Saturday, October 10, 2015

എഴുത്തിന്റെ കഴുത്തിൽ പിടിച്ചതാര് ?


കേരളത്തിൽ ഫാസിസം പടിവാതിലിലെത്തി നിൽക്കുന്നുവെന്നുള്ള സംഭ്രമജനകമായ ഓരിയിടലുകൾ വീണ്ടും ഉയർന്നു തുടങ്ങിയിട്ടുണ്ട് . തീർത്തും രാഷ്ട്രീയ താത്പര്യങ്ങൾ മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള ഇത്തരം ഓരിയിടലുകൾക്ക് തന്റേതായ സംഭാവനകൾ നൽകാൻ സാഹിത്യകാരന്മാർ തീരുമാനിച്ചതിന്റെ വാർത്തകളും പുറത്ത് വന്നു. 

കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്കാരങ്ങളും സ്ഥാനമാനങ്ങളും തിരിച്ചു നൽകി ഫാസിസത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കാൻ  തീരുമാനിച്ചിരിക്കുന്നത് സാറാ ജോസഫും സച്ചിദാനന്ദനും പി കെ പാറക്കടവുമാണ് .ഇവരെ പിന്തുടരാൻ നിരവധി സാഹിത്യകാരന്മാർ മുന്നോട്ടു വരുമെന്ന് പ്രഖ്യാപിത പുരോഗാമികൾ അവകാശപ്പെടുന്നുമുണ്ട് .

ഈ സാഹിത്യ പ്രഭൃതികൾക്ക് അറിയുമോയെന്നറിയില്ല . യഥാർത്ഥ ഫാസിസം കേരളത്തിലെ സാഹിത്യപ്രവർത്തനത്തെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചതും ഏറെക്കുറെ വിജയിച്ചതും പത്തറുപത് വർഷം മുൻപാണ് .  അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും എന്തുമെഴുതുവാനുള്ള അവകാശത്തിന്റെയും അപ്പോസ്തലന്മാരെന്ന് ഇന്ന് നടിക്കുന്നവർ അന്ന് എഴുത്തുകാർക്ക് കൂച്ചുവിലങ്ങിടാനാണ് ശ്രമിച്ചത് . അന്നും  കേരളത്തിലെ സാഹിത്യകാരന്മാർ  ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ അനുകൂലികളായിരുന്നു .  

പി ഭാസ്കരൻ തന്റെ 'പ്രേതങ്ങളുടെ പാട്ട്' എന്ന കവിതയിൽ ചൂണ്ടിക്കാണിച്ചത് പോലെ കൊടിയ വെറുപ്പിന്റെ തത്വശാസ്ത്രങ്ങളെ ചുടുചുടെ ഊറ്റി നനച്ചവരായിരുന്നു മിക്കവരും .എന്നാൽ 1940 കളുടെ അവസാന കാലത്ത് സാഹിത്യകാരന്മാർ എങ്ങനെ എഴുതണം എന്നുള്ള മാനിഫെസ്റ്റോ പുറത്തിറക്കാനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമം പലരേയും അകറ്റുകയാണുണ്ടായത്. 

കമ്യൂണിസമെന്ന യഥാർത്ഥ ഫാസിസം പേനയിൽ പിടിമുറുക്കിയപ്പോഴാണ് തങ്ങൾ കയറിയത് പുലിപ്പുറത്താണെന്ന് സാഹിത്യകാരന്മാർക്ക് മനസ്സിലായത് .   ഇരിക്കാൻ നല്ല രസമാണെങ്കിലും ഇറങ്ങിയാൽ പുലി പിടിക്കുമെന്ന അവസ്ഥ .  സോവിയറ്റ് നോക്കികളായ പാർട്ടി, സ്റ്റാലിൻ റഷ്യയിൽ ആവിഷ്കരിച്ച ഷ്ദാനേവ് ഡോക്ട്രിൻ മലയാളത്തിലും നടപ്പാക്കാൻ ശ്രമിച്ചതിന്റെ ബാക്കി പത്രം .1938 മുതൽ ജീവൽ സാഹിത്യമെന്ന പേരിൽ പ്രവർത്തിച്ചു വന്ന നവീന സാഹിത്യ പ്രസ്ഥാനം പിന്നീട് പുരോഗമന സാഹിത്യ പ്രസ്ഥാനമായി മാറിയതിനു ശേഷമായിരുന്നു അതിനെ പൂർണമായി ഏറ്റെടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചത് .  കെ ദാമോദരനും , സി അച്യുതക്കുറുപ്പും, ഇ എം എസും , എം എസ് ദേവദാസുമൊക്കെയായിരുന്നു അണിയറയിൽ .

ഭീകരരോടൊപ്പമോ ഭീകരവിരുദ്ധ ചേരിയിലോ എന്ന അമേരിക്കയുടെ ആധുനികകാല ചോദ്യത്തെ വിമർശിക്കുന്ന കമ്യൂണിസ്റ്റുകൾക്ക് അന്ന് ഒരു ചോദ്യമുണ്ടായിരുന്നു .  നിങ്ങൾ സോവിയറ്റ്  റഷ്യയ്ക്കൊപ്പമോ ഫാസിസ്റ്റ് ചേരിയിലോ ?  സാഹിത്യം നിർമ്മിക്കുന്നത് ജനങ്ങളുടെ ആവശ്യമറിഞ്ഞു വേണമെന്നായിരുന്നു പാർട്ടി നിർദ്ദേശം  . സാഹിത്യകാരന്റെ സകല സൃഷ്ടിയിലും സാമൂഹിക വിമർശനം വേണമെന്ന നയം അടിച്ചേൽപ്പിക്കാനും അവർ ശ്രമിച്ചു .  റഷ്യയിൽ ഷ്ദാനേവ് എന്ന സാംസ്കാരിക മന്ത്രി നടപ്പാക്കിയ ഫാസിസ്റ്റ് നിർദ്ദേശങ്ങൾ ഇവിടെയും നടപ്പാക്കാനായിരുന്നു ലക്ഷ്യം . പച്ചമലയാളത്തിൽ പറഞ്ഞാൽ പാർട്ടി പറയുന്നത് പോലെ എഴുതുക .

എന്നാൽ പുരോഗമന സാഹിത്യ സംഘടനയെ പാർട്ടിയുടെ പോഷക സംഘടനയാക്കി തൂലികയിലൂടെ കമ്യൂണിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ കേശവദേവും മുണ്ടശ്ശേരിയും എം പി പോളുമുൾപ്പെടെയുള്ളവർ  എതിർത്തു . പ്രമേയം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാർക്ക് വേണമെന്ന് അവർ വാദിച്ചു . ഞങ്ങൾ പറയുന്നത് പോലെ എഴുതണം എന്ന തരത്തിൽ സാഹിത്യ മാനിഫെസ്റ്റോ കൊണ്ടുവരാൻ ശ്രമിച്ചവർക്ക് ഇത് തിരിച്ചടിയായി . മുണ്ടശ്ശേരിയേയും ഒപ്പം നിന്നവരേയും രൂപഭദ്രന്മാരെന്ന് കളിയാക്കി വിളിക്കാനും കമ്യൂണിസ്റ്റുകൾ മടിച്ചില്ല .

ഇത്തരം നയങ്ങളെക്കുറിച്ച് മുണ്ടശ്ശേരി തന്റെ ആത്മകഥയിൽ പറയുന്നത് ഇങ്ങനെ .

" രൂപത്താൽ ഭദ്രമായതെന്തോ അതിന്റെ അവസ്ഥ എന്ന അർത്ഥത്തിലാണ് ഞാൻ അങ്ങനെയൊരു സമാസം തട്ടിപ്പടച്ചത് .ഭാവത്തിന്റെ ഭദ്രതയെ നമുക്കറിയാൻ കഴിയുന്നത് രൂപത്തിന്റെ ഭദ്രത കൊണ്ടാണ് . അപ്പോൾ രൂപത്തിൽ ഊന്നിക്കൊണ്ടാവണം സമാസമെന്നെനിക്ക് തോന്നി . പക്ഷേ സാഹിത്യത്തിൽ ജീവിത യാഥാർത്ഥ്യങ്ങൾക്ക് മുൻ തൂക്കം കൊടുക്കാൻ അന്ന് കൊണ്ടു പിടിച്ച് വാദിച്ചിരുന്ന എന്റെ സ്നേഹിതന്മാരിൽ ഒരു കക്ഷിക്കാർ , തെളിച്ചു പറഞ്ഞാൽ കമ്യൂണിസ്റ്റുകൾ തന്നെ ഞാനൂന്നിയത് കേവലാഗ്രരൂപത്തിന്മേലാണെന്ന് ധരിച്ച് എന്നെ ഫോർമലിസ്റ്റാക്കാൻ വെമ്പിക്കളഞ്ഞു. അതിനു ശേഷം എന്നെയും എന്നോടൊപ്പം നിന്നവരേയും രൂപ ഭദ്രന്മാരെന്ന് വിളിക്കാൻ തുടങ്ങി "

(കൊഴിഞ്ഞ ഇലകൾ )

1949 ലെ കൊല്ലം സമ്മേളനത്തിൽ പുരോഗമന കലാ സാഹിത്യ സമിതി രണ്ടായി .ഇന്നത്തെപ്പോലെ അന്നും പിടിച്ചെടുക്കലിൽ മുന്നിൽ തന്നെയായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി .  സംഘടന പിടിച്ചെടുക്കണമെന്ന് ചൂണ്ടിക്കാട്ടി കാമ്പിശ്ശേരി തനിക്ക് കത്തെഴുതിയതും തുടർന്നുള്ള സംഭവങ്ങളും തോപ്പിൽ ഭാസി എഴുതിയിട്ടുണ്ട് . അന്ന് വരെ ഒരു പുസ്തകം പോലുമെഴുതാത്ത താനും മറ്റ് പാർട്ടിക്കാരും കൂടി സി  അച്യുതക്കുറുപ്പിന്റെ സ്റ്റഡി ക്ലാസിൽ പങ്കെടുത്തതും  സമ്മേളന ഹാളിലേക്ക് പ്രവേശനം നേടിയതും രസകരമായാണ് ഭാസി വിവരിച്ചിരിക്കുന്നത് .

" ഞങ്ങൾ സമ്മേളന പന്തലിലേക്ക് ചെന്നു . ഞാൻ ആദ്യമായി ചിറ്റു കൊടുത്തു .

തോപ്പിൽ ഭാസി . 

എന്ത്വാ ? തകഴി ചോദിച്ചു .

തോപ്പിൽ ഭാസി .. സാഹിത്യകാരൻ.

എന്താണ് എഴുതിയിട്ടുള്ളത് ? തകഴി ചോദിച്ചു .

അതറിഞ്ഞിട്ട് തനിക്കെന്ത് കാര്യം ? എന്റെ ഭാവവും സ്വരവും കണ്ടപ്പോൾ അകത്തേയ്ക്ക് പൊയ്ക്കൊള്ളാൻ തകഴി പറഞ്ഞു. പിന്നാലെ വരുന്നു മറ്റൊരാൾ . തകഴിയുടെ അനന്തരവൻ കൃഷ്ണൻ കുട്ടി .
അയാൾ പറഞ്ഞു . അയ്യപ്പൻ പിള്ള - കവി . 

എടാ കൃഷ്ണൻ കുട്ടി നീയെന്നാ അയ്യപ്പൻ പിള്ളയായത് ?  തകഴി ചോദിച്ചു.

ഞാൻ അയ്യപ്പൻ പിള്ള തന്നെ.. അല്ലെന്ന് പറയാൻ നിങ്ങളാരാ ?  അയ്യപ്പൻ പിള്ളയുടെ മറുചോദ്യം

തകഴി പറഞ്ഞു . " എന്റെ മരുമോനേ . നീയും പോ . കമ്യൂണിസം ജയിക്കട്ടെ "

ഞങ്ങൾ അതുകൊണ്ടും തൃപ്തരായില്ല. ഇരുപത്തിയഞ്ച് പ്രതിനിധിപ്പാസുകൾ വയ്ക്കണം . അല്ലെങ്കിൽ ഞങ്ങളീ പന്തലിന് തീവയ്ക്കും. 

ആകെ അമ്പരന്ന തകഴിയും ഗുപ്തൻ നായരും ഇരുപത്തിയഞ്ച് പ്രതിനിധി പാസ് തന്നു . സമ്മേളനത്തിൽ ഒരു വോട്ടിനാണ് ഞങ്ങൾ തോറ്റത് . ഞങ്ങൾ തോറ്റെങ്കിലും അഭിമാനധനരായ ആ സാഹിത്യകാരന്മാർ " നിങ്ങൾ തന്നെ എടുത്തോ " എന്ന് പറഞ്ഞ് സംഘടന ഉപേക്ഷിച്ചു പോയി .

പുരോഗമന സാഹിത്യ സംഘടന പിന്നെ എഴുന്നേറ്റ് നടന്നിട്ടില്ല "

( തോപ്പിൽ ഭാസി - ഒരു പിടിച്ചെടുക്കലിന്റെ കഥ )

അഭിപ്രായ സ്വാതന്ത്ര്യം , ആവിഷ്കാര സ്വാതന്ത്ര്യം എന്നെല്ലാം ഇന്ന് വാദിക്കുന്ന അൾട്രാ ഫാസിസ്റ്റുകൾ മുൻപ് സാഹിത്യത്തെ കൈപ്പിടിയിലൊതുക്കാൻ നടത്തിയ ശ്രമമാണ് ഭാസി വിവരിച്ചത് . റഷ്യൻ മോഡലിൽ എഴുത്തുകാരുടെ ഒരു യൂണിയൻ . അവർ തീരുമാനിക്കും എന്തെഴുതണമെന്ന് . സത്യത്തിൽ ഇതായിരുന്നില്ലേ യഥാർത്ഥ ഫാസിസം ? 

ഈ ഫാസിസത്തിന്റെ പല്ലുകൾ ഉള്ളിലൊതുക്കിയോ അതല്ലെങ്കിൽ ജനാധിപത്യമെന്ന തങ്ങൾക്ക് പരിചിതമല്ലാത്ത ഒഴുക്കിലൊഴുകി പരുപരുപ്പ് നഷ്ടപ്പെടുകയോ ചെയ്ത പാർട്ടിയെ തന്നെയല്ലേ നമ്മൾ ഇന്ന് കാണുന്നത് ?  ഇത്തരം പ്രസ്ഥാനങ്ങൾ വിതയ്ക്കുന്ന സംഭ്രമങ്ങൾക്കൊപ്പം ആടുകയെന്ന ജോലിയല്ലേ പുരസ്കാരം തിരസ്കരിക്കുന്നവർ ചെയ്യുന്നത് ? തീർച്ചയായും ചിന്തിക്കേണ്ട വസ്തുത തന്നെയാണത് .

കവിയും ഗാന രചയിതാവും ഒരു കാലത്ത് പാർട്ടി പ്രവർത്തകനുമായിരുന്ന പി ഭാസ്കരൻ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളോട് അകന്നു തുടങ്ങിയതും അക്കാലത്താണ് . പുരോഗമന സാഹിത്യ സമ്മേളനത്തിൽ എഴുത്തുകാരെ ചങ്ങലയ്ക്കിടാനുള്ള മാനിഫെസ്റ്റോ അവതരിപ്പിച്ച് പാസാക്കാൻ പാർട്ടി പദ്ധതിയിട്ടിരുന്നു . എന്നാൽ ഇത് പരാജയപ്പെടുകയാണുണ്ടായതെന്ന് ഭാസ്കരൻ മാഷ് സാക്ഷ്യപ്പെടുത്തുന്നു . മാത്രമല്ല ഇത് മാത്രമേ പാടുള്ളൂ , ഇത് മാത്രമാണ് സാഹിത്യം എന്ന ശാഠ്യത്തെ സഹിക്കാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം എഴുതി

" സാഹിത്യത്തോടുള്ള പാർട്ടിയുടെ സമീപനം യാഥാസ്ഥിതികമായിരുന്നു .സാഹിത്യത്തേയും സ്വാഭാവിക മനുഷ്യ ചോദനകളേയും പാർട്ടിക്കാർ അംഗീകരിച്ചിരുന്നില്ല .മാനുഷിക ഭാവങ്ങളിൽ ഏറ്റവും ഉദാത്തമായ ഒന്ന് പ്രേമമാണ്. പ്രേമത്തെക്കുറിച്ച് എഴുതുന്നത് മഹാപരാധമായി കണക്കാക്കപ്പെടുന്ന കാലമാണത് .പ്രേമത്തെക്കുറിച്ച് യാതൊന്നും എഴുതിക്കൂടാ എന്ന ഒരലിഖിത നിയമം തന്നെ ഉണ്ടായിരുന്നു "

( ആത്മകഥ -  പി ഭാസ്കരൻ )

മനസ്സിനെ മതിൽക്കെട്ടുകളാക്കുന്ന പ്രത്യയശാസ്ത്രങ്ങൾ , അതിൽ വിശ്വസിക്കാത്ത സഹജീവിയെ വെറുക്കാനും പുച്ഛിക്കാനും പഠിപ്പിക്കുന്ന പുതിയ മതത്തെ തന്നെ സൃഷ്ടിക്കുന്നുവെന്നും സത്യാന്വേഷണയജ്ഞത്തിനിടയിൽ തലച്ചോറിന്റെ ചില വാതിലുകൾ സ്ഥിരമായി അടച്ചിടുന്നുവെന്നും ചൂണ്ടിക്കാട്ടി ഭാസ്കരൻ മാഷ് പിന്നീട് പാർട്ടി അംഗത്വം പുതുക്കിയില്ല . 1951 ൽ പാർട്ടിയുടെ അപഭ്രംശത്തെപ്പറ്റി ആവി വണ്ടിയെന്ന കവിതയുമെഴുതി അദ്ദേഹം . 

ഡ്രൈവർമാരെ മാറ്റിയത് കൊണ്ട് കാര്യമില്ല . എന്തെന്നാൽ പാളം തന്നെ തകർന്നതാണെന്ന് അദ്ദേഹം അതിലൂടെ ഓർമ്മിപ്പിച്ചു . ഒടുവിൽ താനാ വണ്ടിയിൽ നിന്നിറങ്ങി കാൽ നടയായി പോയെന്ന് കവി പറയുമ്പോൾ അതിൽ നിഴലിക്കുന്നത് സ്വന്തം അനുഭവങ്ങൾ തന്നെയാണ്.

" ജീവിതത്തിന്റെ ശ്യാമ മൈതാനം 
പൂവണിഞ്ഞൊരു സുപ്രഭാതത്തിൽ
കണ്ടു ഞാനെന്റെ കൺകളാൽ , ബന്ധം
വിണ്ടു വിണ്ടു തകർന്നതാം വണ്ടി..


വന്നുവീണിതെൻ കൺകളിൽ , കഷ്ടം
മുന്നിൽ നീളും തകർന്നൊരാപ്പാളം .
മുന്നിലേക്ക് ക്ഷണിക്കുന്ന മട്ടിൽ 
പിന്നിലേക്ക് നയിക്കുന്ന പാളം 

വിണ്ടലത്തിൽ പുതിയ വെളിച്ചം
പൊന്തി നിൽക്കുമാ പൊല്പ്രഭാതത്തിൽ
ഞാനിറങ്ങി നടക്കയാ, യേകൻ
കാൽ നടയായെൻ ദീർഘ പഥത്തിൽ 

( ആവി വണ്ടി - പി ഭാസ്കരൻ )

( മുന്നിലേക്ക് ക്ഷണിക്കുന്ന മട്ടിൽ പിന്നിലേക്ക് നയിക്കുന്ന പാളം . എന്തർത്ഥവത്തായ ദീർഘവീക്ഷണമുള്ള വരികൾ .1951 ലെഴുതിയ കവിതയിലെ വരികൾക്ക് ഇന്ന് കാലം കയ്യൊപ്പ് ചാർത്തുകയും ചെയ്തിരിക്കുന്നു !..) 

പാർട്ടിയോടൊപ്പം നടന്ന സാഹിത്യകാരന്മാർ പോലും പ്രത്യയശാസ്ത്ര ഫാസിസത്തിൽ മനം മടുത്തിറങ്ങിപ്പോയിട്ടുണ്ട് .  സാഹിത്യത്തിൽ അന്ന് ഇതായിരുന്നു അവസ്ഥയെങ്കിൽ പിൽക്കാലത്ത് കേരള രാഷ്ട്രീയത്തിൽ ഈ പ്രത്യയശാസ്ത്രം പുലർത്തിയ ഫാസിസം എല്ലാവർക്കും അറിയാവുന്നതാണ്.

1957 ൽ ആദ്യമായി അധികാരത്തിലേറിയ ശേഷം നടപ്പാക്കിയ സെൽ ഭരണം ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ഇന്ന് കാവിവത്കരണമെന്ന് വ്യാജവാദമുയർത്തുന്നവർ അന്ന് പാഠപുസ്തകങ്ങളിൽ എഴുതിപ്പിടിപ്പിച്ചത് പാർട്ടി വാറോലകൾക്കനുസരിച്ചുള്ള അദ്ധ്യായങ്ങളായിരുന്നു. റഷ്യയേയും ചൈനയേയും സോഷ്യലിസ്റ്റ് പറുദീസകളെന്ന് വിശേഷിപ്പിച്ച് നിരവധി പേജുകൾ മാറ്റിവച്ചപ്പോൾ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിനും ചരിത്രത്തിനും പാഠപുസ്തകങ്ങളിൽ തമസ്കരണം നേരിട്ടു . പ്രത്യയശാസ്ത്ര അധിനിവേശം കേവലം ബൗദ്ധികമായി മാത്രമായിരുന്നില്ല . കായികമായും അത് മുന്നോട്ടു പോയി . രാഷ്ട്രീയ കൊലപാതകങ്ങൾ കൊണ്ട് കേരളത്തെ രക്തരൂക്ഷിതമാക്കി മാറ്റാൻ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു .

സമഗ്രാധിപത്യം നേടിയിടത്തെല്ലാം എഴുത്തുകാരേയും എതിർസ്വരങ്ങളേയും അടിച്ചമർത്തിയ പ്രത്യയശാസ്ത്രത്തിനോട് സഹകരിച്ച് നിന്നവരാണ്  ഇപ്പോൾ പുരസ്കാരങ്ങൾ തിരികെ നൽകുന്നത് . എഴുത്തിനേയും കഴുത്തിനേയും ഒരു പോലെ ആക്രമിച്ച് നിരവധി സാഹിത്യകാരന്മാരെ ഉന്മൂലനം ചെയ്തവരെ ഭിത്തിയിൽ തൂക്കി ആരാധിക്കുന്ന ബൗദ്ധിക കാപട്യമാകട്ടെ ഇന്ന് ഫാസിസത്തിനെതിരെയെന്ന പേരിൽ പ്രചാരവേലകൾ നടത്തുന്നു .

സമകാലിക സംഭവങ്ങളെ പർവ്വതീകരിച്ച് പുലി വരുന്നേ പുലിയെന്ന് വിളിച്ച് കൂവി ഭീതി ജനിപ്പിക്കാൻ ശ്രമിക്കുന്നവർ മറച്ചുപിടിച്ചാലും തെളിയുന്ന ഒരു സത്യമുണ്ട് ..

കേരളത്തിൽ ഫാസിസം വന്നിട്ട് കാലമേറെയായി . അതിന്റെ മുഖംമൂടി പക്ഷേ മാനവികതയായിരുന്നെന്ന് മാത്രം..

അവലംബം:

1. കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി
2. ആത്മകഥ -  പി ഭാസ്കരൻ
3. മനസാസ്മരാമി - എസ് ഗുപ്തൻ നായർ
4.  ഗുപ്തൻ നായരുടെ ലേഖനങ്ങൾ 
5. കാൽ നൂറ്റാണ്ട് - ചെറിയാൻ ഫിലിപ്പ്

( ജനം ടിവി വെബ്ബിൽ എഴുതിയ ലേഖനം )

1 comment:

ajith said...

യോജിപ്പും വിയോജിപ്പുമായീ വായന പൂര്‍ത്തിയാക്കി