിബ്യൂണ്‍ 2008 ഡിസംബര്‍ 15 നു പ്രസിദ്ധീകരിച്ചത് .. ഒട്ടും താമസിച്ചില്ല പിറ്റേ ദിവസത്തെ തേജസില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു ..

"റാവല്‍പിണ്ടി: മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്‌മല്‍ കസബിനെ 2006നു മുമ്പേ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നീപ്പാളില്‍ വച്ചു പിടികൂടി അജ്ഞാതകേന്ദ്രത്തിലടച്ചതാണെന്ന്‌ അഭിഭാഷകന്‍. ബിസിനസ്‌ ആവശ്യാര്‍ഥം കാഠ്‌മണ്ഡുവിലെത്തിയ അജ്‌മലിനെയും സംഘത്തെയും നീപ്പാള്‍ സൈനികരുടെ സഹായത്തോടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്നാണ്‌ അഭിഭാഷകന്‍ സി എം ഫാറൂഖ്‌ ജിയോ ന്യൂസിനോടു പറഞ്ഞത്‌. ബിസിനസ്‌ സംഘത്തെ അന്യായമായി പിടികൂടിയതുമായി ബന്ധപ്പെട്ട്‌ 2008 ഫെബ്രുവരിയില്‍ താന്‍ നല്‍കിയ ഹരജി നീപ്പാള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്‌. കേസ്‌ പരിഗണനയ്‌ക്കെടുത്ത കോടതി ഇന്ത്യന്‍ ഹൈക്കമ്മീഷനും നീപ്പാള്‍ സേനയ്‌ക്കും നോട്ടീസ്‌ അയച്ചിട്ടുമുണ്ട്‌. അജ്‌മല്‍ അടക്കമുള്ള പാക്‌ സംഘത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്‌ നീപ്പാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിന്നീടൊരവസരത്തില്‍ ഉപയോഗിക്കാന്‍ ഇവരെ അജ്ഞാതകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കാനിടയുണ്ടെന്നു സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും ഫാറൂഖ്‌ പറഞ്ഞു."തേജസ്‌ ദിനപത്രം- 16-12-08

ഈ അടുത്ത സമയത്ത് നമ്മുടെ ജമ അത് ഇസ്ലാമി പത്രമായ മാധ്യമം ഇതേ അഭിപ്രായം പറഞ്ഞു കൊണ്ട് എഴുതിയ ലേഖനം എന്റെ തന്നെ കഴിഞ്ഞ പോസ്റ്റില്‍ പരാമര്‍ശിച്ചത് ശ്രദ്ധിക്കാന്‍ അപേക്ഷ .(അതില്‍ റിട്ട് പോലീസ് ഉദ്യോഗസ്ഥന്‍ ആയ മുഷറഫ് സ്വന്തം പുസ്തകത്തില്‍ പറഞ്ഞു എന്നാണു പറഞ്ഞിരിക്കുന്നത് .. .ഫാരൂഖിനെ ഉദ്ധരിച്ചു കൊണ്ട് ഇയാള്‍ ഈ അഭിപ്രായം അന്ന് തന്നെ പറഞ്ഞിരുന്നു )

ഇനി ഇതിന്റെ സത്യാവസ്ഥ ഒന്ന് പരിശോധിക്കാം . ഈ സി എം ഫാറൂഖ് എന്ന ആള്‍ നേപ്പാള്‍ കോടതിയില്‍ പരാതി കൊടുത്തിരുന്നു എന്നത് സത്യം . അത് ഇസ്ലാമബാദില്‍ നിന്നുള്ള ആസിഫ് അലി ,ഫൈസലാബാദില്‍ നിന്നുള്ള വലീദ് സജ്ജാദ് എന്നിവരെ അകാരണമായി നേപ്പാള്‍ പോലീസ് പിടി കൂടി എന്ന രീതിയില്‍ ആയിരുന്നു കേസ് .ഓര്‍ക്കുക ശരിയായ യാത്ര രേഖകളുള്ള ഇവരെ നേപ്പാള്‍ പോലീസ് അകാരണമായി തടവില്‍ ഇട്ടു എന്നാണു ടിയാന്റെ പരാതി . അപ്പോള്‍ ഇവരുടെ പേരുകള്‍ ശരിയാണെന്ന് ഉറപ്പാണല്ലോ ..കേസ് പരിഗണിച്ച നേപ്പാള്‍ കോടതി പോലീസിനോട് ഈ വിവരം അന്വേഷിക്കുകയും ഈ വിവരം തെറ്റാണെന്ന് പോലീസ് മറുപടി കൊടുക്കുകയും ചെയ്തു . അതിനു ശേഷം നമ്മുടെ ഫാറൂഖ് തുടര്‍ നടപടികള്‍ ഒന്നും നടത്താത്തതിനാല്‍ കോടതി കേസ് തള്ളുകയുംചെയ്തു .അതിനു ശേഷം ഒന്‍പതു മാസം കഴിഞ്ഞു മുംബൈ ആക്രമണത്തിന് ശേഷം നമ്മുടെ ഫാറൂഖ് പ്രത്യക്ഷപ്പെടുകയും കസബിനെ അന്യായമായി തടവില്‍ വച്ചതിനെതിരെ താന്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു എന്നുള്ള പച്ചക്കള്ളം പറയുകയും ചെയ്തു .. വാര്‍ത്ത ഇവിടെ വായിക്കാം

പാകിസ്താന്‍ പത്രങ്ങളിലെ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ തെറ്റ് പറയാനില്ല . പക്ഷെ പാക് പത്രങ്ങളിലെ ഈ ഇന്ത്യാ വിരുദ്ധ വാര്‍ത്തയിലെ പച്ചക്കള്ളം അതേപടി പ്രസിദ്ധീകരിക്കുകയും എന്നാല്‍ ഈ വാര്‍ത്ത നേപ്പാള്‍ ഗവണ്മെന്റും കോടതിയും അന്ന് തന്നെ നിഷേധിച്ചിരുന്നു എന്നുള്ളതു പ്രസിദ്ധീകരിക്കപ്പെടാതെ പോകുന്നതും എന്ത് കൊണ്ടാണ് .?? ചിലതൊക്കെ ഈ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍ അറിഞ്ഞുള്ള അങ്ങാടി വാണിഭങ്ങള്‍ ആണെന്നതല്ലേ ഇതൊക്കെ തെളിയിക്കുന്നത് ..

കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്ന പോലെ ജൂതനായി അഭിനയിക്കാന്‍ ഹെഡ് ലി യെ പഠിപ്പിച്ചത് പാകിസ്താന്‍ മുന്‍ മേജര്‍ ആണെന്നുള്ള വാര്‍ത്ത ഇവിടെ.

അമരീഷ് മിശ്രയുടെ ലേഖനം പ്രസിദ്ധീകരിച്ചതിനു ശേഷം തേജസ്‌ ന്റെ വക ഒരു അടിക്കുറിപ്പ് ഉണ്ട് .. അതിങ്ങനെ ..

"ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ഹിന്ദുത്വ-വര്‍ഗീയ സംഘടനകള്‍ക്കെതിരേ വേണ്ടിവന്നാല്‍ ഒരു ആഭ്യന്തരയുദ്ധത്തിനു തയ്യാറെടുക്കേണ്ട സമയമാണിത്. "

(മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിചിട്ടില്ലാത്തത് കൊണ്ട് ഇവര്‍ക്കൊക്കെ എന്തുമാകാം..)

ഭാഗം വാങ്ങി പിരിഞ്ഞു പോയി മുടിയനായ പുത്രനായി തീര്‍ന്ന ഒരു രാജ്യത്തിലെ മത മൌലിക വാദികളുടെ അജന്‍ഡ കടമെടുത്തുകൊണ്ട് , പിറന്ന നാടിനെ ആക്രമിച്ചവര്‍ക്ക് സ്തുതി പാടുന്ന ഈ കൂട്ടി കൊടുപ്പുകാരെ സ്വരാജ്യ സ്നേഹം മത നിഷ്ടയായി കരുതുന്ന ഇസ്ലാമിക സഹോദരന്മാര്‍ തിരിച്ചറിയും എന്ന് തന്നെ പ്രത്യാശിക്കാം . അത് വരെ ആടട്ടെ ഈ പൊറാട്ട് നാടകങ്ങള്‍ .

Thursday, November 26, 2009

മുംബൈ ആക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ...... മതമൌലിക വാദ തിയറികള്‍ വീണ്ടും

രാജ്യം കണ്ട നികൃഷ്ടമായ ഒരു ഭീകര ആക്രമണത്തിന് ഇന്ന് ഒരു വര്‍ഷം തികയുകയാണ് . അന്ന് ജീവന്‍ വെടിയേണ്ടി വന്ന നിരപരാധികള്‍ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന അന്വേഷണങ്ങളെ പരിഹസിക്കുന്ന രീതിയില്‍ തിയറികള്‍ മെനഞ്ഞു വിടുന്ന രാജ്യ ദ്രോഹികളെ തിരിച്ചറിയേണ്ടതും ഈ സാഹചര്യത്തില്‍ അത്യാവശ്യമാണ് . മുംബൈ ആക്രമണത്തിന് ശേഷം ആയിരുന്നു എന്റെ ആദ്യത്തെ പോസ്റ്റ്‌ . ആ സമയത്ത് യാതൊരു ഉളുപ്പുമില്ലാതെ തിയറികള്‍ പടച്ചു വിട്ട ഒരു മാധ്യമത്തെ പറ്റിയുള്ള പോസ്ടായിരുന്നു അത് . ഇന്ന് ഒരു വര്‍ഷം തികയുന്ന വേളയിലും അതേ മാധ്യമത്തെ പറ്റി തന്നെ എഴുതേണ്ടി വരുന്നത് യാദൃശ്ചികം അല്ല . മനപൂര്‍വം തന്നെ ആണ് . കാരണം മനുഷ്യാവകാശത്തിന്റെയും മതേതരത്വത്തിന്റെയും മുഖം മൂടി അണിഞ്ഞു കൊണ്ട് പതുങ്ങിയിരിക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിയേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്നത് കൊണ്ട് തന്നെ .

ഈ പോസ്റ്റിനു കാരണമായ ലേഖനം ഇവിടെ വായിക്കാം ...
എന്റെ ആദ്യ പോസ്റ്റ്‌ ഇവിടെ
ഇവരുടെ മുഖം മൂടികളെ പറ്റി മറ്റൊരു ബ്ലോഗില്‍ വായിച്ചത് ഇവിടെ
ഈ ലേഖനത്തിന്റെ പി ഡി എഫ് രൂപം ഇവിടെ

എന്താണ് ഇവര്‍ അര്‍ഥം ആക്കുന്നത് . അജ്മല്‍ കസബിനെ നേരത്തെ തന്നെ പിടി കൂടിയിരുന്നത് ആണ് പോലും . അപ്പോള്‍ സംഘ പരിവാര്‍ സ്വാധീനം ഉള്ള ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോ കസബിനെ കൊണ്ട് ഇന്ത്യാക്കാരെ വെടി വെച്ച് കൊല്ലിച്ചു . എന്തിനു വേണ്ടി . മാലെഗാവ് കേസ് അന്വേഷിച്ച ഹേമന്ത് കാര്‍ക്കരെയേ കൊല്ലാന്‍ വേണ്ടി . അതിനു വേണ്ടി മുംബൈ സി എസ് ടി യിലെ സി സി ടി വികള്‍ ഇന്റലിജന്‍സ് നേരത്തെ തന്നെ കേടാക്കി എന്നാണു ആരോപണം . എത്ര അപകടകരമായ രീതിയില്‍ ആണ് ഇവര്‍ തിയറികള്‍ ഉണ്ടാക്കുന്നതെന്ന് നോക്കൂ .(ഇതിനുള്ള തെളിവുകള്‍ ചോദിക്കരുത് . കാരണം തെളിവൊക്കെ വേണ്ടത് ലവ് ജിഹാദിന് മാത്രം ആണ് .മറ്റൊന്നിനും തെളിവ് വേണ്ട . എന്തും പടച്ചു വിടാം )

ഇവരൊക്കെ ആര്‍ക്കു വേണ്ടി ആണ് പ്രവര്‍ത്തിക്കുന്നതെന്ന് സ്വാഭാവികമായും സംശയങ്ങള്‍ ഉണ്ടാകുന്നു . ഈ അടുത്ത സമയത്ത് പിടിയില്‍ ആയ പാക് വംശജര്‍ ഹെഡ് ലി അഥവാ ഗിലാനിയും ഹുസൈന്‍ റാണയും മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത് . അതില്‍ ഏറ്റവും ശ്രദ്ധേയം ആയ ഒരു കാര്യം ഹെഡ് ലി മുംബൈ ഇല്‍ താമസിച്ചത് ഒരു ജൂതന്‍ ആയി ആയിരുന്നു എന്നുള്ളതാണ് . ചിന്തിക്കൂ . മുംബൈ ആക്രമണ സമയത്ത് ഇവര്‍ പറഞ്ഞിരുന്നത് എന്തായിരുന്നു ? ആക്രമണം പരിവാര്‍ മൊസാദ് അച്ചുതണ്ടിന്റെ ആയിരുന്നു എന്നല്ലേ ?? മുംബൈ ആക്രമണം മൊസാദ് ആണ് ചെയ്തതെന്ന് പ്രചരിപ്പിക്കാന്‍ വേണ്ടി ഒരു ഭീകരന്‍ ജൂതനായി വേഷം മാറുന്നു . അതെ അവസരത്തില്‍ തന്നെ ഇന്ത്യയില്‍ ഉള്ള ചിലര്‍ ആ പ്രചരണം പത്രങ്ങളിലൂടെ നടത്തുന്നു .. അപ്പോള്‍ ഇവരുടെ എല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരേ ബൌധിക കേന്ദ്രം തന്നെ അല്ലെ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .

ഇന്ത്യയില്‍ എവിടെ തീവ്ര വാദിയെ പിടിച്ചാലും അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ കൊടുക്കുന്നത് നമ്മുടെ മതേതര മാധ്യമത്തിനു വളരെ പ്രിയം ഉള്ള കാര്യം ആണ് ."എന്റെ മകന്‍ പാവം ആയിരുന്നു .,എന്റെ കൂട്ടുകാരന്‍ പച്ച വെള്ളം പോലും ചവച്ചു കുടിക്കുന്നവന്‍ ആയിരുന്നു , അവന്റെ പെരുമാറ്റം കണ്ടാല്‍ തോന്നുകയേ ഇല്ലായിരുന്നു , അവന്റെ കയ്യില്‍ പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ഉണ്ടായിരുന്നു " എന്നൊക്കെ ആണ് അഭിപ്രായങ്ങള്‍. ഈ അടുത്ത സമയത്ത് നമ്മുടെ ഹുസൈന്‍ റാണയുടെ സഹോദരന്റെ അഭിപ്രായവും അവര്‍ തേടി പിടിച്ചു . അത് ഇവിടെ വായിക്കാം . അപ്പോള്‍ റാണയും നിരപരാധി ആയി .. (ഇത് നല്ല പരിപാടി തന്നെ .)

ഇത് പോലെ തന്നെ തിയറികള്‍ ഇറക്കി പ്രചരിപ്പിച്ചതായിരുന്നു ജാമിയ നഗര്‍ സംഭവം . അതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ഇങ്ങനെ

NEW DELHI: The Supreme Court Friday dismissed a plea for an independent judicial probe into the killings of two suspected Indian Mujahideen terrorists and a Delhi Police inspector in the September 2008 Batla House shootout in the capital's Jamia Nagar locality. ..A bench of Chief Justice K.G. Balakrishnan and Justices P. Sathasivam and B.S. Chauhan dismissed the plea that the slain youths were innocent, saying "how can innocent people have arms and kill police"...

Advocate Prashant Bhushan insisted on a judicial probe saying that the NHRC probe was merely based on the police version, but the bench rejected the assertion and said: "What do you think? The police officer was killed (elsewhere) and brought there." As Bhushan talked of suspicion, resentment and lack of confidence in a large section of society over the role of the police following the shootout, the bench said: "This is the problem. Criminals are criminals. Don't identify them with any section of the society." "Thousands of policemen are killed in this country while fighting terrorists and criminals," the judges observed. മുഴുവന്‍ വാര്‍ത്ത ഇവിടെ

വിധി പുറപ്പെടുവിച്ചവരില്‍ ബഹുമാനപ്പെട്ട ചീഫ് ജസ്റിസ് ഉള്ളത് ഭാഗ്യം . അല്ലെങ്കില്‍ " സവര്‍ണ്ണ ഫാസിസ്റ്റ് ജഡ്ജിമാര്‍ സുപ്രീം കോടതിയിലും ." എന്ന പുതിയ തിയറി ഇവര്‍ അവതരിപ്പിക്കുമായിരുന്നു എന്നുള്ള കാര്യത്തില്‍ സംശയം വേണ്ട .

സംഘ പരിവാരിനെതിരെ കഥകള്‍ പടച്ചു വിടുന്ന അവസരത്തില്‍ വീര മൃത്യു വരിച്ച മുംബൈ പോലീസുദ്യോഗസ്ഥരുടെ ബന്ധുക്കളെ പരാമര്‍ശിക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും .കാരണം അവരില്‍ ചിലര്‍ ഇങ്ങനെയും പറഞ്ഞിട്ടുണ്ട് . പണ്ട് മുസ്ലിം കിഡ്നി ക്ക് പരസ്യം ചെയ്തു പുലിവാല്‍ ആയതു പോലെ ആകും .

ചുരുക്കത്തില്‍ മാധ്യമം പറയാന്‍ ശ്രമിക്കുന്നത് ഇത്ര മാത്രം .. മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് സംഘ പരിവാര്‍ . ഒരു ലക്‌ഷ്യം മാത്രം ഹേമന്ത് കാര്‍ക്കരെയുടെ മരണം . കൂടെ ഉള്ളവര്‍ ആരായിരുന്നു എന്നുള്ളതില്‍ മാത്രമേ സംശയം ഉള്ളൂ .. ഐ എസ് ഐ ക്കും ലഷ്കര്‍ ഐ തോയ്ബയ്ക്കും പങ്കുണ്ടെന്ന് ഏതായാലും വ്യക്തമായ സ്ഥിതിക്ക് പരിവാര്‍ ഐ എസ് ഐ കൂട്ട് കെട്ട് എന്ന് പറയാം .. പക്ഷെ ഈ ഐ എസ് ഐ എന്ന് പറയുന്നവര്‍ തങ്ങള്‍ക്കു കൂടി താത്പര്യമുള്ളവര്‍ ആയതു കൊണ്ട് അത്രയ്ക്ക് ശക്തമായി പറയാനും മടി . അപ്പോള്‍ പിന്നെ ഒരു വഴിയെ ഉള്ളൂ .." കസബ് നേരത്തെ പിടിക്കപ്പെട്ടിരുന്നു . പാവം കസബിനെ കൊണ്ട് ഇന്ത്യന്‍ ഇന്റലിജന്‍സ് (സംഘ പരിവാര സ്വാധീനമുള്ള ) ആണ് ഇതെല്ലാം ചെയ്യിച്ചത് . അല്ലാതെ ലഷ്കരിനോ ഐ എസ് ഐ ക്കോ യാതൊരു പങ്കും ഇല്ല . അവരൊക്കെ വളരെ നല്ല ആളുകള്‍ . അല്ലെങ്കില്‍ തന്നെ അവര്‍ എന്തക്രമം ആണ് ചെയ്തിട്ടുള്ളത് . ഇന്ത്യയെ മൂന്നു നാല് പ്രാവശ്യം ആക്രമിച്ചു . ഇന്ത്യയില്‍ കുറച്ചു സ്ഫോടനങ്ങള്‍ നടത്തി , (ബാക്കി ഒക്കെ ആരാ ചെയ്തത് എന്ന് നമ്മള്‍ തിയറി ഉണ്ടാക്കിയിട്ടുണ്ട് ) .അതിത്ര വല്യ കാര്യം ആണോ ?? ഇന്ത്യയെ അല്ലെ ആക്രമിച്ചത് പാലസ്തീനെ അല്ലല്ലോ .. അതിനൊക്കെ ഇത്ര പറയാന്‍ ഉണ്ടോ . അല്ലെങ്കില്‍ തന്നെ അതും പറഞ്ഞു പാവങ്ങളെ ഉപദ്രവിക്കുന്നത് ശരിയാണോ " എന്നുള്ള രീതിയിലാണ് 'മാധ്യമ ' ചിന്തകള്‍ .

ഈ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാതിരിക്കുന്നത് രാജ്യ സുരക്ഷയെ തന്നെ അപകടത്തില്‍ ആക്കും . ഇവരൊക്കെ കൂടി മധുര മനോജ്ഞം ആക്കിയ ഒരു അയല്‍ രാജ്യത്തിന്റെ അവസ്ഥ ദിവസവും നമ്മള്‍ വായിക്കുന്നു .പാലസ്തീനിലെ കുട്ടികള്‍ക്ക് ചായപ്പെന്‍സില്‍ വാങ്ങുന്നതിന്റെ തിരക്കില്‍ പാകിസ്താന്‍ കുഞ്ഞുങ്ങളെ ഇവര്‍ മറന്നുപോകുന്നത് സ്വാഭാവികം .കാരണം മത മൌലിക വാദത്തിന്റെ സ്വാഭാവികമായ അന്ത്യം തിരിച്ചറിയേണ്ടി വരും എന്നത് കൊണ്ട് തന്നെ

എന്തായാലും ഒരേ സമയം ഐ എസ് ഐ , മൊസാദ് , എഫ് ബി ഐ , സി ഐ എ , ഐ. ബി , റോ തുടങ്ങി കേരളത്തിലെ മതേതര ന്യൂന പക്ഷ സംരക്ഷക സര്‍ക്കാരിന്റെ പോലീസില്‍ പോലും സ്വാധീനം ഉള്ള സംഘ പരിവാറിനെ സമ്മതിക്കണം . ഭാവിയില്‍ ,ഹമാസ് , അബു സയ്യാഫ് , അല്‍ ഖോയ്ദ തുടങ്ങിയവരൊക്കെ പരിവാറും ആയി കൂട്ട് കൂടും എന്ന് നമുക്ക് പ്രത്യാശിക്കാം .


ഇത്ര കൂടി : ലേബലൊട്ടിച്ച പാത്രത്തിലെ വിഷം തിരിച്ചറിയാം ,അതിനെ നമുക്ക് വേണ്ടത്ര സുരക്ഷ സജ്ജീകരണങ്ങളോടെ പരിശോധിക്കാം .പക്ഷെ പഞ്ചസാര പാത്രത്തിലെ സയനൈഡ് തിരിച്ചറിയാന്‍ വൈകിയാല്‍ .........

Saturday, October 31, 2009

മത മൌലിക വാദികളുടെ മാധ്യമ ധര്‍മം

മാധ്യമങ്ങളുടെ പക്ഷപാതിത്വതെയും ഭീകരതയെയും പറ്റി ഏറ്റവും അധികം ചര്‍ച്ച നടക്കുന്ന ഒരു കാലം ആണല്ലോ ഇത് . സ്വാഭാവികമായും ബൂലോകത്തും അതിന്റെ അനുരണനങ്ങള്‍ പ്രത്യക്ഷമാണ് . ലവ് ജിഹാദും , പ്രണയത്തിന്റെ സാര്‍വ ലൌകികതയും മനുഷ്യാവകാശവും ഭരണകൂട ഭീകരതയും തുടങ്ങി ഏതു വിഷയവും കൈകാര്യം ചെയ്യപ്പെടുന്ന ഒരു ഇടമായി ബൂലോകവും മാറിയിരിക്കുന്നു .

സമകാലികമായി ഏറ്റവും ഉയര്‍ന്നു കേട്ട ഒരു വിഷയം ആയിരുന്നു ലവ് ജിഹാദ് . കേരളത്തിലെ മാധ്യമങ്ങളെല്ലാം സംഘ പരിവാറിന്റെ അധീനതയില്‍ ആണെന്ന് ആയിരുന്നു ഒരു കൂട്ടം ബ്ലോഗര്‍മാരുടെ ആക്ഷേപം . എന്തിനു കോടതി പോലും സംഘ പരിവാറിന്റെ നിലപാടിനനുസരിച്ചു തുള്ളുന്നു എന്ന് മറ്റൊരു കൂട്ടര്‍ . ഇനിയൊരു കൂട്ടര്‍ ആകട്ടെ തികച്ചും മതേതര പത്രങ്ങള്‍ ആയ , കൃത്യമായി മാധ്യമ ധര്‍മം കാത്തു സൂക്ഷിക്കുന്ന മാധ്യമം ,തേജസ്സ്‌ തുടങ്ങിയവയുടെ തുടര്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ട് പാര്‍ശ്വ വല്ക്കരിക്കപ്പെട്ടവരോട് തങ്ങളുടെ സഹാനു ഭൂതിയും അതിനോടൊപ്പം സംഘ പരിവാര്‍ ഭീകരതയുടെ കാണാപ്പുറങ്ങള്‍ തുറന്നു കാണിക്കുകയും ചെയ്തു ..

ബൂലോകത്തിലെ ബുദ്ധിജീവികള്‍ ആകട്ടെ മാധ്യമ പ്രവര്‍ത്തനത്തിന്റെ പോക്കിനെ പറ്റി ഓര്‍ത്തു വിലപിക്കുകയും മേല്‍പറഞ്ഞ സവര്‍ണ്ണ ഭീകരത ഭരണ കൂടത്തോട് ചേര്‍ന്ന് നടത്തുന്ന പൊതു ബോധം സൃഷ്ടിക്കലിനെ പറ്റി വാചാലര്‍ ആകുകയും ചെയ്തു . ചുരുക്കി പറഞ്ഞാല്‍ പ്രണയവും മതവും ആയിരുന്നു കുറച്ചു നാളുകള്‍ ആയി ബൂലോകത്ത് പ്രധാന ചര്‍ച്ചാ വിഷയം ..ഇവിടെ മാധ്യമങ്ങള്‍ ഭീകരത കാണിക്കുന്നു, അസംബന്ധങ്ങള്‍ പടച്ചു വിടുന്നു തുടങ്ങിയ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചവര്‍ തങ്ങളുടെ വാദങ്ങള്‍ക്ക് കൃത്യത പകരാന്‍ ഉപയോഗിച്ചത് മേല്‍ പറഞ്ഞ രണ്ടു പത്രങ്ങള്‍ ആയ മാധ്യമ തേജസ്സുകളിലെ തുടര്‍ ലേഖനങ്ങള്‍ ആയിരുന്നു .

പക്ഷെ പ്രണയത്തിനു ജാതി മത വേലിക്കെട്ടുകള്‍ തടസ്സം ആകരുതെന്നും ഇതെല്ലം ഫാസിസ്റ്റു ഭീകരതയുടെ രഹസ്യ അജണ്ടകള്‍ ആണെന്നുമുള്ള വാദങ്ങളോട് കൂടി വളരെ മനോഹരങ്ങള്‍ ആയ തലക്കെട്ടുകള്‍ കൊടുത്തു ലേഖന പരമ്പര പ്രസിദ്ധീകരിച്ചത് നമ്മുടെ മതേതര "മാധ്യമം" ആണ്. ചില ബ്ലോഗര്‍മാര്‍ തങ്ങളുടെ പോസ്റ്റുകള്‍ ആയി ഈ തുടര്‍ ലേഖനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു . സത്യം പറഞ്ഞാല്‍ പ്രണയത്തെ ഇത്രയധികം പിന്തുണയ്ക്കുന്ന ഇവരെ ഇതുവരെ തിരിച്ചറിയാതെ പോയല്ലോ എന്ന ഒരു ചിന്തയും ഉണ്ടായി .എന്തായാലും ഇത്രയും ശ്രദ്ധ കിട്ടിയ ഈ വിഷയം ആരംഭിക്കാന്‍ കാരണമായ പത്തനം തിട്ട കോളെജ് സംഭവം എങ്ങനെ എന്ന് നോക്കാം .

മാധ്യമത്തിന്റെ ലേഖനത്തില്‍ വന്നത് ഇങ്ങനെ

" ഇതിനിടെ പെണ്‍കുട്ടികള്‍ കോളജ് ഹോസ്റ്റലില്‍ ഇസ്ലാമിക വസ്ത്രരീതിയും ജീവിതശൈലിയും സ്വീകരിച്ചത് സഹപാഠികള്‍ക്കിടയില്‍ ചര്‍ച്ചയായി. അന്തേവാസികള്‍ കോളജ് അധികൃതരെ വിവരമറിയിച്ചു. അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടുകാരെത്തി പെണ്‍കുട്ടികളെ നിര്‍ബന്ധപൂര്‍വം വീടുകളിലേക്ക് തിരിച്ചുകൊണ്ടുപോയി. തങ്ങള്‍ക്ക് മുസ്ലിമായി ജീവിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിനാല്‍ രക്ഷിക്കണമെന്നും കാണിച്ച് പെണ്‍കുട്ടികളിലൊരാള്‍ ഷഹന്‍ഷാക്ക് എസ്.എം.എസ് സന്ദേശമയച്ചു.തുടര്‍ന്ന് യുവാവ് സംഘടനയുടെയും ലീഗിന്റെയുമൊക്കെ സഹകരണം തേടിയെങ്കിലും നിരാശയായിരുന്നു ഫലം. ഈ അവസരത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ചിലരുടെ ഇടപെടല്‍. അവരുടെ സഹായത്തോടെ, കഴിഞ്ഞ ജൂലൈ 18ന് ----യും -------യും ഷഹന്‍ഷാക്കൊപ്പം വീടുകളില്‍ നിന്ന് കടക്കുകയായിരുന്നു."

അപ്പോള്‍ ഇതാണ് സംഭവിച്ചത് ..ഇത് വായിച്ചപ്പോള്‍ മനസ്സിലായത്‌ മേല്‍ പറഞ്ഞ യുവാവ് അയാള്‍ സ്നേഹിക്കുന്ന പെണ്ണിനെ മാത്രമല്ല പെണ്ണിന്റെ കൂട്ടുകാരിയെ കൂടെ കടത്തികൊണ്ടു പോയി എന്നാണു . അന്യ മതത്തില്‍ പെട്ടവര്‍ പ്രണയിക്കുന്നതും ഒളിച്ചോടുന്നതും ഒന്നും പുതിയ സംഭവം അല്ല . പക്ഷെ താന്‍ സ്നേഹിക്കുന്ന പെണ്ണിനോടൊപ്പം അവളുടെ കൂട്ടുകാരിയെ കൂടി കടത്തുന്നതിന്റെ പിന്നിലുള്ള മനഃശാസ്ത്രം എന്താണ് ??? കൂട്ടുകാരിക്കും യുവാവുമായി പ്രണയം ഉണ്ടായിരുന്നോ ?? അപ്പോള്‍ പിന്നെ കൂട്ടുകാരിക്ക് വേണ്ടി ഒരു ഭര്‍ത്താവിനെ ഒപ്പിച്ചു കൊടുക്കുന്നതിന്റെ സാംഗത്യം എന്താണ് ?? ഈ ഒപ്പിച്ചു കൊടുക്കപ്പെട്ട ഭര്‍ത്താവ് കൂട്ടുകാരിയുമായി പ്രണയത്തില്‍ ആയിരുന്നോ ??മാധ്യമത്തിലെ തുടര്‍ ലേഖനങ്ങളില്‍ ഒന്നും ഇതിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല .

അതായത് താന്‍ സ്നേഹിക്കുന്ന പെണ്ണിനോടൊപ്പം ഒളിച്ചോടിയിരുന്നു എങ്കില്‍ ഇതൊന്നും അത്ര വലിയ വാര്‍ത്ത ആകില്ലായിരുന്നു . പക്ഷെ അതിന്റെ കൂടെ കൂട്ടുകാരിയെയും കടത്തുകയും അവള്‍ക്കു ഒരു ഭര്‍ത്താവിനെ കണ്ടു പിടിച്ചു കൊടുക്കുകയും ചെയ്തതില്‍ അസ്വാഭാവികത ഉണ്ട് എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. സ്വാഭാവികമായും മാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു . സ്ഥിരമായി ചെയ്യാറുള്ളത് പോലെ സംഘ പരിവാറിന്റെ കുല്‍സിത ശ്രമം എന്നൊക്കെ പറഞ്ഞു ശ്രദ്ധ തിരിച്ചു വിട്ടവര്‍ കത്തോലിക്കാ സഭയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ അപകടം മണത്തു . ഒറീസ്സയില്‍,ഇല്ലാത്ത മത പരിവര്‍ത്തനത്തിന്റെ പേരില്‍ വല്ലാത്ത ഫാസിസ്റ്റുകള്‍ കാണിക്കുന്ന ന്യൂനപക്ഷ ആക്രമത്തെ കുറിച്ച് ദിവസങ്ങളോളം കണ്ണീര്‍ പൊഴിച്ചവര്‍ നിമിഷങ്ങള്‍ക്കകം കത്തോലിക്കാ സഭയ്ക്കെതിരെ ഉറഞ്ഞു തുള്ളി.സകല സ്നേഹവും നിമിഷങ്ങള്‍ക്കകം ആവിയായി.വിദേശത്ത് നിന്നും എത്തുന്ന പണം കൊണ്ട് കൂട്ട മതപരിവര്‍ത്തനം നടത്തുന്ന ഇവരാണോ ഇപ്പോള്‍ ഈ ചിന്ന മത പരിവര്‍ത്തനത്തിനെതിരെ ശബ്ദം ഉണ്ടാക്കുന്നത്‌ എന്ന് കണ്ണില്‍ ചോരയില്ലാതെ ചോദിച്ചു കളഞ്ഞു.

തുടര്‍ന്ന് പ്രണയം എന്ന മഹത്തായ കാര്യത്തെ പറ്റി വാചാലര്‍ ആകുകയായിരുന്നു നമ്മുടെ മതേതര ' മാധ്യമം "

പക്ഷെ ഈ വാചാലതയും സ്നേഹവും ഒന്നും കാസര്‍കോട്ടെ ബാലകൃഷ്ണനോടും തയ്യിലെ വിനോദിനോടും ഉണ്ടായില്ല എന്നത് മനസ്സിലാകുമ്പോള്‍ ആണ് ഇവരുടെ പ്രണയ സ്നേഹത്തിന്റെ പൊള്ളത്തരം പുറത്താകുന്നത് . 2001 സെപ്ടംബര്‍ 18 നു കൊല്ലപ്പെടുമ്പോള്‍ യൂത്ത് കോണ്ഗ്രസ് നേതാവായ ബാലകൃഷ്ണന്‍ ചെയ്ത കുറ്റം മുസ്ലിമായ റസിയയെ സ്നേഹിച്ചു വിവാഹം കഴിച്ചു എന്നുള്ളതായിരുന്നു .. നാല് വര്‍ഷത്തിനു ശേഷം കേസില്‍ പുരോഗതി ഇല്ല എന്ന പരാതിയോടെ ബാലകൃഷ്ണന്റെ മാതാപിതാക്കള്‍ ഡി ജി പി യെ സമീപിച്ചതിന്റെ വാര്‍ത്ത ഇവിടെ


കണ്ണൂര്‍ തയ്യിലെ വിനോദ് എന്ന മത്സ്യ തൊഴിലാളിയുടെ ഗതിയും മറ്റൊന്നല്ല .മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ച കുറ്റത്തിന് മത മൌലികവാദികളുടെ കൊലക്കത്തിക്ക് ആ യുവാവും ഇരയായി .. മലപ്പുറം ജില്ലയില്‍ മുസ്ലിം പെണ്‍കുട്ടിയെ സ്നേഹിച്ച കുറ്റത്തിന് രാജീവന്‍ എന്ന യുവാവിനും ഒപ്പം ആ പെണ്‍കുട്ടിക്കും താലിബാന്‍ മോഡല്‍ പരസ്യ വിചാരണ നേരിടേണ്ടി വന്നു . അങ്ങനെ ചൂണ്ടിക്കാണിക്കാന്‍ എത്ര സംഭവങ്ങള്‍ ഈ കേരളത്തില്‍ .( നാല് പതിറ്റാണ്ടിനു മുന്‍പ്‌ രാമ സിംഹന്‍ ആയ ഉണ്ന്യേന്‍ സാഹിബും ഭാര്യയും അനുജനും പിന്നെ അവരുടെ സഹായിയും മത മൌലിക വാദികളുടെ കൊലക്കത്തിക്ക് ഇരയായതും മതം മാറി എന്ന കുറ്റത്തിനാണ് .. )ഈ വിശ്വാസ പാപ്പരത്തത്തെ എന്ത് പേരിട്ടു വിളിക്കും എന്നത് വായനക്കാര്‍ തീരുമാനിക്കട്ടെ.

അന്നൊന്നും പ്രണയത്തിന്റെ സൌന്ദര്യത്തെ പറ്റി വാചകമടിക്കാന്‍ ഒരു മാധ്യമവും ഉണ്ടായിരുന്നില്ല . ഒരാളും തുടര്‍ ലേഖനങ്ങള്‍ എഴുതിയില്ല . സമീപകാലത്ത് മഞ്ചേശ്വരം എം എല്‍ എ യുടെ മകളുടെ കൂട്ടുകാരനെ തല്ലിയപ്പോള്‍ എന്തായിരുന്നു പുകില്‍ (ശ്രീരാമ സേന എന്ന് പറഞ്ഞെങ്കിലും പിടിയിലായവര്‍ എം എല്‍ എ യുടെ പാര്‍ട്ടിക്കാര്‍ ആണെന്നാണ്‌ പോലീസ്‌ പറയുന്നത് ) കേരളം പൊട്ടിതെറിച്ചു ബൂലോഗത്തില്‍ ആകട്ടെ മതെതരന്മാരുടെയും ബുദ്ധി ജീവികളുടെയും പ്രതിഷേധങ്ങളുടെ പരമ്പര തന്നെ ഉണ്ടായി ..പക്ഷെ ഈ അടുത്ത സമയത്ത് ഇതേ മംഗലാപുരത്ത്‌ ഒരുമിച്ചു ഭക്ഷണം കഴിച്ചതിന്റെ പേരില്‍ പരസ്യ വിചാരണക്ക് ഇരയായ കുട്ടികളെ പറ്റി ഹിന്ദു വില്‍ വന്ന വാര്‍ത്ത ഇവിടെ എന്തെ ആരും അറിഞ്ഞില്ലേ .. ആരും പിങ്ക് ജെട്ടികള്‍ അയച്ചതായി കേട്ടില്ല .. ഒരു മതെതരന്റെയും രക്തം തിളച്ചില്ല . എന്തുകൊണ്ട് ??? ഒരു ഭാഗത്ത് സംഘ പരിവാര്‍ ഇല്ലെങ്കില്‍ അതിനെതിരെ ശബ്ദിച്ചിട്ട്‌ കാര്യമില്ല . കാരണം അപ്പോള്‍ മതേതര പട്ടം കിട്ടില്ല . ചിലപ്പോള്‍ ഫാസിസ്റ്റു പട്ടം കിട്ടാനുള്ള സാധ്യത ഉണ്ട് താനും .

മാധ്യമ തേജസ്സാദികളുടെ അടുത്ത ആരോപണം മറ്റു മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നു എന്നതാണ്. മംഗളം,മനോരമ,മാതൃ ഭൂമി,കേരളകൗമുദി,ഏഷ്യാനെറ്റ്‌ തുടങ്ങി ഇന്ത്യാ വിഷന്‍ പോലും സംഘ പരിവാര്‍ സ്വാധീനത്തില്‍ ആണത്രേ.ഗുജറാത്ത് കലാപ ശേഷം ഗര്‍ഭിണിയുടെയും ശൂലത്തിന്റെയും കഥകള്‍ പറഞ്ഞു വിളവെടുപ്പ്‌ നടത്തിയവര്‍ ആണ് ഇങ്ങനെ പറയുന്നത്.അന്ന് പത്രങ്ങളുടെ പ്രവര്‍ത്തനം ഉദാത്തവും ഉത്കൃഷ്ടവും ആയിരുന്നു ഇവര്‍ക്ക് .പിന്നീട് ഈ കഥകളൊക്കെ സെതല്‍ വാദ് അടുക്കളയില്‍ വേവിച്ചെടുത്തത് ആയിരുന്നു എന്ന് അന്വേഷണത്തില്‍ തെളിഞ്ഞപ്പോള്‍ അത് ഒറ്റക്കോളം വാര്‍ത്തയില്‍ ഒതുക്കി പത്ര ധര്‍മം കാത്തു സൂക്ഷിച്ചവര്‍ ആണ് ഇപ്പോള്‍ മാധ്യമ മൂല്യ ച്യുതിയെ പറ്റി മുറ വിളികള്‍ നടത്തുന്നത് .

പാകിസ്ഥാനില്‍ ഇന്ത്യ ഇടപെടല്‍ നടത്തുന്നു എന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇന്ത്യയോട് പറഞ്ഞതായി അവിടുത്തെ ഡോണ്‍ പത്രം എഴുതിയപ്പോള്‍ (പാകിസ്താന്‍ പോലും അന്ന് അങ്ങനെ പറഞ്ഞില്ല ) അതിനെ അനുകൂലിച്ചു കൊണ്ട് എഡിറ്റോറിയല്‍ എഴുതിയ പത്രമാണ്‌ മാധ്യമം . കാശ്മീരിലെ തീവ്രവാദികള്‍ പോരാളികള്‍ ആണ് തേജസ്സിന് . നുഴഞ്ഞു കയറ്റക്കാരെ വെടിവെച്ചു കൊന്നപ്പോള്‍ അത് ലഷ്കര്‍ ഐ തോയ്ബ എന്നാരോപിച്ച് വെടിവെച്ചു കൊന്നുവെന്നാണ് ഇവരുടെ പുതിയ ഭാഷ്യം . ഇങ്ങനെ പരസ്യമായി മത മൌലിക വാദവും രാജ്യ ദ്രോഹവും പ്രവര്‍ത്തിക്കുന്ന ഇവര്‍ പത്ര ധര്‍മ്മത്തെ പറ്റി വാചാലര്‍ ആകുന്നതു കാണുമ്പോള്‍ അത് വേശ്യയുടെ ചാരിത്ര പ്രസംഗം ആണെന്ന് മറ്റുള്ളവര്‍ ധരിക്കുന്നത് സ്വാഭാവികം മാത്രം .

ഇവരുടെ അടുത്ത വാദം ആണ് ഏറ്റവും രസകരം . മേല്‍പറഞ്ഞ പറഞ്ഞ മാധ്യമങ്ങളൊക്കെ തെളിവില്ലാതെ വാര്‍ത്തകള്‍ കൊടുക്കുന്നുവത്രെ .. മുംബൈ ആക്രമണം യാങ്കി സയനിസ്റ്റ്‌ പരിവാര്‍ അച്ചുതണ്ടിന്റെ പരിപാടി ആയിരുന്നെന്നു പ്രചരിച്ചപ്പോള്‍ , ജമിയാ നഗറില്‍ പോലീസ്‌ വ്യാജ ഏറ്റുമുട്ടല്‍ നടത്തിയതാണ് എന്ന് പറഞ്ഞു തുടര്‍ പരമ്പരകള്‍ ഇറക്കിയപ്പോള്‍ ,ഗുജറാത്ത്‌ കലാപം നരേന്ദ്ര മോഡി ആസൂത്രണം ചെയ്തതാണ് എന്ന് പ്രഖ്യാപിച്ചു വാര്‍ത്തകള്‍ കൊടുത്തപ്പോള്‍,ഹേമന്ത് കാര്‍ക്കരെയെ ആര്‍.എസ്.എസ് കാര്‍ വധിച്ചതാണെന്ന് പ്രത്യക്ഷമായും പരോക്ഷം ആയും പറഞ്ഞു കൊണ്ട് പേജുകള്‍ എഴുതി നിറച്ചപ്പോള്‍ എന്ത് തെളിവുകള്‍ ആണ് ഈ മത മൌലിക വാദ പത്രങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നത് ?(ജാമിയ നഗര്‍ ഏറ്റുമുട്ടല്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയത് ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കുക)

അപ്പോള്‍ കാര്യം ഇത്രയേ ഉള്ളൂ .. തങ്ങള്‍ക്കു വേണ്ടുന്ന വിധത്തില്‍ പത്രങ്ങള്‍ എഴുതിയാല്‍ അത് ഉത്കൃഷ്ടം ഉദാത്തം .. അല്ലെങ്കിലോ പരമ നികൃഷ്ടം . കോടതി വിധികള്‍ അനുകൂലമായാല്‍ കോടതിക്ക് മതേതര സ്വരം , അല്ലെങ്കിലോ സംഘ പരിവാര്‍ സ്വരം .. ഇടയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ എന്ന് പറഞ്ഞാല്‍ തേനും പാലും ആയിരുന്നു . പക്ഷെ ബട്ല ഹൌസ്‌ ഏറ്റുമുട്ടല്‍ വന്നപ്പോള്‍ മനുഷ്യാവകാശ കമ്മീഷനും പരിവാര്‍ ആയി ..

ഇനിയിപ്പോ ജൂഡീഷ്യല്‍ അന്വേഷണം നിരസിച്ചതിന് സുപ്രീം കോടതിക്കും കിട്ടുമായിരിക്കും പരിവാര്‍ പട്ടം . ആര്‍ക്കറിയാം കാത്തിരുന്നു കാണുക തന്നെ .

ഇതര മതങ്ങളില്‍ പെട്ടവര്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും പുതിയ കാര്യമൊന്നും അല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ചു ചിലപ്പോള്‍ മതം മാറി എന്നും വരാം . അതൊക്കെ സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം.പക്ഷെ പ്രത്യേക അജന്ഡ വെച്ചുള്ള പ്രണയം ഉണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടെണ്ടതാണ് . അതില്‍ യാതൊരു സംശയവും ഇല്ല. വാര്‍ത്തകള്‍ കൊടുത്ത പത്രങ്ങളില്‍ ഒന്നും മുസ്ലിം സമൂഹം മുഴുവനുമോ ഏതെങ്കിലും അംഗീകൃത മുഖ്യ ധാര മുസ്ലിം സംഘടനകളോ ഇതിനു പിന്നില്‍ ഉണ്ടെന്നു പറഞ്ഞിട്ടില്ല .ഒരു പ്രത്യേക തീവ്രവാദ സംഘടനയെ പറ്റി മാത്രം ആയിരുന്നു പരാമര്‍ശം വന്നത് .പക്ഷെ അതേറ്റു പിടിക്കാന്‍ മുഴുവന്‍ മുസ്ലിം സംഘടനകളും ഒറ്റക്കെട്ടായി രംഗത്തെത്തിയത് മത തീവ്രവാദികള്‍ക്ക് കരുത്ത്‌ പകരാന്‍ മാത്രമേ സഹായിച്ചുള്ളൂ.വര്‍ഗീയതയെ എതിര്‍ക്കാം,പരിവാറിനെ എതിര്‍ക്കാം.പക്ഷെ അത് മത തീവ്രവാദികളുടെ തോളില്‍ കയ്യിട്ടു കൊണ്ടാകരുത്.അങ്ങനെ വന്നാല്‍ അത് മറ്റൊരു 'പൊതു ബോധം സൃഷ്ടിക്കലിലേക്ക് ' ചെന്നെത്തുവാന്‍ സഹായകം ആകും എന്ന് ഇവര്‍ എന്നാണു തിരിച്ചറിയുന്നത്‌ ????


വിശ്വാസ പാപ്പരത്തത്തെ പറ്റി രണ്ടു വാക്ക് ..( പോസ്റര്‍ പ്രചരണം നടത്തിയവരോട് മാത്രം )

ശരിയാണ് ..എല്ലാ മാര്‍ഗങ്ങളും ഒരു ലക്ഷ്യത്തിലേക്ക് ആണ് എന്ന് വിശ്വസിച്ചതും പഠിപ്പിച്ചതും ഇവിടുത്തെ ഭൂരിപക്ഷ സമൂഹം ചെയ്ത ആദ്യത്തെ തെറ്റ് . എന്റേത് മാത്രം ശരി മറ്റുള്ളതെല്ലാം തെറ്റ് എന്ന് എവിടെയും പറയാഞ്ഞത് അടുത്ത തെറ്റ് . മത ഭ്രാന്തന്‍ മാരുടെ അരും കൊലകള്‍ കാര്‍ഷിക കലാപം ആയും സ്വാതന്ത്ര്യ സമരം ആയും മാറുന്ന മാജിക്‌ കണ്ടു മിണ്ടാതെ നിന്നത് അടുത്ത തെറ്റ് .അങ്ങനെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള എത്രയെത്ര തെറ്റുകള്‍ .ഇവിടുത്തെ ഭൂരിപക്ഷ സമൂഹം ഇതൊക്കെ സഹിച്ചത് തങ്ങളുടെ നിസ്സഹായത കൊണ്ട് ആണ് എന്ന് കരുതുന്നുവെങ്കില്‍ പ്രിയ പോസ്റര്‍ ഫ്രണ്ടുകാരെ നിങ്ങള്ക്ക് തെറ്റി .. ഇങ്ങനത്തെ വിശ്വാസ പാപ്പരത്തം ഒക്കെ മാറ്റിവെച്ചു ഇവിടുത്തെ ഭൂരിപക്ഷ സമൂഹം തെറ്റുകള്‍ തിരുത്താനും തീവ്ര വിശ്വാസികള്‍ ആകാനും ശ്രമിച്ചു തുടങ്ങിയാല്‍ പല പ്രതിരോധങ്ങളും മതിയാകാതെ വരുമെന്ന് കൂടി ദയവായി ഓര്‍ക്കുക ...

Thursday, August 27, 2009

'എസ് 'വളവുള്ള കത്തികള്‍

തുടര്‍ച്ചയായ മൊബൈല്‍ നാദം കേട്ടാണ്‌ ഒരു ഉച്ചയുറക്കത്തിന്റെ ആലസ്യത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് .. ആരാണാവോ എന്ന് അല്പം ഈര്‍ഷ്യയോടെ വിചാരിച്ച് നോക്കിയപ്പോള്‍ ഒന്ന് അമ്പരന്നു .. മണ്ഡലത്തിന്റെ കാര്യവാഹ് രാജേഷ്‌ ആയിരുന്നു ലൈനില്‍ .. എന്താണാവോ പണി കിട്ടുന്നത് എന്ന് സംശയിച്ചാണ് ഫോണ്‍ എടുത്തത്‌ . കക്ഷി അല്പം സംഭ്രമത്തില്‍ ആയിരുന്നു . സംസാരത്തിന്റെ പൂര്‍ണ്ണ രൂപം താഴെ

" നമസ്തേ രാജേഷേട്ടാ "
"നമസ്തേ .. അത്യാവശ്യമായി ഒരു വിവരം അറിയിക്കാന്‍ ഉണ്ട്.. ഉടനെ കാണണം .. താങ്കളുടെ ശാഖയിലെ സ്വയം സേവകരെ ഒക്കെ വിളിക്കണം "
"എന്താണ് ചേട്ടാ കാര്യം "
"അറിഞ്ഞില്ലേ നമ്മള്‍ ഉപയോഗിക്കുന്ന "എസ്" ആകൃതിയിലുള്ള കത്തിയെ പറ്റി പോലീസിനു വിവരം കിട്ടിയിരിക്കുന്നു .. ഇത്രയും നാള്‍ രഹസ്യമായ ഈ വിവരം എങ്ങനെ പരസ്യമായി എന്നറിയില്ല ."
" അല്ല ചേട്ടാ ആരാണ് പോലീസിനു വിവരം കൊടുത്തത്‌ "
" താങ്കള്‍ അറിഞ്ഞില്ലേ ടി വി ..യില്‍ പിണറായി സഖാവ്‌ പത്ര സമ്മേളനം നടത്തിയത്‌ കണ്ടില്ലേ ??"
"ഇല്ല ഞാന്‍ ഉറക്കമായിരുന്നു "

Monday, February 23, 2009

മലബാര്‍ കലാപം - തമസ്കരിക്കപ്പെട്ട സത്യങ്ങള്‍

1921 ഇല്‍ ഏറനാടു വള്ളുവനാടു പ്രദേശങ്ങളില്‍ ഖിലാഫത്തിന്റെ പേരില്‍ നടന്ന കലാപം ഒരു കൂട്ടര്‍ക്ക് സ്വാതന്ത്ര്യ സമരവും മറ്റൊരു കൂട്ടര്‍ക്കു കാര്‍ഷിക കലാപവും ആയപ്പോള്‍ തമസ്കരിക്കപ്പെട്ടത് കലാപത്തിന്റെ പേരില്‍ ജീവനും മതവും നഷ്ടപ്പെട്ട ഒരു സമൂഹത്തിന്റെ വേദനകളാണ്. ലഹളക്കാലത്ത് കലാപകാരികളുടെ കയ്യില്‍ പെടാതെ ഹിന്ദു സമൂഹത്തെ കണ്ണിലെ ക്രിഷ്ണമണി പോലെ കാത്തു സൂക്ഷിച്ച മുസ്ലിം സഹോദരന്മാര്‍ മറക്കപ്പെട്ടവരും അറുകൊല നടത്തിയവര്‍ പില്‍ക്കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളും ആയതോടെ മലബാര്‍ കലാപം വളച്ചൊടിക്കപ്പെട്ട ചരിത്രങ്ങളില്‍ പുതിയ അദ്ധ്യായം ആയി മാറുകയായിരുന്നു.


മലബാര്‍ കലാപം സ്വാതന്ത്ര്യ സമരമോ ??

ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്തണമെങ്കില്‍ മലബാര്‍ കലാപത്തിനു കാരണമായ ഖിലാഫത്ത് പ്രസ്ഥാനത്തെ പറ്റി ചിന്തിക്കേണ്ടി വരും. ഒന്നാം ലോക മഹായുദ്ധത്തിലെ വിജയത്തിനു ശേഷം സഖ്യ കക്ഷികള്‍ വിശേഷിച്ചും ബ്രിട്ടന്‍ തുര്‍ക്കിയില്‍ നടത്തിയ ഇടപെടലുകള്‍ ആണു ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിനു ഉപോദ്ബലകം ആയത്. തുര്‍ക്കിയിലെ ഖലീഫയെ സ്ഥാനഭ്രഷ്ടനാക്കിയ ബ്രിട്ടീഷ് സാമ്രാജ്യം മറ്റ് അറബ് പ്രവിശ്യകള്‍ സഖ്യ കക്ഷികള്‍ക്ക് പങ്കിട്ടു കൊടുക്കുകയും ചെയ്തു .സ്വാഭാവികമായും ബ്രിട്ടനോടു മുഹമ്മദീയര്‍ക്കു വിദ്വേഷമുണ്ടാകാന്‍ ഈ നടപടി കാരണമാകുകയും ചെയ്തു.

Saturday, January 31, 2009

കെ ഇ എന് - പുരോഗമന പുണ്യാളന്

ശ്രീ കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ " അവര്‍ ക്രിസ്ത്യാനികളെ തേടിയെത്തി " എന്ന മഹത്തായ പുസ്തകം ആണ് ഈ പോസ്റ്റിനാധാരം . ചിന്ത പബ്ലിഷെര്‍സ് ആണു പുസ്തകത്തിന്റെ പ്രസാധകര്‍. ദേശാഭിമാനി ബുക്ക് ഹൗസ് വിതരണക്കാരും. സംഘ പരിവാറിന്റെ ക്രിസ്ത്യന്‍ വംശ ഹത്യ നേരിട്ടു കാണാന്‍ സഖാവ് കുഞ്ഞഹമ്മദ്ക്കയും കൂട്ടു പുരോഗമനക്കാരും പോയതിന്റെ ബാക്കി പത്രമാണു ഈ പുസ്തകം .

ശ്രീ കെ.ഇ .എന്‍ തന്നെ എഴുതിയ ആമുഖം അവസാനിക്കുന്നത് ഇങ്ങനെ .
“എന്നാല്‍ ഇതേറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് പീഡനങ്ങള്‍ക്ക് നടുവിലും ഫാസിസ്റ്റ് ആക്രോശങ്ങള്‍ക്കിടയിലും എന്തു തന്നെ സംഭവിച്ചാലും ഞങ്ങളിവിടെ ഈ രുധിര ഭൂമിയില്‍ ഉറച്ചു നില്‍ക്കും എന്ന് നിശബ്ദമായി പ്രഖ്യാപിക്കുന്ന കന്ദമാലിലെ പീഡിത ക്രിസ്ത്യന്‍ സമൂഹത്തിന്റെ സര്‍ഗാത്മക ശക്തിയോടാണ് "

അങ്ങ് ഇങ്ങനെ പലരോടും കടപ്പെട്ടിരിക്കുന്നു എന്നത് പരസ്യമായ രഹസ്യം ആണല്ലൊ .
“ മതനിരപേക്ഷതയുടെ പത്രം” എന്നു തേജസ്സിനെ വിശേഷിപ്പിച്ച താങ്കളുടെ പുരോഗമന സഹയാത്രികന്‍ പുരുഷന്‍ കടലുണ്ടിയും ആരോടൊക്കെയോ കടപ്പെട്ടിരിക്കുന്നു.