ക്രീസിലെ വിസ്ഫോടനങ്ങൾക്ക് ഇനിയറുതി . പന്തിന്റെ സ്വിങ്ങും പിച്ചിന്റെ സ്വഭാവവും പഠിക്കാൻ ആദ്യ ഓവറുകൾ വിനിയോഗിക്കണമെന്ന കോപ്പിബുക്ക് ശൈലികളെ പൊളിച്ചെഴുതിയ വീരു ഇതാ പാഡഴിച്ചിരിക്കുന്നു. മുന്നോട്ടാഞ്ഞ് ബാറ്റ് ശരീരത്തോട് അടുപ്പിച്ച് നിർത്തി ഷോട്ട് കളിക്കണമെന്ന പാഠത്തെ സ്റ്റാൻഡ് ആൻഡ് ഡെലിവർ എന്ന രണ്ടു വാക്കുകൾ കൊണ്ട് തിരുത്തിയെഴുതിയ കളിക്കാരൻ .
എത്ര
സമയം ക്രീസിൽ നിന്നു എന്നതിന് എത്ര റൺസെടുത്തു എന്നതിനേക്കാൾ
പ്രാധാന്യമുള്ള ടെസ്റ്റ് മത്സരത്തെ അടിമുടി ഉടച്ചു വാർത്തു അയാൾ .
സ്പിന്നിന് അനുസൃതമായി ബാറ്റ് വീശിയാലേ ബൗണ്ടറി കടക്കൂ എന്ന പന്തിന്റെ വാശി
എത്രയോ പ്രാവശ്യം ആ ബാറ്റിനു മുന്നിൽ നിഷ്പ്രഭമായിട്ടുണ്ട്.
അതെ വീരു എന്ന വീരേന്ദർ സേവാഗിന്റെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല ..
ടെസ്റ്റിൽ
ഓപ്പണറായി ഇറങ്ങാമോ എന്ന ചോദ്യത്തിന് വീരുവിന്റെ മറുപടി യെസ്
എന്നായിരുന്നു . ചരിത്രത്തിലെ തന്നെ മനോഹരമായ ഇന്നിംഗ്സുകൾക്കാണ് പിന്നീട്
ടെസ്റ്റ് ക്രിക്കറ്റ് സാക്ഷ്യം വഹിച്ചത് .ടീം ഇന്ത്യയുടെ കോച്ചായിരുന്ന
ജോൺ റൈറ്റ് ഒരിക്കൽ പറഞ്ഞതിങ്ങനെ . " ഇറങ്ങുന്ന സ്ഥാനത്തിനനുസരിച്ച്
തന്റെ കേളീശൈലി മാറ്റാനൊന്നും സേവാഗ് തയ്യാറായില്ല . മറിച്ച് തന്റെ
ശൈലിക്കനുസരിച്ച് ആ സ്ഥാനത്തെ പുനർനിർണയിച്ചു അയാൾ ".
എറിയുന്ന
ആളിന്റെ പെരുമ വീരുവിനെ ബാധിച്ചില്ല ഒരിക്കലും . ഗുഡ് ലെംഗ്തെന്നോ
യോർക്കറെന്നോ ഷോർട്ട് പിച്ചെന്നോ കരുതി അർഹിക്കുന്ന മാന്യത നൽകിയതുമില്ല .
എന്തിനേറെ തനിക്കെതിരെ എറിയുന്ന ആദ്യ പന്തിനെ പോലും ബഹുമാനിച്ചില്ല .
കൃത്യമായ ടൈംഗിംഗിൽ ശരിയായ കണ്ണ്- കൈ സംയോജനത്തിൽ നമുക്ക് കേൾക്കാൻ
കഴിയുന്നത് ഇംഗ്ലീഷ് വില്ലോയുടെ മധുരമൂറുന്ന ശബ്ദമാണ് . പന്താകട്ടെ
ഗ്യാലറിക്ക് വെളിയിലും .
സേവാഗ് അടുത്ത പന്തിൽ
എന്ത് ചെയ്യുമെന്ന് ദൈവത്തിനു പോലും മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടാവില്ല .
പക്ഷേ ഒന്നറിയാം . അടുത്ത എതെങ്കിലും ഒരു പന്തിൽ സേവാഗ് ക്രീസ്
വിട്ടിറങ്ങിയേക്കാം . ചിലപ്പോൾ മിന്നലിന്റെ വേഗത്തിൽ ഓഫ്സൈഡിൽ അർദ്ധചക്രം
വരച്ചേക്കാം ..ഒന്നാലോചിച്ചാൽ സിക്സറടിച്ച് മുന്നൂറെന്ന മാന്ത്രിക അക്കം
തികയ്ക്കാൻ ധൈര്യമുള്ള എത്ര ബാറ്റ്സ്മാന്മാരുണ്ട് ക്രിക്കറ്റ് ലോകത്ത് ?
സച്ചിനെപ്പോലെയാകാൻ
സ്വപ്നം കണ്ട് ജീവിച്ച ഡൽഹിക്കാരൻ ബാലൻ പിന്നീട് സച്ചിനെന്ന്
തോന്നിപ്പിക്കുന്ന രീതിയിൽ ബാറ്റ് ചെയ്തത് കാണികൾ മറന്നിട്ടുണ്ടാകില്ല .
ഇരുവരും ഒരുമിച്ച് ക്രീസിലുള്ളപ്പോൾ ആരാണ് സച്ചിൻ ആരാണ് സേവാഗെന്ന്
തിരിച്ചറിയാൻ കഴിയാതെ വിഷമിച്ചിട്ടുണ്ട് ചിലരെങ്കിലും .
37
വയസ് തീർച്ചയായും വിരമിക്കാനുള്ള പ്രായം തന്നെ ആയിരിക്കാം . എങ്കിലും
സേവാഗ് , ലോക പ്രശസ്ത കളിപറച്ചിൽക്കാർക്ക് സ്റ്റാൻഡ് ആൻഡ് ഡെലിവർ എന്ന
രണ്ടുവാക്കുകളിൽ വിശേഷിപ്പിക്കാൻ മാത്രം സമയം കൊടുത്ത ആ വന്യമായ
ഷോട്ടുകൾക്ക് ഇനിയും കാലമുണ്ടായിരുന്നു ..
ക്രിക്കറ്റ്
പണ്ഡിതന്മാരുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ ഒരു പക്ഷേ വീരുവിന്
കഴിഞ്ഞിട്ടുണ്ടാകില്ല . പക്ഷേ ലക്ഷക്കണക്കിന് കളിക്കമ്പക്കാരുടെ
മനസ്സുകളിൽ ഒരു എന്റർടെയ്നറുടെ സിംഹാസനം വീരേന്ദർ സേവാഗെന്ന ഡൽഹിക്കാരനു
വേണ്ടി നീക്കിവച്ചിട്ടുണ്ടാകുമെന്നതിൽ സംശയവുമില്ല..
നന്ദി സ്റ്റാൻഡ് ആൻഡ് ഡെലിവർ മാൻ .. ഞങ്ങൾക്ക് നൽകിയ ക്രിക്കറ്റ് ആഹ്ലാദങ്ങൾക്ക് ..
No comments:
Post a Comment