Thursday, November 21, 2013

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും

ഇതെല്ലാമാണെങ്കിലും അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയതിന്റെ ക്രെഡിറ്റുമായി രംഗത്തുവരുന്നത്‌ സിപിഎംകാരാണ്‌. ജൂണ്‍ 25 ന്‌ ടിവി ചാനലുകള്‍ മുന്‍കാല എസ്‌എഫ്‌ഐക്കാരെ തേടി പായുന്നു. അടിയന്തരാവസ്ഥയുടെ ആദ്യദിനത്തില്‍ ജയിലില്‍ കുറച്ചുനാള്‍ കഴിയേണ്ടി വന്നവര്‍ തങ്ങളുടെ വൈയക്തിക അനുഭവം പറയുന്നു. പാവം പ്രേക്ഷകര്‍ ഇത്‌ പാര്‍ട്ടിയുടെ ബാലന്‍സ്‌ ഷീറ്റായി കാണുന്നു. അടിയന്തരാവസ്ഥയില്‍ മര്‍ദ്ദനത്തിനിരയായവരെ രണ്ടാം സ്വാതന്ത്ര്യസമര സേനാനികളായി കണക്കാക്കണമെന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ പ്രതിപക്ഷത്തായിരിയ്ക്കുമ്പോള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണത്തില്‍ വന്നപ്പോള്‍ അതിനുവേണ്ടി ഒന്നും ചെയ്യാതിരുന്നതിന്റെ ഗുട്ടന്‍സ്‌ അതുതന്നെ. അങ്ങനെ ഒരു തീരുമാനമുണ്ടായാല്‍ തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക്‌ കാര്യമായി ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ്‌ അദ്ദേഹത്തിനും മറ്റു സിപിഎം നേതാക്കള്‍ക്കും ഉണ്ടായിട്ടുണ്ടാകണം. അങ്ങനെ വന്നാല്‍ ആര്‍എസ്‌എസ്കാര്‍ക്ക്‌ അര്‍ഹതയുണ്ടാവുകയും ചെയ്യും! ‘സ്വയം സ്വീകൃത’ മായ യത്നത്തിന്‌ പ്രതിഫലം വാങ്ങാന്‍ ഒറ്റ ആര്‍എസ്‌എസുകാരനും ക്യൂ നില്‍ക്കില്ല എന്നത്‌ വേറെ കാര്യം. കാരണം അവര്‍ ‘പതത്വേഷകായോ നമസ്തേ നമസ്തേ’ എന്ന്‌ ദൈനംദിനം ചൊല്ലി ശീലിച്ചവരാണ്‌.

ശ്രീ ടി . സതീശൻ ജന്മഭൂമിയിൽ എഴുതിയ ലേഖനം .. വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യുക

അടിയന്തിരാവസ്ഥ എതിർത്തവരും കൊല്ലപ്പെട്ടവരും

Friday, November 15, 2013

വിചാരധാരയും ആഭ്യന്തര ഭീഷണികളും

നമ്മുടെ രാഷ്ട്രം നേരിടുന്ന ആഭ്യന്തരഭീഷണി (അകത്തുനിന്നു തന്നെയുള്ള തുരങ്കം വയ്ക്കലു) കളേക്കുറിച്ചു പറയുന്നതിനിടയിൽ ഗോൾവൾക്കർ വളരെ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാട്ടുന്നു. അതു ശരിയാണെന്ന്‌ ഒറ്റവായനയിൽത്തന്നെ ആർക്കും ബോദ്ധ്യമാകും.

രാഷ്ട്രവിഭജനം നടന്നപ്പോൾ പാകിസ്ഥാനിലേക്കു ചേർക്കപ്പെട്ട പഞ്ചാബ്‌- സിന്ധ്‌ - പ്രദേശങ്ങളിലെ ജനങ്ങൾ സത്യത്തിൽ അതിനു മുമ്പത്തെ തെരഞ്ഞെടുപ്പുകളിൽ വിഭജനവാദമുന്നയിച്ച മുസ്ലീം ലീഗിനെ തിരസ്കരിച്ചവരാണ്‌. അവസാനകാലത്തു മാത്രമാണ്‌ ലീഗിനവിടെ ശബ്ദമുണ്ടായത്‌. എന്നാൽ, ആദ്യം മുതൽ തന്നെ ലീഗിന്റെ വിഭജനാവശ്യത്തിനു ശക്തമായ പിന്തുണ ലഭിച്ചിരുന്ന - തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിക്കൊടുത്ത ചില പ്രദേശങ്ങൾ - ഉത്തർപ്രദേശ്‌- ബീഹാർ - ബംഗാൾ - മേഖലകളിലുള്ള ചില പ്രദേശങ്ങൾ - വിഭജനാനന്തരം ഇന്ത്യയിൽത്തന്നെ തുടരുകയാണ്‌! അപ്പോൾ, ആ പ്രദേശങ്ങളിലുള്ള ചില മുസ്ലീങ്ങൾ - പാകിസ്ഥാനു വേണ്ടി അതുവരെ ശക്തമായി വാദിച്ചിരുന്നവർ - ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തിട്ടില്ലെന്നു തീർച്ചയുമുള്ള നിലയ്ക്ക്‌ - അത്തരക്കാർക്ക്‌ ഒന്നടങ്കം സ്വാന്തന്ത്ര്യാനന്തരം ഒരു സുപ്രഭാതത്തിൽ പൊടുന്നനെയുള്ള മനപരിവർത്തനം വന്നു എന്നു കരുതിക്കൂടാ എന്നും ചിലരെങ്കിലും ഇപ്പോളും ഇവിടെ നിന്നുകൊണ്ടുതന്നെ പാകിസ്ഥാൻ അനുകൂലമനോഭാവവുമായി കഴിയുന്നുണ്ടാവണമെന്നും നാം അതേപ്പറ്റി ബോധവാന്മാരും ജാഗരൂകരും ആയിരിക്കണം എന്നുമാണവിടെ സൂചിപ്പിക്കുന്നത്‌.

മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്‌? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്‌? അപ്പോൾ, പതിറ്റാണ്ടുകൾക്കു മുമ്പെഴുതിയ ഒരു പുസ്തകത്തിൽ, കടുത്ത പാകിസ്ഥാൻവാദികളായിരുന്ന അനേകം ആളുകൾ ഇപ്പോളും നമുക്കിടയിൽത്തന്നെയുണ്ടെന്നും അവർക്ക്‌ ഇപ്പോളും കൂറ്‌ അവിടേയ്ക്കായിരിക്കാൻ സാദ്ധ്യതയുണ്ടെന്നും അതേപ്പറ്റി സകലദേശസ്നേഹികളും ജാഗ്രതപാലിക്കണമെന്നും ആരെങ്കിലും പറഞ്ഞുവച്ചാൽ അതു 'ഫാസിസ'മാണോ അതോ കേവലം "ഫാക്റ്റ്സ്‌" ആണോ ? അതോ ഇനി അതാണോ ഈ പറയുന്ന  സോ കോൾഡ്‌ 'ഉൻമൂലന'സിദ്ധാന്തം? വാക്കുകൾക്ക്‌ അർത്ഥം മാറിയെങ്കിൽ ക്ഷമിക്കുക - ഞാനറിഞ്ഞിരുന്നില്ല.

പാക്കിസ്ഥാൻ അനുവദിച്ചു തന്നില്ലെങ്കിൽ കൊന്നുകളയുക തന്നെ ചെയ്യുമെന്നു സൂചിപ്പിച്ചുകൊണ്ട്‌ മുസ്ലീം ലീഗ്‌ പ്രവർത്തകർ "ഡയറക്ട്‌ ആക്ഷൻ" നടത്തിയപ്പോൾ, ഒരൊറ്റ ദിവസം തന്നെ ആയിരക്കണക്കിനു (പല ആയിരങ്ങൾ എന്നു തന്നെ) ഹിന്ദുക്കളാണ്‌ കൽക്കത്ത എന്ന ഒരൊറ്റ നഗരത്തിൽ മാത്രം കൊല്ലപ്പെട്ടത്‌.

1946 ഇലെ കൊൽക്കത്ത കലാപം
പിന്നീട്‌ ഒരു വർഷത്തിനു ശേഷം - വിഭജനാനന്തരം - കൽക്കത്ത എവിടെയായിരുന്നു? ഇന്ത്യയിലോ അതോ കിഴക്കൻ പാകിസ്ഥാനിലോ? ഇന്ത്യ എന്നാണുത്തരമെങ്കിൽ, കൽക്കത്തയിലെ അന്നത്തെ പാക്‌ അനുകൂല കലാപകാരികൾ ഒന്നടങ്കം ആഗസ്ത്‌ 15-ന്‌ അതിർത്തി കടന്നിരുന്നോ അതോ അർദ്ധരാത്രിയിൽ മാനസാന്തരപ്പെട്ട്‌ ഇവിടെത്തന്നെ മര്യാദക്കാരായി കൂടിയോ? ഏതാണു നാം വിശ്വസിക്കേണ്ടത്‌? അല്ല  - എന്തിനാണു നാം വടക്കോട്ടു പോകുന്നത്‌?  "പത്തണയ്ക്കു കത്തിവാങ്ങി കുത്തിനേടും പാകിസ്ഥാൻ" എന്ന പ്രയോഗം മലയാളത്തിൽത്തന്നെയുള്ളതായിരുന്നല്ലോ . ഒരുകാലത്ത്‌ കേരളത്തിലെ തെരുവുകളിൽ അത്‌ അലറി വിളിച്ചു നടന്നവർ ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തെന്നാണോ  വാദിക്കുന്നത്‌? അതോ അവരെല്ലാം കൃത്യം 1947 ആഗസ്റ്റ് പതിനഞ്ചിനു മനസ്താപപ്പെട്ട്‌ ഇന്ത്യൻ യൂണിയനിൽ അത്ഭുതകരമായി ലയിച്ചോ? - ഇവിടെ വിഷമം വിചാരിച്ചിട്ടു കാര്യമൊന്നുമില്ല. യാഥാർത്ഥ്യങ്ങളെ നാം യാഥാർത്ഥ്യങ്ങളായിത്തന്നെ അംഗീകരിക്കണം. ഒറ്റ സുപ്രഭാതത്തിലെ കൂട്ടമാനസാന്തരത്തിന്റെ കഥ വിശ്വസിച്ച്‌ കണ്ണുമടച്ചിരുന്നുകൂടാ എന്നു, ദേശവിരുദ്ധപ്രവർത്തനങ്ങൾ ഉള്ളിൽ നിന്നു തന്നെ ഇനിയും മുളപൊട്ടിക്കൂടായ്കയില്ല എന്നും, ജാഗരൂകരായിരിക്കണമെന്നും ഒരാൾ പറയുന്നെങ്കിൽ എതിർപ്പുണ്ടാകുന്നതിന്റെ ന്യായമെന്താണു ?

ഒന്നാമതായി – ആരെയെങ്കിലും “ടാർജെറ്റു” ചെയ്തുകൊണ്ടോ മറ്റോ എഴുതിയതല്ല ആ പുസ്തകവും അതിലെ അദ്ധ്യായങ്ങളും. വലിയൊരു പുസ്തകത്തിന്റെ ഭാഗമായി – നമ്മുടെ രാഷ്ട്രവുമായി ബന്ധപ്പെട്ട അനവധി ചിന്തകളവതരിപ്പിച്ചിരിക്കുന്ന കൂട്ടത്തിൽ - വിരലിലെണ്ണാവുന്ന താളുകളിലായി കടന്നു വരുന്ന ചെറിയൊരു ഭാഗം മാത്രമാണ് ‘ആഭ്യന്തരഭീഷണികൾ‘ എന്ന അദ്ധ്യായം. കമ്മ്യൂണിസ്റ്റുകൾക്കും ഇസ്ലാമിസ്റ്റുകൾക്കും മറ്റു നുണപ്രചാരകർക്കുമെല്ലാം താല്പര്യമുള്ള ഭാഗം അതു മാത്രമായതു കൊണ്ട് – അതു മാത്രം പൊക്കിപ്പിടിക്കപ്പെടുകയാണ്. അതും – വെട്ടിമുറിച്ച് അർത്ഥവ്യതിയാനം വരുത്തിക്കൊണ്ട് - വികലവ്യാഖ്യാനങ്ങളുടെ അകമ്പടിയോടെ!

നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും ഭീഷണിയുയർത്തിക്കൊണ്ടു പ്രവർത്തിക്കുന്നവരേക്കുറിച്ചുള്ള പരാമർശങ്ങൾ ആ അദ്ധ്യായത്തിലുണ്ട്. അതുകൊണ്ട്? അന്യരാഷ്ട്രങ്ങളോടുള്ള കൂറു മനസ്സിലുണ്ടാകുക മാത്രമല്ല – അതു സ്വരാഷ്ട്രത്തെ അപായപ്പെടുത്തുന്ന വിധത്തിൽ ആപത്കരമാകുക കൂടി ചെയ്യാമെന്നതേപ്പറ്റി ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട്? മുസ്ലീങ്ങളിൽ ചിലർ അക്കൂട്ടത്തിൽ‌പ്പെടുമെന്ന സൂചനയുമുണ്ട്. അതുകൊണ്ട്?

രാജ്യത്തെ വെട്ടിമുറിക്കണമെന്നു വർഷങ്ങളോളം വാദിക്കുകയും അതിനായി ആയുധമെടുത്തു പോരാടുകയും അത്തരം ആശയങ്ങൾ പേറിയ രാഷ്ട്രീയകക്ഷിയെ ജയിപ്പിക്കുകയും ചെയ്തവരിൽ മിക്കവാറും പേർ വിഭജനത്തിനു ശേഷവും ഇവിടെത്തന്നെ തുടർന്നപ്പോൾ - ഒറ്റരാത്രികൊണ്ട് അവരുടെ വിഘടനവാദത്തിന് അറുതി വന്നിട്ടുണ്ടാകുമെന്ന് എങ്ങനെ കരുതാനാകും എന്ന ചിന്തയാണവിടെ കൊടുത്തിരിക്കുന്നത്. നാം അത്തരക്കാരേക്കുറിച്ചു ജാഗരൂകരായിരിക്കണമെന്നതാണവിടത്തെ യുക്തി. അതു വളരെ കൃത്യമായ നിരീക്ഷണമല്ലെന്നുണ്ടോ? എതിരഭിപ്രായമുണ്ടെങ്കിൽ പറയുക. ഒരാൾ അങ്ങനെ പറഞ്ഞാൽ ഉടൻ തന്നെ അത് ഇവിടെ വസിക്കുന്ന സകലമുസ്ലീങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണെന്നു കരുതുന്നെങ്കിൽ - അതിനർത്ഥം ഇവിടുത്തെ മുസ്ലീങ്ങളെല്ലാം വിഘടനവാദികളാണെന്നു ചിത്രീകരിക്കുന്നുവെന്നാണ്. ഞാനതിനോടെന്തായാലും യോജിക്കുന്നില്ല. ഗോൾവൾക്കറും അത്തരമൊരു ചിന്തയല്ല പങ്കുവയ്ക്കുന്നത്. ഭാരതീയരായ മുസ്ലീങ്ങളേപ്പറ്റി നല്ലതുപറയുന്ന അനവധി വരികൾ വിചാരധാരയിൽത്തന്നെ വായിക്കുമ്പോളെങ്കിലും  അക്കാര്യത്തിൽ സ്പഷ്ടത വരേണ്ടതായിരുന്നു. പക്ഷേ അതെങ്ങനെ – മറിച്ചുനോക്കുന്നത് മെനക്കേടാണെന്നതാണല്ലോ അവസ്ഥ! 

ഇനി, കമ്മ്യൂണിസ്റ്റുകളേക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗം. അവിടെ പറഞ്ഞിരിക്കുന്നതും സത്യമല്ലെന്നുണ്ടോ? അവർക്കു ചൈനാപ്രേമമുണ്ടായിരിക്കാം. ആകട്ടെ. അതു പക്ഷേ – നമ്മുടെ രാഷ്ട്രതാല്പര്യങ്ങളെ ബലികഴിക്കുന്ന തരത്തിലാവുന്നത് തികച്ചും ആപത്ക്കരമല്ലേ? എത്രയോ ഉദാഹരണങ്ങൾ നമ്മൾ ഇപ്പോളും കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവും കടുത്ത നിലപാട് – നമ്മെ ആക്രമിച്ച ചൈനയെ പരസ്യമായി പിന്തുണണയ്ക്കുകയും ആക്രമണം ആഘോഷിക്കുകയും നമ്മുടെ ജവാന്മാർക്കു വൈദ്യസഹായമെത്തുന്നതു തടയുകയും വരെ ചെയ്ത പാരമ്പര്യമല്ലേ ചില കമ്മ്യൂണിസ്റ്റുകൾക്കുള്ളത്? യുദ്ധകാലത്തെ കഥകൾ മുഴുവൻ ആവർത്തിക്കുന്നില്ല. അത്തരത്തിൽ, നമ്മുടെ രാഷ്ട്രതാല്പര്യങ്ങളേയും സുരക്ഷയേയും അപായപ്പെടുത്തുന്നത്ര അളവിൽ അന്യരാജ്യങ്ങളോടു കൂറു പുലർത്തുന്നവർ നമുക്കിടയിൽത്തന്നെയുണ്ടെങ്കിൽ അവരേപ്പറ്റി നാം ജാഗരൂകരായിരിക്കേണ്ടതു തന്നെയല്ലേ? ഗോൾവൾക്കർ അതു പറഞ്ഞുവെന്നു വച്ച് ഉടൻ തന്നെ അതു കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കാനുള്ള ആഹ്വാനമാണെന്നു ശഠിക്കുന്നത് എത്രമാത്രം യുക്തിരഹിതവും ലജ്ജാകരവുമാണ്!

ഇന്ത്യക്കെതിരെ ചൈനയുടെ രഹസ്യ യുദ്ധം കവർ സ്റ്റോറിയായി വന്ന ഔട്ട് ലുക്ക് മാഗസിന്റെ കവർ ഫോട്ടോ - ലേഖനം ഇവിടെ വായിക്കാം ..
ഇനി, ക്രിസ്ത്യാനികളേപ്പറ്റി എന്തു പറഞ്ഞുവെന്നാണു കരുതുന്നത്? ചില മിഷണറി പ്രവർത്തകർ അവരുടെ ആസൂത്രിതമായ മതപരിവർത്തനശ്രമങ്ങളുടെ ഭാഗമായി - ഇവിടുത്തെ ജനങ്ങളെ ഒരു രാഷ്ട്രജനതയായി ഒന്നിപ്പിച്ചു നിർത്തുന്ന സാംസ്കാരികഘടകങ്ങൾ അറുത്തുമാറ്റുന്ന പ്രവണതയുണ്ട് എന്നതു സത്യം തന്നെയല്ലേ? വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്രയധികം വിഘടനവാസന വളർന്നത് മതപരിവർത്തനം വ്യാപിച്ചതിനു ശേഷമാണെന്ന നിരീക്ഷണം ശരിയല്ലെന്നുണ്ടോ? ഭാരതീയസംസ്കൃതിയുടെ ഭാഗം തന്നെയായ നാഗന്മാരുടെ പ്രദേശമായ നാഗാലാൻഡിലേക്കു നാമിപ്പോൾ ചെല്ലുമ്പോൾ സ്വാഗതമോതുന്നത് “ഇന്ത്യൻ പട്ടികൾക്കു പ്രവേശനമില്ല” എന്ന ബോർഡാണെങ്കിൽ - ആ മാറ്റമെങ്ങനെയുണ്ടായി എന്ന ചിന്ത വിദേശഫണ്ടുപയോഗിച്ചു നടത്തുന്ന വ്യാപകമായ മതപരിവർത്തനത്തിൽ ചെന്നെത്തില്ല എന്നുണ്ടോ? അതൊക്കെ സത്യത്തിൽ തുറന്നു ചർച്ച ചെയ്യപ്പേടേണ്ട വിഷയങ്ങളാണ്. ഉൻ‌മൂലനാഹ്വാനമാണ് എന്നൊക്കെയുള്ള പൊള്ളയായ വാദങ്ങളും പച്ചക്കളങ്ങളും ഉന്നയിക്കുന്നവർ ശരിക്കും ചർച്ചകളിൽ നിന്നു കടന്നു കളയാനുള്ള വഴിതേടുകയാണു ചെയ്യുന്നത്.

ഒരു ഭാരതീയൻ - അയാളുടെ മതമോ രാഷ്ട്രീയമോ ഒക്കെ എന്തുമാവട്ടെ – ഇവിടെ കഴിഞ്ഞുകൊണ്ട് വൈദേശികകേന്ദ്രങ്ങളോടു കൂറുപുലർത്തുകയും നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും പരിക്കേൽ‌പ്പിക്കുകയും ചെയ്യുന്നുവെങ്കിൽ ആ മനസ്ഥിതി രാഷ്ട്രത്തിനും, ജനതയ്ക്കും തീർച്ചയായും ഒരു ഭീഷണി തന്നെയാണ്. അത്തരക്കാർ തിരുത്തപ്പെടണം. അത്തരം ആളുകളല്ല - ആശയങ്ങൾ - ഉൻ‌മൂലനം ചെയ്യപ്പെടണം. ഇതൊന്നും ഒരു ഗോൾവൾക്കർ പറഞ്ഞു തന്നിട്ടുവേണ്ട നമുക്കു മനസ്സിലാക്കാൻ.

‘ഭീഷണി‘യുടെ സാരാംശം വളരെ ലളിതമാണ്. ഒരു ചൈനാക്കാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു External Threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് നമുക്കെതിരെ തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരു Internal Threat  ആണ്. അകത്തുനിന്നായതിനാൽ ആഭ്യന്തരം. അതുപോലെ തന്നെ, ഒരു പാകിസ്ഥാൻകാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു External Threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് നമുക്കെതിരെ  തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരുInternal Threat  ആണ്. അത്രേയുള്ളൂ കാര്യം. നമ്മോടു സൌഹൃദത്തിലല്ലാത്ത ഏതെങ്കിലുമൊരു വിദേശകേന്ദ്രത്തോടു നമ്മളിലാർക്കെങ്കിലും കൂറുണ്ടായിരിക്കുകയും – ആ കൂറ് നമ്മുടെ രാഷ്ട്രത്തിനു തന്നെ ഹാനികരമായ വിധത്തിൽ ആപത്കരമാകുകയും ചെയ്താൽ - ആ പ്രവണത തീർച്ചയായും ഒരു ആഭ്യന്തരഭീഷണിയാണ്. അത്തരം പ്രവണതകൾക്കെതിരെ രാഷ്ട്രമൊന്നടങ്കം ജാഗരൂകമായിരിക്കുകയും അവ ചെറുത്തുതോൽ‌പ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ഇനി, “ഉന്മൂലനം“ എന്ന പദം ഉപയോഗിച്ചേ മതിയാവൂ എന്നുണ്ടെങ്കിൽ - ശരിയാണ് - അത്തരം ആത്മഹത്യാപ്രവണതകൾ ഉന്മൂലനം ചെയ്യപ്പെടണം.

വിചാരധാരയിലെ ഒരു അദ്ധ്യായത്തിന്റെ പേര് വലിച്ചുനീട്ടി വ്യാഖ്യാനം ചെയ്ത് കഷ്ടപ്പെട്ട് ചമയ്ക്കാവുന്ന ഒരു ഭ്രാന്തൻകല്പനമാത്രമാണ് ഇനിയും ഉപേക്ഷിക്കാൻ തയ്യാറല്ലാത്ത ഈ “ഉൻ‌മൂലനാഹ്വാനം“. മുസ്ലീ‍ങ്ങളേയും കമ്മ്യൂണിസ്റ്റുകളേയും “ഉന്മൂലനം” ചെയ്യണം എന്നൊന്നും ഗോൾവൾക്കർ പറഞ്ഞിട്ടില്ലെന്നു തീർച്ചയാണ്. ഇനിയൊരു പത്തുവർഷക്കാലത്തേയ്യ്ക്ക് ദേശാഭിമാനി, മാധ്യമം, തേജസ് മുതലായ പത്രങ്ങൾ എല്ലാ ദിവസവും തുടർച്ചയായി മുൻ‌പേജിൽത്തന്നെ ഇങ്ങനെയൊരു ആരോപണം ആവർത്തിച്ചു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നാലും  ശരി – തലയ്ക്കടിച്ച ആ നുണ സത്യമായി മാറില്ല.

ചുരുക്കിപ്പറഞ്ഞാൽ - സംഘപ്രസ്ഥാനങ്ങൾക്കെതിരെ പ്രചരിപ്പിക്കപ്പെടുകയും, സംഘം സമ്പൂർണ്ണമായി അവഗണിക്കുന്നതിനാൽ കുറെയൊക്കെ വിശ്വസിക്കപ്പെടുകയും ചെയ്യുന്ന ഒട്ടനവധി ആരോപണങ്ങളിൽ ഒന്നു മാത്രമാണ് ഈപ്പറയുന്ന ഉൻ‌മൂലനാഹ്വാനം. മുസ്ലീങ്ങൾ, കമ്മ്യൂണിസ്റ്റുകൾ, ക്രിസ്ത്യാനികൾ എന്നിവർ ഉൻ‌മൂലനം ചെയ്യപ്പെടണം എന്ന സൂചനയോ - അതു ചെയ്യാനുള്ള ആഹ്വാനമോ ഒന്നും ഗോൾവൾക്കറുടെയോ ഹെഡ്‌ഗേവാറിന്റെയോ ഒന്നും പുസ്തകങ്ങളിൽ എവിടെയുമില്ല. അത്തരം പരാമർശങ്ങളൊന്നും സംഘത്തേപ്പറ്റി യഥാർത്ഥജ്ഞാനമുള്ളോരാൾ ഒരിക്കലും സംഘഗ്രന്ഥങ്ങളിൽ പ്രതീക്ഷിക്കുകയുമില്ല. അങ്ങനെയൊക്കെയുണ്ടെന്നു കരുതുന്നതും വാദിക്കുന്നതും അങ്ങേയറ്റം പരിഹാസ്യമാണ്.

( രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന ഗുരുജി (മാധവ സദാശിവ ഗോൾവൽക്കർ ) യുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട വിചാരധാര സ്വാതന്ത്ര്യാനന്തര കാലത്തെ കലുഷിതമായ അന്തരീക്ഷത്തിൽ പലപ്പോഴായി എഴുതപ്പെട്ട ചിന്തകളുടേയും ലേഖനങ്ങളുടേയും സമാഹാരമാണ് . അതിലെ ആഭ്യന്തര ഭീഷണികൾ എന്ന ഭാഗത്തെപ്പറ്റി സൈബർ ലോകത്തും പുറത്തും വളരെയധികം ചർച്ചകൾ നടന്നിട്ടുണ്ട് . ഇപ്പോഴും നടന്നു വരുന്നുമുണ്ട് . സംഘവിരുദ്ധരുടെ ഇഷ്ടാദ്ധ്യായങ്ങളിലൊന്നായ ആഭ്യന്തര ഭീഷണികളെ വിശകലനം ചെയ്തു കൊണ്ട് ശ്രീ കാണാപ്പുറം നകുലൻ എന്ന ബ്ലോഗർ  എഴുതിയ കമ്മന്റുകളുടെ ഒരു ക്രോഡീകരണമാണ് ഈ ലേഖനം .)



Saturday, November 2, 2013

വന്ദേമാതരത്തിന്റെ കഥ



“വന്ദേ മാതരത്തെപ്പറ്റി അടുത്തിടെ ചില തർക്കങ്ങൾ ഉരുത്തിരിഞ്ഞു വരികയുണ്ടായല്ലോ . ഈ അവസരത്തിൽ വന്ദേ മാതരത്തിന്റെ പ്രാധാന്യത്തെപ്പറ്റി കോൺഗ്രസ്സ് പ്രവർത്തക സമിതി ഇവിടെ വിശദീകരിക്കുകയാണ് .ഈ ഗീതം ശ്രീ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദ മഠം എന്ന നോവലിൽ ആണല്ലോ ആദ്യമായി കാണപ്പെട്ടത് . എന്നാൽ അദ്ദേഹത്തിന്റെ ആത്മകഥയനുസരിച്ച് നോവലിനും വളരെ മുൻപേ വന്ദേ മാതര ഗീതം എഴുതിക്കഴിഞ്ഞിരുന്നു . യഥാർത്ഥത്തിൽ വന്ദേ മാതരത്തിനോട് ആനന്ദ മഠം കൂട്ടിച്ചേർക്കുകയാണുണ്ടായത് .അതുകൊണ്ട് ഗീതത്തെയും നോവലിനെയും വ്യത്യസ്തമായി കാണുന്നതാണുചിതം “


1937 ഒക്റ്റോബർ 26 നു ശ്രീ ജവഹർ ലാൽ നെഹൃവിന്റെ അദ്ധ്യക്ഷതയിൽ കൽക്കട്ടയിൽ നടന്ന കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി യോഗം പാസ്സാക്കിയ ഒരു പ്രമേയത്തിന്റെ തുടക്കമാണ് മുകളിൽ ഉദ്ധരിച്ചത് . ദ്വിരാഷ്ടവാദം കൊടികുത്തി വാണിരുന്ന 1930 കളിൽ, ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ പോരാടി മരണം വരിച്ച ധീരന്മാരുടെ ചുണ്ടുകളിൽ ജ്വലിച്ചു നിന്നിരുന്ന വന്ദേമാതര ഗീതത്തോട് മുസ്ലിം ലീഗിനും കോൺഗ്രസ്സിലെ ചിലർക്കും ഉണ്ടായിരുന്ന എതിർപ്പിനോടനുബന്ധിച്ചാണ് ഇങ്ങനെയൊരു പ്രമേയം പാസ്സാക്കേണ്ടി വന്നത് .

പ്രമേയം തുടരുന്നു..


“ 1896 ഇൽ രബീന്ദ്രനാഥ ടാഗോർ ഈണം പകർന്ന ഈ ഗീതം ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറളി പിടിപ്പിക്കുന്നതായിരുന്നു. ഈ ഗീതത്തെയും അതു പകർന്നു നൽകിയ ദേശാഭിമാന ബോധത്തെയും തികച്ചും ക്രൂരമായി അടിച്ചമർത്താനായിരുന്നു അവർ ശ്രമിച്ചിരുന്നത് .1906 ഇൽ ബംഗാൾ വിഭജനത്തിനെതിരെ ശ്രീ അബ്ദുൾ റസൂലിന്റെ അദ്ധ്യക്ഷതയിൽ നടന്ന , വന്ദേമാതരം അലയടിച്ചുയർന്ന പ്രൊവിൻഷ്യൽ കോൺഫറൻസിനെതിരെ അതിക്രൂരമായ ലാത്തിച്ചാർജ്ജായിരുന്നു ബ്രിട്ടീഷുകാർ അഴിച്ചു വിട്ടത് . ഈ സംഭവത്തിനു ശേഷം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി എണ്ണിയാലൊടുങ്ങാത്ത സ്വാതന്ത്ര്യ സമരഭടന്മാരുടെ ഹൃദയത്തിനു നവോന്മേഷം പകരാൻ വന്ദേമാതരത്തിനായി . അതു മാ‍ത്രമല്ല ചുണ്ടിൽ വന്ദേമാതരവുമായി മരണം വരിക്കാൻ പോലും സ്ത്രീകളുൾപ്പെടെയുള്ളവർ തയ്യാറായി . ബ്രിട്ടീഷുകാർക്കെതിരെയുള്ള ദേശീയ ചെറുത്തു നിൽ‌പ്പിന്റെ ജ്വലിക്കുന്ന അടയാളമായും ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിക്കുന്ന ,നമ്മുടെ ജനങ്ങളുടെ സമരാശംസയായും അതു മാറി “


തുടർന്ന് , ഗീതത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ നിലനിർത്താനും, മറ്റു മതസ്ഥരുടെ മതപരമായ കാര്യങ്ങൾ കൂടി പരിഗണിച്ച് ബാക്കിയുള്ളവ ഒഴിവാക്കാനും തീരുമാനിക്കുന്നതായി പ്രമേയം പറയുന്നുണ്ട് . രണ്ടായാലും വന്ദേമാതരം എന്ന വാക്കും അതുൾപ്പെട്ട ഗീതവും ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മറക്കാനാകാത്ത ഏടാണെന്നതിൽ സംശയമില്ല .


ആനന്ദമഠം എന്ന നോവലിനെപ്പറ്റി പറയുമ്പോൾ സന്ന്യാസി കലാ‍പസമയത്ത് ( 1700 കളുടെ ഉത്തരഭാഗം ) ബംഗാളിലുണ്ടായിരുന്ന സാഹചര്യം കൂടി പഠന വിധേയമാക്കേണ്ടതാണ് .നവാബിന്റെ ഭരണത്തിൽ ജനങ്ങൾ കഷ്ടതയനുഭവിക്കുന്ന സമയമാണത് . താർത്താറിയും , മുഗളനും , മംഗോളിയനും , അഫ്ഗാനിയും മറ്റെല്ലാ വ്യത്യാസങ്ങളും മറന്ന് ഒന്നിച്ചിരുന്ന ബഹുദൈവാരധകരെ ഹിംസ ചെയ്യൽ എന്ന തത്ത്വം ദേശവ്യാപകമായി നടപ്പിലാക്കപ്പെടുന്ന സാഹചര്യത്തിൽ സന്താനങ്ങൾ മുസ്ലിങ്ങൾക്കെതിരെ തിരിഞ്ഞതിൽ എന്താണദ്ഭുതം ??. അല്ലെങ്കിൽത്തന്നെ മുഹമ്മദ് ബിൻ കാസിമിലൂടെ തുടക്കമിട്ട അധിനിവേശ ചരിത്രത്തിൽ 1857 എന്ന വീരേതിഹാസം പോലെ ചുരുക്കം ചില ഏടുകളിലല്ലാതെ ചുരുക്കം ചില സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയും ഹിന്ദുക്കളും മുസ്ലിങ്ങളും ദീർഘനാൾ അനുരഞ്ജനത്തിൽ കഴിഞ്ഞതായി കാണുന്നില്ല . ബ്രിട്ടീഷ് നയങ്ങൾ ആ സ്പർദ്ധയെ പരിപോഷിപ്പിക്കുന്നതുമായിരുന്നു.


സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഹൈന്ദവ ബിംബങ്ങൾ ഉപയോഗിക്കപ്പെട്ടു എന്നത് നിഷേധിക്കാനാകാത്ത സത്യമാണ് . ഒരു ജനതയുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സംസ്കാരം അവർ പോരടിക്കുമ്പോൾ ഉണർന്നു വരുന്നതിൽ എന്തദ്ഭുതമാണുള്ളത് .? .!വന്ദേമാതരം ഭാരതത്തിന്റെ ദേശീയ ഗീതമാണ് . ദേശീയ ഗാനം പോലെ പ്രാധാന്യമേറിയത് . ഒട്ടനവധി ധീര ദേശാഭിമാനികളുടെ ജീവശ്വാസമായിരുന്ന , വയലേലകളിൽ പോലും പ്രതിദ്ധ്വനിക്കപ്പെട്ട് , ബംഗാൾ വിഭജനത്തെ തടഞ്ഞ ശക്തിയുടെ പ്രതീകമാണത് ..
                                           
                                  Mother, I salute thee!



(1907 ഓഗസ്റ്റ് 22 ന് ജര്‍മ്മനിയിലെ സ്റ്റുഡ്ഗര്‍ട്ടില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സില്‍, ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി പ്രമേയമവതരിപ്പിച്ച് , സവര്‍ക്കര്‍ രൂപകല്പന ചെയ്ത് , മാഡം ബിക്കാജി കാമയാൽ ഉയർത്തപ്പെട്ട പതാകയാണ് ചിത്രത്തിൽ )