Friday, June 26, 2015

മരണത്തെ വെല്ലുവിളിച്ചവരും മാളത്തിലൊളിച്ചവരും

 
അടിയന്തരാവസ്ഥയ്ക്ക് ശേഷം  കേരളത്തിൽ കോൺഗ്രസ്സ് ജയിക്കാൻ കാരണം സി പി എമ്മിന്റെ നിഷ്ക്രിയത്വമായിരുന്നു . മിക്ക നേതാക്കളും ആദ്യം തന്നെ അറസ്റ്റിലായതോടെ , ചോരച്ചാലുകൾ നീന്തിക്കടന്ന പ്രസ്ഥാനം മിസയെപ്പേടിച്ച് മാളത്തിലൊളിക്കുകയാണുണ്ടായത്. ദേശാഭിമാനി നിർത്തിവച്ചാലോ എന്നു പോലും ആലോചനയുണ്ടായിരുന്നു . എന്നാൽ ഇന്ദിരയല്ല ഇന്ത്യയാണ് ചിരം ജീവിയെന്ന് ഉറക്കെ പ്രഖ്യാപിച്ച രാഷ്ട്രീയ സ്വയം സേവക സംഘവും ജനസംഘവും പോരാട്ടത്തിന്റെ ഐതിഹാസികമായ ചരിത്രമാണ് കേരളത്തിൽ രചിച്ചത് .

ജനം ടിവിക്കു വേണ്ടിയെഴുതിയ ലേഖനം

മരണത്തെ വെല്ലുവിളിച്ചവരും മാളത്തിലൊളിച്ചവരും


"ചട്ടം ചട്ടം നാടെല്ലാം 
നാട്ടിലിരുന്നു പൊറുക്കേണ്ട
തുപ്പിപ്പോയാൽ ഡി ഐ ആർ
തുമ്മലു വന്നാൽ മിസയായി
പേനയെടുത്താൽ ജയിലായി
നാവു ചലിച്ചാലടിയായി
നാലാളൊത്താൽ വെടിയായി
സത്യം പറയാൻ ഭാവിച്ചാൽ 
പത്രക്കാർക്ക് വിലക്കായി "
( കുരുക്ഷേത്രം - 4   - 1975 നവംബർ ) 


1975 ജൂൺ 25 ന് അർദ്ധരാത്രി പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങൾ നടന്നിരുന്നു . കേരളത്തിലും സ്ഥിതി ഒട്ടും വ്യത്യസ്തമായിരുന്നില്ല .  എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെല്ലാം പ്രതിപക്ഷത്തിലെ പ്രധാന കക്ഷികൾ മുന്നിട്ടിറങ്ങിയപ്പോൾ കേരളത്തിൽ മറിച്ചായിരുന്നു സ്ഥിതി . 

സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷപാർട്ടിയായ സി പി എമ്മിൽ ആശയക്കുഴപ്പം പ്രകടമായിരുന്നു .  ആദ്യത്തെ അറസ്റ്റിൽ ഒട്ടു മിക്ക നേതാക്കളും മിസയിൽ പെട്ട് ജയിലിലായതോടെ പാർട്ടി ഒന്നു പകച്ചു . അടിയന്തരാവസ്ഥയെ എതിർത്ത് തുടർ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്ന് എ കെ ജി വാദിച്ചപ്പോൾ ഇ എം എസിന് അതിനോട് താത്പര്യമില്ലായിരുന്നു .  തടി രക്ഷിക്കുന്ന രീതിയിലുള്ള പ്രതിഷേധം മതിയെന്നായിരുന്നു ഒടുവിൽ സി പി എം തീരുമാനിച്ചത് . 

അടിയന്തരാവസ്ഥയിൽ ആദ്യം തന്നെ അകത്തായ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി രാഘവന് ലോക്കപ്പിൽ കാര്യമായ മർദ്ദനം ഏൽക്കേണ്ടി വന്നിട്ടുണ്ട് . നിരവധി തവണ സാങ്കൽപ്പിക കസേരയിൽ ഇരിക്കേണ്ടി വന്ന രാഘവൻ ജയിലിൽ നിന്ന് പുറത്തിറങ്ങി ചോദിച്ചത്  ദേശാഭിമാനിക്കാരെല്ലാം ഗവേഷണത്തിലും ഞങ്ങളെല്ലാം അടി കൊണ്ട് ജയിലിലും . ഇതാണോ പാർട്ടി എന്നായിരുന്നു . അക്കാലത്ത് ദേശാഭിമാനി പത്രാധിപരായിരുന്ന പി ഗോവിന്ദപ്പിള്ള ബിർളയുടെ ഫെലോഷിപ്പ് വാങ്ങി മൈസൂറിൽ ഗവേഷണം നടത്തുകയായിരുന്നു . ഇതാണ് രാഘവനെ ചൊടിപ്പിച്ചത്.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം ലോക സംഘർഷ സമിതിയുടെ പ്രവർത്തനം കേരളത്തിൽ ശക്തമാക്കണമെന്ന് നേതാക്കളായ മൊറാർജിയും നാനാജി ദേശ്മുഖും നിർദ്ദേശം നൽകിയിരുന്നു .  പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിയായ സി പി എമ്മിനെ അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ക്ഷണിച്ച ലോക സംഘർഷ സമിതിക്ക് പക്ഷേ നിരാശരാകേണ്ടി വന്നു .

ഇ എം എസിനെ കാണാൻ അനുവാദം ചോദിച്ച ലോകസംഘർഷ സമിതി സംസ്ഥാന സെക്രട്ടറി കെ രാമൻ പിള്ളയ്ക്ക് ഇ എം എസ് ദർശനം നൽകിയില്ല . പകരം വി എസ് അച്യുതാനന്ദനാണ് രാമൻ പിള്ളയെ കണ്ടത് . പോലീസ് അറസ്റ്റ് ചെയ്യാനുദ്ദേശിക്കുന്നവരെ കാണാൻ ഇ എം എസിനു താത്പര്യമില്ലെന്നായിരുന്നു വി എസ് പറഞ്ഞത്. ലോക സംഘർഷ സമിതിയുമായി സഹകരിക്കാൻ സി പി എമ്മില്ലെന്ന്  വി എസ് വ്യക്തമാക്കുകയും ചെയ്തു

സിപിഎമ്മിന്റെ മാത്രമല്ല മറ്റ് ചിലരുടെ സമീപനങ്ങളും വ്യത്യസ്തമായിരുന്നില്ല . ആദ്യ അറസ്റ്റിൽ ജയിലിലായ ബാലകൃഷ്ണപിള്ളയും കെ എം ജോർജ്ജും  പിന്നീട് ഇരുപതിനത്തിനും ഇന്ദിരയ്ക്കും കൂറു പ്രഖ്യാപിച്ച് മന്ത്രിമാരായി.   കോൺഗ്രസിലെ ശങ്കരനാരായണൻ ഇരുട്ടി വെളുത്തപ്പോൾ ഇന്ദിര കോൺഗ്രസിലേക്ക് കാലുമാറി .  സോഷ്യലിസ്റ്റായിരുന്ന സി ജി ജനാർദ്ദനൻ പിന്നീട് ഇന്ദിര കോൺഗ്രസുമായി സഹകരിച്ചു പോകാൻ തീരുമാനിച്ചു . എം പി വീരേന്ദ്രകുമാർ തമിഴ്നാട്ടിൽ പോയി ഒളിച്ചു കഴിഞ്ഞു .അടിയന്തരാവസ്ഥയ്ക്കെതിരെ വലിയ വായിൽ സംസാരിച്ചെങ്കിലും സോഷ്യലിസ്റ്റുകളോ സംഘടനാ കോൺഗ്രസുകാരോ സത്യാഗ്രഹവുമായി സഹകരിച്ചില്ല. സി പി ഐയാകട്ടെ നാണംകെട്ട ഇന്ദിരാദാസ്യത്തിലായിരുന്നു താനും .

അടിയന്തരാവസ്ഥയെപ്പേടിച്ച് മാളത്തിലൊളിച്ചവരിൽ കേരളത്തിലെ പ്രമുഖ പത്രങ്ങളുമുണ്ടായിരുന്നു . മലയാളത്തിന്റെ സുപ്രഭാതവും മുത്തശ്ശിപ്പത്രവുമെല്ലാം അടിയന്തരാവസ്ഥയുടെ ഗുണഗണങ്ങൾ വാഴ്ത്തുന്ന തിരക്കിലായിരുന്നു .  ബുദ്ധിജീവികളാകട്ടെ തടി രക്ഷിക്കാൻ ഇന്ദിരയുടെ സഹസ്രനാമങ്ങൾ എഴുതി തൂലികയെപ്പോലും നാണിപ്പിച്ചു. എഴുത്തോ നിന്റെ കഴുത്തോ എന്നു തുടങ്ങുന്ന ചെറുകുറിപ്പെഴുതി എം ഗോവിന്ദൻ വ്യത്യസ്തനായി . ഒ വി വിജയനും ആനന്ദും എം പി നാരായണ പിള്ളയും എം സുകുമാരനും കാക്കനാടനുമുൾപ്പെടെയുള്ളവർ സെൻസറിന്റെ കണ്ണുവെട്ടിച്ച് പ്രതീകാത്മകമായി എതിർപ്പുയർത്തി . എന്നാൽ ഇന്ത്യൻ ജനത കൈക്കൊണ്ട ധീരവ്രതമാണ് അടിയന്തരാവസ്ഥയെന്ന് സുകുമാർ അഴീക്കോട് വീക്ഷണം പത്രത്തിലെഴുതി അടിയന്തരാവസ്ഥയ്ക്ക് കൂറ് പ്രഖ്യാപിച്ചു.

എന്നാൽ സത്യഗ്രഹ സമരവുമായി മുന്നോട്ടു പോകാൻ തന്നെ ജനസംഘവും ആർ എസ് എസും തീരുമാനിച്ചു . സംഘടനാ കോൺഗ്രസുകാരുടേയും സർവോദയ നേതാക്കളുടേയും നാമ മാത്രമായ പിന്തുണയുമുണ്ടായിരുന്നു.  1975 നവംബർ 14 ന് എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും സത്യഗ്രഹങ്ങൾ നടന്നു .  കഠിനമായ മർദ്ദനമുറകളാണ് കരുണാകരന്റെ പോലീസ് സത്യാഗ്രഹികൾക്ക് നേരേ പ്രയോഗിച്ചത് . കണ്ണൂരിലും കോഴിക്കോട്ടും ആലപ്പുഴയിലുമൊക്കെ നരനായാട്ട് തന്നെ നടന്നു .

ഇന്ദിരയുടെ ഇരുപതിന പരിപാടികളെ അനുസ്മരിപ്പിക്കുന്ന വിധം ഇരുപതിന മർദ്ദന മുറകളാണ് സത്യഗ്രഹികൾക്കെതിരെ പ്രയോഗിച്ചത് . ഉരുട്ടൽ , കാവടി കെട്ട് , പട്ടിപ്പൂട്ട് , ഫാൻ കറക്കൽ തുടങ്ങി മൃഗീയമായ മർദ്ദനങ്ങളാണ് പോലീസ് നടത്തിയത് . പക്ഷേ ഒരിടത്തു പോലും സത്യഗ്രഹം അക്രമാസക്തമായില്ല .  അഹിംസാ വാദികൾ പ്രഖ്യാപിച്ച സഹന സമരങ്ങൾ പോലും അക്രമാസക്തമായിട്ടുള്ളപ്പോൾ ആർ എസ് എസിന്റെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ പദ്ധതിയനുസരിച്ച് തന്നെ നീങ്ങിയത് എല്ലാവരേയും അത്ഭുതപ്പെടുത്തി .

ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്ന യു ദത്താത്രേയ റാവുവിനെ അതിക്രൂരമായാണ് മർദ്ദിച്ചത് . ആലപ്പുഴ ജില്ലാ പ്രചാരകായിരുന്ന വൈക്കം ഗോപകുമാർ പോലീസ് മർദ്ദനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് . കുരുക്ഷേത്ര വിതരണം ചെയ്തതിന് കോട്ടയത്തെ അനിയൻ കുഞ്ഞിന്റെ ചെവിയിൽ കാക്കത്തൂവലിന്റെ കൂർത്ത ഭാഗം ഇടിച്ചു കയറ്റി  . അദ്ദേഹത്തിന് കേൾവി ശക്തി നിശേഷം നഷ്ടപ്പെട്ടു . മറ്റൊരു മർദ്ദന മുറയായ ക്ലിപ്പിടൽ പ്രയോഗിച്ചതിനെത്തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കകം അദ്ദേഹത്തിന്റെ മുപ്പത്തിരണ്ട് പല്ലുകളും നഷ്ടപ്പെട്ടു.

കാസർകോട്ടെ പൈവെളിക്ക ഗ്രാമത്തിൽ പൊലീസ് നടത്തിയ കൊള്ളകൾ സമാനതകളില്ലാത്തതായിരുന്നു . അടിയന്തരാവസ്ഥയ്ക്ക് എറ്റവും കൂടുതൽ സത്യഗഹികളെ നൽകിയ സ്ഥലം കാസർഗോഡായിരുന്നതാണ് കാരണം.  സത്യഗ്രഹത്തിൽ പങ്കെടുത്ത സ്ത്രീകളെ കണ്ണിൽ ചോരയില്ലാതെ മർദ്ദിച്ചു . പേരിനു പോലും വനിത പോലീസുകാരില്ലായിരുന്നു .എന്നിട്ടും രണ്ട് പ്രാവശ്യം സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച സ്ത്രീകളുണ്ട് .

അമ്പലവയലിലെ ആർ എസ് എസ് മണ്ഡൽ കാര്യവാഹായിരുന്ന ബാലകൃഷ്ണനെയും സംഘത്തെയും സത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച് രാത്രി തമിഴ്നാടതിർത്തിയിലെ വനത്തിൽ ഇറക്കിവിട്ടു . പോലീസ് കാട്ടാളർ കാട്ടാത്ത ദയ കാട്ടാനകൾ കാണിച്ചതു കൊണ്ട് മാത്രം അവർ രക്ഷപ്പെട്ടു . ഇങ്ങനെ നിരവധി ആർ എസ് എസ് ജനസംഘം പ്രവർത്തകർ അതിക്രൂരമായ പോലീസ് മർദ്ദനങ്ങൾ അനുഭവിച്ചു .  അതു മുഴുവൻ പറയണമെങ്കിൽ ഒരു പുസ്തകം തന്നെയെഴുതേണ്ടി വരുമെന്നതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല . സമര പോരാളികൾ ക്ഷമിക്കട്ടെ.

ഇത്രയും ക്രൂരതകൾ നടമാടിയിട്ടും നിശ്ചയിച്ച രണ്ടു മാസവും സത്യഗ്രഹം നടന്നു . രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളിൽ കുരുത്തവർ അടിയന്തരാവസ്ഥയുടെ കരാളതയെ പുഞ്ചിരിയോടെ നേരിട്ടു . സെൻസർഷിപ്പിനെ തോൽപ്പിച്ച് നാടെങ്ങും  ലോകസംഘർഷ സമിതിയുടെ പ്രസിദ്ധീകരണമായ കുരുക്ഷേത്രമെത്തി . രഹസ്യപോലീസ് തലകുത്തി നിന്നിട്ടും കുരുക്ഷേത്രമടിക്കുന്ന പ്രസ് കണ്ടുപിടിച്ചില്ല .  സത്യത്തിൽ അങ്ങനെയൊരു പ്രസില്ലായിരുന്നു  .

എഴുതുന്നതൊരിടത്ത് ,സമാഹരിക്കുന്നതൊരിടത്ത് , അച്ചടിക്കുന്നത് മറ്റൊരിടത്ത് ,  അച്ചടിക്കാൻ കൊടുക്കുന്നതൊരാൾ , വാങ്ങുന്നത് മറ്റൊരാൾ , പ്രചാരണം വേറൊരാൾ, ആർ എസ് എസിന്റെ സംഘടനായന്ത്രം എണ്ണയിട്ടതു പോലെ പ്രവർത്തിച്ചപ്പോൾ കുരുക്ഷേത്രത്തിന്റെ ലക്കങ്ങൾ എല്ലാ മാസവും പുറത്തിറങ്ങി .സർക്കുലേഷൻ അൻപതിനായിരം കടന്നു . കുരുക്ഷേത്രത്തെ പത്തു ദിവസത്തിനുള്ളിൽ പൂട്ടിക്കെട്ടുമെന്ന് പ്രഖ്യാപിച്ച പോലീസ് ഏമാന്റെ ജീപ്പിൽ പോലും കുരുക്ഷേത്രമെത്തി എന്നുള്ളതാണ് സത്യം . കുരുക്ഷേത്രത്തിനു മുൻപ് ജനസന്ദേശവും പ്രവർത്തകർക്കുള്ള നിർദ്ദേശങ്ങളായി സുദർശനവും പലപ്രതികളിറങ്ങിയിട്ടുണ്ട് .എ കെ ജിയുടെ പാർലമെന്റിലെ പ്രസംഗം വന്നത് ദേശാഭിമാനിയിലല്ല. കുരുക്ഷേത്രത്തിലായിരുന്നു . മാർക്സിസ്റ്റുകാർ കുരുക്ഷേത്രം തേടിപ്പിടിച്ചാണ് വായിച്ചിരുന്നത് .

എന്നാൽ അടിയന്തരാവസ്ഥയുടെ ഓരോ വാർഷികത്തിലും ചാനലുകളും മാദ്ധ്യമങ്ങളും ഓടുന്നത് മറ്റ് പലരേയും കാണാനാണ് . പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർ പ്രസിദ്ധീ പരാങ്മുഖരായി സ്വയമൊതുങ്ങുമ്പോൾ ഒന്നും ചെയ്യാത്തവർ വീരനായകരാകുന്നു . അടിയന്തരാവസ്ഥയിലെ കഷ്ടപ്പാടുകളെപ്പറ്റി ഗദ്ഗദ കണ്ഠരായി ഗീർവാണം വിടുന്നു . യഥാർത്ഥ പോരാളികളാരെന്ന്  ഈ നാല്പതാം വർഷമെങ്കിലും ജനങ്ങൾ അറിയേണ്ടത് അത്യാവശ്യമാണ് .  ചരിത്രത്തോട് അത്രയെങ്കിലും നീതി നാം പുലർത്തേണ്ടല്ലേ ?

എന്തെങ്കിലുമൊരു ശ്രേഷ്ഠമായ ആദർശത്തിന്റെ പ്രേരണയില്ലെങ്കിൽ സമര പോരാട്ടങ്ങളുടെ തീച്ചൂളയിൽ ഇത്തരമൊരു പ്രവർത്തനം നടത്താൻ ആർ എസ് എസിനു കഴിയുമായിരുന്നില്ലെന്ന് എ കെ ജി അഭിപ്രായപ്പെട്ടു. ജനാധിപത്യം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്ന ലോകത്തെ ഒരേയൊരു ഇടതുപക്ഷേതര വിപ്ലവ പ്രസ്ഥാനമാണ് ആർ എസ് എസെന്ന് ലണ്ടനിലെ എക്കണോമിസ്റ്റ് വാരിക എഴുതി. ആർ എസ് എസ് ഫാസിസ്റ്റാണെങ്കിൽ താനും ഫാസിസ്റ്റാണെന്ന് ജയപ്രകാശ് നാരായണൻ പ്രഖ്യാപിച്ചു . 

അകത്തും പുറത്തും സമ്മർദ്ദം ശക്തമായതോടെ അടിയന്തരാവസ്ഥ പിൻവലിച്ച് തെരഞ്ഞെടുപ്പ് നടത്താൻ ഇന്ദിര നിർബന്ധിതയായി . ജനാധിപത്യം പുനസ്ഥാപിക്കാൻ സമരരംഗത്തിറങ്ങിയവരുടെ ത്യാഗങ്ങൾക്ക് ഒടുവിൽ ഫലമുണ്ടായി. ഭാരതത്തിലെമ്പാടും കോൺഗ്രസ് വിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോൾ കേരളത്തിൽ വിപരീത ഫലമാണുണ്ടായത്.

കേരളത്തിൽ കോൺഗ്രസ്സ് ജയിക്കാൻ കാരണം സി പി എമ്മിന്റെ നിഷ്ക്രിയത്വമായിരുന്നു . മിക്ക നേതാക്കളും ആദ്യം തന്നെ അറസ്റ്റിലായതോടെ , ചോരച്ചാലുകൾ നീന്തിക്കടന്ന പ്രസ്ഥാനം മിസയെപ്പേടിച്ച് മാളത്തിലൊളിക്കുകയാണുണ്ടായത്. ദേശാഭിമാനി നിർത്തിവച്ചാലോ എന്നു പോലും ആലോചനയുണ്ടായിരുന്നു . എന്നാൽ ഇന്ദിരയല്ല ഇന്ത്യയാണ് ചിരം ജീവിയെന്ന് ഉറക്കെ പ്രഖ്യാപിച്ച രാഷ്ട്രീയ സ്വയം സേവക സംഘവും ജനസംഘവും പോരാട്ടത്തിന്റെ ഐതിഹാസികമായ ചരിത്രമാണ് കേരളത്തിൽ രചിച്ചത് . 

ഏകാധിപത്യത്തിന്റെ കൊടുങ്കാറ്റിനിടയിലും സ്വാതന്ത്ര്യ ദീപത്തിന്റെ ചെറുനാളം അണയാതെ സൂക്ഷിച്ച സമര പോരാളികൾക്ക് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ നാൽപ്പത് വർഷങ്ങൾ പൂർത്തിയാകുന്ന ഈ വേളയിൽ അഭിവാദ്യങ്ങളർപ്പിക്കുന്നു...


അവലംബം : 

മരണത്തെ വെല്ലുവിളിച്ചവർ - കുരുക്ഷേത്ര പ്രകാശൻ
ഒളിവിലെ തെളിനാളങ്ങൾ - കുരുക്ഷേത്ര പ്രകാശൻ
അടിയന്തരാവസ്ഥയുടെ അന്തർധാരകൾ - കെ രാമൻ പിള്ള
ഒരു ജന്മം - എം വി രാഘവൻ
കുരുക്ഷേത്ര വിവിധ ലക്കങ്ങൾ

No comments: