Saturday, November 2, 2013

വന്ദേമാതരത്തിന്റെ കഥ“വന്ദേ മാതരത്തെപ്പറ്റി അടുത്തിടെ ചില തർക്കങ്ങൾ ഉരുത്തിരിഞ്ഞു വരികയുണ്ടായല്ലോ . ഈ അവസരത്തിൽ വന്ദേ മാതരത്തിന്റെ പ്രാധാന്യത്തെപ്പറ്റി കോൺഗ്രസ്സ് പ്രവർത്തക സമിതി ഇവിടെ വിശദീകരിക്കുകയാണ് .ഈ ഗീതം ശ്രീ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദ മഠം എന്ന നോവലിൽ ആണല്ലോ ആദ്യമായി കാണപ്പെട്ടത് . എന്നാൽ അദ്ദേഹത്തിന്റെ ആത്മകഥയനുസരിച്ച് നോവലിനും വളരെ മുൻപേ വന്ദേ മാതര ഗീതം എഴുതിക്കഴിഞ്ഞിരുന്നു . യഥാർത്ഥത്തിൽ വന്ദേ മാതരത്തിനോട് ആനന്ദ മഠം കൂട്ടിച്ചേർക്കുകയാണുണ്ടായത് .അതുകൊണ്ട് ഗീതത്തെയും നോവലിനെയും വ്യത്യസ്തമായി കാണുന്നതാണുചിതം “


1937 ഒക്റ്റോബർ 26 നു ശ്രീ ജവഹർ ലാൽ നെഹൃവിന്റെ അദ്ധ്യക്ഷതയിൽ കൽക്കട്ടയിൽ നടന്ന കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി യോഗം പാസ്സാക്കിയ ഒരു പ്രമേയത്തിന്റെ തുടക്കമാണ് മുകളിൽ ഉദ്ധരിച്ചത് . ദ്വിരാഷ്ടവാദം കൊടികുത്തി വാണിരുന്ന 1930 കളിൽ, ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരെ പോരാടി മരണം വരിച്ച ധീരന്മാരുടെ ചുണ്ടുകളിൽ ജ്വലിച്ചു നിന്നിരുന്ന വന്ദേമാതര ഗീതത്തോട് മുസ്ലിം ലീഗിനും കോൺഗ്രസ്സിലെ ചിലർക്കും ഉണ്ടായിരുന്ന എതിർപ്പിനോടനുബന്ധിച്ചാണ് ഇങ്ങനെയൊരു പ്രമേയം പാസ്സാക്കേണ്ടി വന്നത് .

പ്രമേയം തുടരുന്നു..


“ 1896 ഇൽ രബീന്ദ്രനാഥ ടാഗോർ ഈണം പകർന്ന ഈ ഗീതം ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറളി പിടിപ്പിക്കുന്നതായിരുന്നു. ഈ ഗീതത്തെയും അതു പകർന്നു നൽകിയ ദേശാഭിമാന ബോധത്തെയും തികച്ചും ക്രൂരമായി അടിച്ചമർത്താനായിരുന്നു അവർ ശ്രമിച്ചിരുന്നത് .1906 ഇൽ ബംഗാൾ വിഭജനത്തിനെതിരെ ശ്രീ അബ്ദുൾ റസൂലിന്റെ അദ്ധ്യക്ഷതയിൽ നടന്ന , വന്ദേമാതരം അലയടിച്ചുയർന്ന പ്രൊവിൻഷ്യൽ കോൺഫറൻസിനെതിരെ അതിക്രൂരമായ ലാത്തിച്ചാർജ്ജായിരുന്നു ബ്രിട്ടീഷുകാർ അഴിച്ചു വിട്ടത് . ഈ സംഭവത്തിനു ശേഷം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി എണ്ണിയാലൊടുങ്ങാത്ത സ്വാതന്ത്ര്യ സമരഭടന്മാരുടെ ഹൃദയത്തിനു നവോന്മേഷം പകരാൻ വന്ദേമാതരത്തിനായി . അതു മാ‍ത്രമല്ല ചുണ്ടിൽ വന്ദേമാതരവുമായി മരണം വരിക്കാൻ പോലും സ്ത്രീകളുൾപ്പെടെയുള്ളവർ തയ്യാറായി . ബ്രിട്ടീഷുകാർക്കെതിരെയുള്ള ദേശീയ ചെറുത്തു നിൽ‌പ്പിന്റെ ജ്വലിക്കുന്ന അടയാളമായും ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിക്കുന്ന ,നമ്മുടെ ജനങ്ങളുടെ സമരാശംസയായും അതു മാറി “


തുടർന്ന് , ഗീതത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾ നിലനിർത്താനും, മറ്റു മതസ്ഥരുടെ മതപരമായ കാര്യങ്ങൾ കൂടി പരിഗണിച്ച് ബാക്കിയുള്ളവ ഒഴിവാക്കാനും തീരുമാനിക്കുന്നതായി പ്രമേയം പറയുന്നുണ്ട് . രണ്ടായാലും വന്ദേമാതരം എന്ന വാക്കും അതുൾപ്പെട്ട ഗീതവും ഭാരത സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മറക്കാനാകാത്ത ഏടാണെന്നതിൽ സംശയമില്ല .


ആനന്ദമഠം എന്ന നോവലിനെപ്പറ്റി പറയുമ്പോൾ സന്ന്യാസി കലാ‍പസമയത്ത് ( 1700 കളുടെ ഉത്തരഭാഗം ) ബംഗാളിലുണ്ടായിരുന്ന സാഹചര്യം കൂടി പഠന വിധേയമാക്കേണ്ടതാണ് .നവാബിന്റെ ഭരണത്തിൽ ജനങ്ങൾ കഷ്ടതയനുഭവിക്കുന്ന സമയമാണത് . താർത്താറിയും , മുഗളനും , മംഗോളിയനും , അഫ്ഗാനിയും മറ്റെല്ലാ വ്യത്യാസങ്ങളും മറന്ന് ഒന്നിച്ചിരുന്ന ബഹുദൈവാരധകരെ ഹിംസ ചെയ്യൽ എന്ന തത്ത്വം ദേശവ്യാപകമായി നടപ്പിലാക്കപ്പെടുന്ന സാഹചര്യത്തിൽ സന്താനങ്ങൾ മുസ്ലിങ്ങൾക്കെതിരെ തിരിഞ്ഞതിൽ എന്താണദ്ഭുതം ??. അല്ലെങ്കിൽത്തന്നെ മുഹമ്മദ് ബിൻ കാസിമിലൂടെ തുടക്കമിട്ട അധിനിവേശ ചരിത്രത്തിൽ 1857 എന്ന വീരേതിഹാസം പോലെ ചുരുക്കം ചില ഏടുകളിലല്ലാതെ ചുരുക്കം ചില സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയും ഹിന്ദുക്കളും മുസ്ലിങ്ങളും ദീർഘനാൾ അനുരഞ്ജനത്തിൽ കഴിഞ്ഞതായി കാണുന്നില്ല . ബ്രിട്ടീഷ് നയങ്ങൾ ആ സ്പർദ്ധയെ പരിപോഷിപ്പിക്കുന്നതുമായിരുന്നു.


സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഹൈന്ദവ ബിംബങ്ങൾ ഉപയോഗിക്കപ്പെട്ടു എന്നത് നിഷേധിക്കാനാകാത്ത സത്യമാണ് . ഒരു ജനതയുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സംസ്കാരം അവർ പോരടിക്കുമ്പോൾ ഉണർന്നു വരുന്നതിൽ എന്തദ്ഭുതമാണുള്ളത് .? .!വന്ദേമാതരം ഭാരതത്തിന്റെ ദേശീയ ഗീതമാണ് . ദേശീയ ഗാനം പോലെ പ്രാധാന്യമേറിയത് . ഒട്ടനവധി ധീര ദേശാഭിമാനികളുടെ ജീവശ്വാസമായിരുന്ന , വയലേലകളിൽ പോലും പ്രതിദ്ധ്വനിക്കപ്പെട്ട് , ബംഗാൾ വിഭജനത്തെ തടഞ്ഞ ശക്തിയുടെ പ്രതീകമാണത് ..
                                           
                                  Mother, I salute thee!(1907 ഓഗസ്റ്റ് 22 ന് ജര്‍മ്മനിയിലെ സ്റ്റുഡ്ഗര്‍ട്ടില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സില്‍, ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി പ്രമേയമവതരിപ്പിച്ച് , സവര്‍ക്കര്‍ രൂപകല്പന ചെയ്ത് , മാഡം ബിക്കാജി കാമയാൽ ഉയർത്തപ്പെട്ട പതാകയാണ് ചിത്രത്തിൽ )

No comments: